Sunday, December 27, 2009

എവിടെയാണെടോ നിങ്ങൾ?

എവിടെയാണെടോ നിങ്ങൾ?

എവിടേ വലതുപക്ഷ ബ്ലോഗർമാരും, ഇടതുപക്ഷത്തെ ആദർശസുന്ദരന്മാർ എന്ന് നടിച്ച് അന്ധമായ മർക്സിസ്റ്റു വിരോധം എഴുതുന്നവരുമായ കില്ലാടി ബ്ലോഗർമാർ? അർത്ഥഗർഭമായ മൌനമാണല്ലോ! നമ്മൾ ഇവിടെയൊക്കെത്തന്നെ കാണും. സമാനമായ സാഹചര്യങ്ങളിലൊക്കെ ഈ മൌനം തന്നെ സൂക്ഷിയ്ക്കണം. ലോകത്തിലെ ഏറ്റവും മോശം പർട്ടി സി.പി.എമ്മും, ലോകത്തിലെ ഏറ്റവും മോശപ്പെട്ട നേതാക്കൾ സി.പി.എം നേതാക്കളും ആണെന്ന മട്ടിൽ ഉറഞ്ഞു തുള്ളുന്ന നിങ്ങൾക്കെന്തേ കണ്ണിൽ തിമിരം ബധിച്ചുവോ?

ദാ ഇവിടെ ചെന്ന് വായിച്ച് പ്രതികരിയ്ക്ക്

Friday, December 25, 2009

ആന്ധ്രയില്‍ നിന്നൊരു അനാശാസ്യ കവിത

ആന്ധ്രയില്‍ നിന്നൊരു അനാശാസ്യ കവിത

പുതിയ അനാശാസ്യ വാർത്ത. ആന്ധ്രാ പ്രദേശിൽനിന്ന്! ആളാരാണെന്നു പറയുന്നില്ല. ആളു സീനിയറാ! ഈ പ്രായത്തിൽ ഒരേസമയം മൂന്നു പേരായിരുന്നെങ്കിൽ ആയകാലത്ത് എങ്ങനെ ആയിരുന്നിരിയ്ക്കണം. എന്റമ്മോ!

ഗവർണ്ണറാകാൻ ഇനി മുൻപത്തേക്കാൾ വലിയ തള്ളായിരിയ്ക്കും, മുതിർന്ന നേതാക്കൾക്ക്!

അല്ല ഇതൊക്കെ പണ്ടെ എല്ലാവർക്കും അറിയാവുന്നതാ. ഓരോന്നു ഇതുമാതിരി പുറത്തുവരുമ്പോഴേ പാവം സാമാന്യ ജനം അറിയൂ.

ഇന്നാള് കേരളത്തിൽ നടന്നതൊക്കെ എത്രയോ നിസാരം. ഇപ്പോൾ മനസിലായില്ലേ? അന്ന് തിനെ ന്യായീകരിച്ച് കപട സദാചാരസങ്കല്പങ്ങൾക്കെതിരെ വാളോങ്ങിയവർ ഉണ്ടല്ലോ; ഒരുപാടുപേർ. ഈയുള്ളവൻപോലും. അതെ, കപട സദാചാരം നമുക്കു തിരുത്തിയേ പറ്റൂ. ഇല്ലെങ്കിൽ മൂപ്പിലാന്മാർ തിരുത്തി മാതൃക കാണിച്ചു തരും.

സി.പി.എം നേതാക്കൾക്കെതിരെ നട്ടാൽ കുരുക്കാത്ത ദുരാരോപണങ്ങൾ ഉന്നയിക്കുന്നതിൽ ഊറ്റം കൊള്ളുന്നവരൊക്കെ ഇറങ്ങിവന്ന് അപ്പൂപ്പൻ നേതാവിനെ പ്രതിരോധിയ്ക്കൂ. രക്ഷിക്കൂ!

എന്തായാലും വാർത്ത ഇപ്പോൾ അറിഞ്ഞതേയുള്ളൂ. വിശദമായി കാര്യങ്ങൾ അറിഞ്ഞതിനു ശേഷം കൂടുതൽ പ്രതികരണാങ്ങളിലേയ്ക്ക്.

Wednesday, December 23, 2009

മദനിയ്ക്ക് തീവ്രവാദി എന്ന നിലയ്ക്കല്ലാതെ ജീവിയ്ക്കാൻ അവകാശമില്ലേ?

മദനിയ്ക്ക് തീവ്രവാദി എന്ന നിലയ്ക്കല്ലാതെ ജീവിയ്ക്കാൻ അവകാശമില്ലേ?

സൂഫിയയ്ക്കു ഉപാധികളോടെ ജാമ്യം. അതിൽ പലർക്കുമുണ്ട് നീരസം. നിയമത്തിന്റെ പരിരക്ഷ സൂഫിയ എന്ന മുസ്ലീം സ്ത്രീയ്ക്കു മാത്രമായി നിഷേധിയ്ക്കണമെന്ന നിഗൂഢമായ ആഗ്രഹം പലരുടെയും വാക്കുകൾക്കിടയിലൂടെ വായിച്ചെടുക്കാം. നിരവധി കൊടും ഭീകര കേസുകൾ നിലവിലിരിയ്ക്കെ അക്കൂട്ടത്തിൽ താരതമ്യേന ചെറുതെന്നു വേണമെങ്കിൽ വാദത്തിനു സമ്മതിയ്ക്കാവുന്ന ഒരു ബസു കത്തിയ്ക്കൽ കേസിൽ പത്താം പ്രതി മാത്രമാണ് സൂഫിയ. അതും ഗൂഢാലോചന കേസാണ് ചാർജു ചെയ്തിരിയ്ക്കുന്നത്. ഇതിലും പ്രമാദമായ പല കേസുകളിലും ബന്ധപ്പെട്ട പ്രതികൾക്ക് ജാമ്യം ലഭിക്കാറുണ്ടെന്നിരിയ്ക്കെ ഈ കേസിൽ സൂഫിയാ മദനിയ്ക്ക് ജാമ്യം ലഭിച്ചതിൽ എന്തെങ്കിലും ഒരു അസ്വാഭാവികതയുണ്ടെന്നു തോന്നുന്നില്ല. ഏതൊരു കേസിലും നിയമത്തിന്റേതായ വഴികളുണ്ട്. നിയമത്തിന്റെ ഈ വഴിയിൽ ഏതൊരു കേസിലും നിരപരാധിത്വം തെളിയിച്ച് ശിക്ഷയിൽ നിന്നു രക്ഷപ്പെടാൻ ഏതൊരു പ്രതിയും തങ്ങളെക്കൊണ്ടാകുന്നതു ചെയ്യാൻ ശ്രമിയ്ക്കും. അത് ഒരു പ്രതിയുടെ അവകാശമാണ്. കേസിൽ വിധി പറയേണ്ടത് നീതി പീഠമാണ്. ഓരോരുത്തരും അവരവർ ആഗ്രഹിയ്ക്കുന്ന രീതിയിൽ കേസും വിധികളും മുന്നോട്ടു പോകണമെന്നു വിചാരിയ്ക്കുന്നത് നീതി ബോധത്തിനു നിരക്കുന്നതല്ല. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിയ്ക്കപ്പെടരുതെന്ന ചൊല്ല് എല്ലാവരും ഓർക്കേണ്ടതാണ്.

ഇപ്പോൾ മാനസാന്തരമുണ്ടായി എന്നുള്ളതുകൊണ്ടും നിലപാടുകളും മാർഗ്ഗവും തിരുത്തിയെന്നതുകൊണ്ടും അതിനു മുൻപ് നടന്നിട്ടുള്ള കേസുകൾ വിചാരണ ചെയ്യപ്പെടരുതെന്നോ ബന്ധപ്പെട്ട കേസുകളിലെ പ്രതികൾ ശിക്ഷിയ്ക്കപ്പെടരുതെന്നോ ഇല്ല. അത് മദനിയായാലും സൂഫിയ ആയാലും മറ്റാരായാലും. പക്ഷെ മുൻ വിധികളോടെ കേസുകളെ കാണുന്നത് ഉചിതമല്ല. കുറ്റം തെളിയിക്കപ്പെട്ടാലേ ഒരാൾക്കു ശിക്ഷനൽകാൻ കഴിയൂ, അഥവാ അങ്ങനെയേ സംഭവിയ്ക്കാവൂ. എന്തായാലും ഇപ്പോൾ ഈ സൂഫിയാ കേസ് ഉൾപ്പെടെ ഭീകര വിരുദ്ധ കേസുകളിൽ എന്തൊക്കെയോ ദുരൂഹതകൾ ഉള്ളതായ തോന്നൽ ഉണ്ടാകുന്നുണ്ട്. ഈ വിവാദങ്ങൾക്കും ദുരൂഹതകൾക്കും ഇടയിൽ യഥാർത്ഥ ഭീകരവാദികൾ പലരുംരക്ഷപ്പെട്ടു പോകുമോ എന്നും സംശയിക്കേണ്ടിയിരിയ്ക്കുന്നു. കേസിനു പിന്നിൽ ദുരൂഹതകൾ ഉണ്ടെന്ന ആരോപണം മദനി പറയുന്നതുകൊണ്ടു മാത്രം തള്ളിക്കളയാൻ സാധിയ്ക്കുമോ? എന്തൊക്കെയോ അവ്യക്തതകൾ നിലനിൽക്കുന്നില്ലേ? യഥാർത്ഥ സത്യങ്ങൾ എന്നെങ്കിലും പുറത്തു വരുമെന്ന പ്രതീക്ഷയുമായി നമുക്കു കാത്തിരിയ്ക്കാം.

ജയിൽ മോചിതനായ അബ്ദുൽ നാസർ മദനി തന്റെ മുൻ നിലപാടുകളെ തള്ളിപ്പറയുകയും ആ നിലപാടുകളിൽ ഊന്നി നിന്ന് നടത്തിയ പ്രവർത്തികളിൽ പച്ഛാത്തപിയ്ക്കുകയും ചെയ്ത ആളാണ്. മദനിയിൽ കാലം വരുത്തിയ മാറ്റത്തെ അവിശ്വസിയ്ക്കേണ്ട കാര്യം എന്താണ്? മദനിയോടും അദ്ദേഹത്തിന്റെ പാർട്ടിയോടും ഇപ്പോഴും ചിലർ പുലർത്തുന്ന സമീപനവും അഭിപ്രായങ്ങളും നിരീക്ഷിയ്ക്കുമ്പോൾ മനസിലാകുന്നത് മദനി എന്ന മനുഷ്യനിൽ നന്മകൾ ഉണ്ടാകാതിരിയ്ക്കേണ്ടത് ആരുടെയോ ആവശ്യമാണെന്നാണ്. മറ്റു രാഷ്ട്രീയ നേതാക്കളിൽനിന്നും മദനിയ്ക്കുള്ള വ്യത്യാസം അദ്ദേഹം ഒരു മത പണ്ഡിതൻ കൂടുയാണ് എന്നതാണ്. ഒരു മതപണ്ഡിതൻ എന്ന നിലയിലുള്ള പ്രവർത്തനങ്ങളുടെ വഴിയിലൂടെ തന്നെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ എത്തിപ്പെട്ടതും. സ്വാഭാവികമായും മദനിയുടെ പാർട്ടി ഒരു മുസ്ലീം മതകക്ഷി എന്ന നിലയ്ക്കുള്ളതല്ലെങ്കിലും അദ്ദേഹത്തിന്റെ അനുയായികളിൽ കൂടുതലും മുസ്ലിം സമുദായത്തി പെട്ടവരാണ്. മദനി ഒരു മതപണ്ഡിതൻ കൂടിയായതിനാൽ രാഷ്ട്രീയമായി പി.ഡി.പി ക്കാരല്ലാത്ത നല്ലൊരു വിഭാഗംമുസ്ലിങ്ങൾക്കും മദനിയോട് സ്നേഹബഹുമാനങ്ങൾ പണ്ടത്തെ പോലെ ഇപ്പോഴുമുണ്ട്. മദനിയുടെ ആഹ്വാനങ്ങൾ ചെവിക്കൊള്ളുന്നവർ പി.ഡി.പിക്കാരായ മുസ്ലീങ്ങൾ മാത്രമല്ല. അല്ലാത്തവരും അദ്ദേഹത്തിന്റെ വാക്കുകൾക്ക് വിലകല്പിച്ചെന്നിരിയ്ക്കാം. അതൊക്കെ മനസിലാക്കിയിട്ടു തന്നെയാണ് ഒരു വിഭാഗം ആളുകൾ മദനിയെ നല്ലൊരു ഇമേജിൽ കാണുവാൻ ആഗ്രഹിയ്ക്കാത്തത്.

അബ്ദുൽ നാസർ മദനി വെറുക്കപ്പെടുന്നവനും രാജ്യദ്രോഹിയുമായി എന്നും ജീവിച്ചു കൊള്ളണമെന്ന് ശാഠ്യം പിടിക്കുന്നവരുടെ മൻസിലിരിപ്പ് പലതാണ്. അതിൽ പ്രധാനം മദനിയെ പോലുള്ളവർ തീവ്രവാദവും ഭീകരപ്രവർത്തനങ്ങളും നടത്തിയാലെ ഒരു സമുദായത്തെ മൊത്തമായും ഭീകരവാദികളായും രാജ്യദ്രോഹികളായും ചിത്രീകരിയ്ക്കാൻ കഴിയൂ. അതിനു ചില മതേതര കക്ഷികളും സഹായിക്കുന്നു എന്നത് കൂടുതൽ ദൌർഭാഗ്യകരം തന്നെ. എന്നാൽ ഇനി മദനിയെ അതിനൊന്നും കിട്ടില്ലെന്ന് ജയിൽ മോചിതനായ മദനിയുടെ ഓരോ വാക്കിൽനിന്നും പ്രവൃത്തിയിൽനിന്നും ആർക്കും മനസിലാക്കാവുന്നതാണ്. അതില്പിന്നെ ഇതുവരെ അതിനു വിരുദ്ധമായ ഒരു സമീപനം പ്രകടമാകുന്ന അഭിപ്രായങ്ങളോ പ്രവൃത്തനങ്ങളോ മദനിയുടെയോ പി.ഡി.പിയുടെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പക്ഷെ മദനിയെയും പി.ഡി.പിയെയും സമാധാനത്തിലും മതേതത്വത്തിലും അധിഷ്ഠിതമായി ജീവിയ്ക്കാൻ അനുവദിയ്ക്കില്ലെന്നുവച്ചാലോ? എന്തു കൊണ്ട് മദനിയുടെ വാക്കുകൾ വിശ്വാസത്തിലെടുത്തു കൂട? കാത്തിരുന്നു കാണാൻ എന്തുകൊണ്ട് അല്പം ക്ഷമ കാണിച്ചുകൂട?

എന്താ, തീഷ്ണമായ അനുഭവങ്ങളിൽ നിന്നും സ്ഫുടം ചെയ്തെടുക്കപ്പെട്ട അബ്ദുൽ നാസർ മദനി എന്ന മനുഷ്യൻ ഈ ഇന്ത്യാ മഹാരാജ്യത്ത് ഒരു മതമൌലികവാദിയും തീവ്രവാദിയും എന്ന നിലയ്ക്കല്ലാതെ ജീവിയ്ക്കുവാൻ അവകാശമില്ലെന്നുണ്ടോ? ഒരു തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനെയും ഇടതുമുന്നണിയെയും പിന്തുണച്ചതിലുള്ള നീരസം മനസ്സിൽ വച്ച് മാനസാന്തരപ്പെട്ട ഒരു മനുഷ്യനെ ഇമ്മാതിരി ആവർത്തിച്ചു പീഡിപ്പിച്ചു പീഡിപ്പിച്ച് വീണ്ടുമൊരു തീവ്രവാദിയാക്കുമോ? കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ മദനിയും പി.ഡി.പിയും യു.ഡി.എഫിനെ പിന്തുണച്ചിരുന്നെങ്കിൽ മദനിയും തന്റെ പാർട്ടിയും ഇത്തരത്തിൽ വേട്ടയാടപ്പെടുമായിരുന്നോ? എന്തിന് ബി.ജെ.പികാർ പോലും ഇത്രയ്ക്ക് ശത്രുതാപരമായ ഒരു നിലപാട്‌ മദനിയോടും സൂഫിയയോടും പി.ഡി.പിയോടും സ്വീകരിയ്ക്കുമായിരുന്നോ? മദനി തീവ്രവാദി ആയിത്തന്നെ ജീവിച്ചുകൊള്ളണമെന്നത് ആരുടെ ദുശാഠ്യമാണ്? അത് ആരുടെ, ആരുടെയൊക്കെ ആവശ്യമാണ്? അതിനുള്ള ഉത്തരങ്ങൾ ഇതിനകം വ്യക്തമല്ലേ? കണ്ണടച്ചിരുട്ടാക്കുന്നവർക്ക് അതൊന്നും വ്യക്തമാകില്ല!

ചിതകാരന്റെ പോസ്റ്റിൽ ഇട്ട കമന്റ്

ചിതകാരന്റെ പോസ്റ്റിൽ ഇട്ട കമന്റ്.

ചിത്രകാരന്റെ ബ്ലോഗ്പോസ്റ്റ് ഇവിടെ

"പക്ഷേ, നമുക്ക് ഇതിലെ മനുഷ്യത്വ വിരുദ്ധതയാണു ചിന്താവിഷയം.ഒരു സ്ത്രീയും പുരുഷനും സ്നേഹിക്കുന്നതും,കാണുന്നതും,സംസാരിക്കുന്നതും,ഒരു വാഹനത്തില്‍ സഞ്ചരിക്കുന്നതും,ഒരു വീട്ടിലോ ലോഡ്ജിലോ താമസിക്കുന്നതും അവര്‍ക്ക് എതിര്‍പ്പില്ലാത്ത കാലത്തോളം അവരുടെ വ്യക്തിപരമായ സ്വകാര്യതയുടേയും സ്വാതന്ത്ര്യത്തിന്റേയും പരിപാവനമായ ഇടമാണ്". (ചിത്രകാരന്റെ പോസ്റ്റിൽനിന്ന്‌)

ഒക്കെ ശരിതന്നെ ചിത്രകാരാ, പക്ഷെ ഇതിയാൻ ഇങ്ങനെ ഒരബദ്ധത്തിൽ ചെന്നു ചാടിയതു തന്നെ സി.പി.എമ്മുകാരുടേ കുഴപ്പമാണെന്നു തോന്നും ചിലരുടെ പോസ്റ്റുകളും കമന്റുകളും കണ്ടാൽ. പെണ്ണുപിടി കേന്ദ്രങ്ങൾ നാട്ടുകാർ വളയുന്നത് നാട്ടു നടപ്പാണ്. അതിപ്പോൾ സി.പി.എമ്മുകാരായാലും പി.ഡി.പി കാരായാലും കോൺഗ്രസ്സുകാരായാലും. ആദ്യം കോൺഗ്രസ്സുകാരാണ് അവിടെ വീടു വളഞ്ഞതെന്നാണ് ഇപ്പോൾ അറിയുന്നത്. ആളെ കണ്ടപ്പോൾ ചുവടു മാറ്റിയത്രേ.

അവിടെ ഇങ്ങനെ ഒരു സംഭവം നടക്കുന്നത് പോളിറ്റ് ബ്യൂറോ അറിഞ്ഞ് താത്വിക വിശകലനം നടത്തിയിട്ടൊന്നുമല്ല വളഞ്ഞു പിടിച്ചത്. സാധാരണക്കാരായ നാട്ടുകാരാണ്. അല്ലെങ്കിൽ സദാചാര കാര്യത്തിൽ കാപട്യം പുലർത്താത്ത ഒരു ലൈൻ സ്വീകരിച്ചിട്ട് വെറുതെ വിടാൻ പി.ബി പറഞ്ഞേനെ. പറ്റി പോയില്ലേ?

ഇനിയെങ്കിലും രാഷ്ട്രീയ എതിരാളികൾ പെണ്ണു പിടിയ്ക്കാൻ പോകുമ്പോൾ പി.ബിയോടു പറയണം. അപ്പോൾ ചിത്രകാരൻ ഉദ്ദേശിയ്ക്കുന്നതുപോലെ ഇഷ്ടത്തോടെയുള്ള ലൈംഗിക സ്വാതന്ത്ര്യത്തിന്റെ പേരിൽ സി.പി.എം കാരെ പാർട്ടി പി.ബി പിന്തിരിപ്പിയ്ക്കും. പക്ഷെ എന്നാലും തീരില്ലല്ലോ! കോൺഗ്രസ്സും, ബി.ജെ.പിയും, ലീഗും ഒത്തിരിയൊത്തിരി പാർട്ടിക്കാരില്ലേ? എല്ലാവരും സദചാരത്തിൽ ഇംഗ്ലണ്ടിസം പുലർത്തിയാലല്ലേ എത്തി നോക്കാൻ പോകാതിരിയ്ക്കൂ.

ചിത്രകാരൻ പുലർത്തിയ പോലെ ഒരു നിലപാടിലൊക്കെ ആയിരുന്നു മനോമനനും. പക്ഷെ ഇക്കാര്യത്തിൽ പോലും സി.പി.എമ്മിനെ തെരഞ്ഞുപിടിച്ച് ആക്രമിയ്ക്കുമ്പോൾ മിണ്ടാതിരിയ്ക്കുന്നതെങ്ങനെ? ഇനി പരസ്ത്രീ ഗമനം എന്നത് എല്ലാ രാഷ്ട്രീയക്കാർക്കും അവശ്യം വേണ്ട ഒരു യോഗ്യതയാണെന്നുകൂടി പറയാതിരുന്നാൽ നന്ന്‌.

ഒരുപാടു കേസുകളിൽ രാഷ്ട്രീയം മറന്ന് ഇത്തരം വിഷയങ്ങളിൽ പലരെയും രക്ഷിച്ച അനുഭവം എല്ലാ പാർട്ടികൾക്കും ഉണ്ട്. സി.പി.എമ്മിനും ഉണ്ട്. കാരണം പാർട്ടിക്കാരിൽ ആരെങ്കിലും ഒക്കെ കാണിയ്ക്കുന്ന അരുതായ്മകൾ പ്രസ്ഥാനത്തെ മൊത്തത്തിലും രാഷ്ട്രീയക്കാരെ മൊത്തത്തിലും ബാധിയ്ക്കുമെന്നതിനാൽ അങ്ങു ഒതുക്കി തീർക്കാറുണ്ട്. പലയിടത്തും. പക്ഷെ എല്ലായ്പോഴും അതിനുന്നും അവസരം ലഭിച്ചെന്നിരിയ്ക്കില്ല.

തീർച്ചയായും നേതൃത്വപരമായ ഒരു ഇടപെടൽ ഉണ്ടായാൽ ഇത്തരം കേസുകളിൽ ചില വിട്ടു വീഴ്ചകൾ സി.പി.എമ്മു ചെയ്യാറുണ്ട്. പ്രതി കോൺഗ്രസ്സുകാരനായാൽ പോലും. അതുകൊണ്ടു സി.പി.എമ്മുകാരുടെ മാത്രം തോളിൽ കയറുയുള്ള ആ കസർത്തുണ്ടല്ലോ, അത് കുറച്ചൊക്കെ ഒന്നു മിതപ്പെടുത്തുന്നതിൽ തെറ്റില്ല.

ഇവിടെ ഈയുള്ളവന്റെ പോസ്റ്റും ഉണ്ട്.

Monday, December 21, 2009

അനാശാസ്യം എന്നാൽ..........

അനാശാസ്യം എന്നാൽ..........

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമല്ലാത്തതിനാൽ അത്തരം ബന്ധപ്പെടലിനെ അനാശാസ്യപ്രവർത്തനം എന്നു പറയുന്നതിൽ അർത്ഥമില്ല. എന്നാൽ പ്രതിഫലം പറ്റിക്കൊണ്ടു നടക്കുന്ന ലൈംഗികബന്ധം കുറ്റകരമാണുതാനും. അതുകൊണ്ട് പരസ്പരസമ്മതപ്രകാരം (വിത്ത് കൺസേൺ) നടക്കുന്ന ലൈംഗികബന്ധവും പോലീസു പിടിച്ചാൽ അത് പ്രതിഫലം പറ്റി നടത്തിയതാണെന്നു വരുത്തി തീർത്താണത്രേ അത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിയ്ക്കുന്നത് !

ഇന്നു രാവിലെ ദേശാഭിമാനി പത്രത്തിന്റെ ഒരു ഒഴിഞ്ഞ മൂലയിലാണ് ആ വാർത്ത കണ്ടത്. പെണ്ണുകേസല്ലേ? അതും വന്നത് പാർട്ടി പത്രത്തിലും. നമ്മൾ വിശ്വസിച്ചാലും മറ്റുപലരും പാർട്ടി പത്രത്തെ വിശ്വാസത്തിലെടുക്കില്ലല്ലോ. അതുകൊണ്ട് ഉടൻ തന്നെ “നിഷ്പക്ഷ” പത്രങ്ങൾ അടുത്തുള്ള വീടുകളിൽനിന്നും വരുത്തി നോക്കി. ചെറിയ അക്ഷരങ്ങൾ നന്നായി വായിക്കാൻ കഴിയാത്തതിനാൽ കണ്ണാടി വച്ചു സൂക്ഷ്മ നിരീക്ഷണം നടത്തി നോക്കി. ഇല്ല. പെണ്ണു കേസിൽ നിഷ്പക്ഷത ഉണ്ടോ എന്നറിയില്ല. മറ്റു പത്രങ്ങളിൽ ഒന്നും കണ്ടില്ല. അങ്ങനെയൊരു തുണ്ടു കോളം വാർത്ത പോലും. മാധ്യമത്തിൽ ഉണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു. പക്ഷെ അതു ഞാൻ കണ്ടതുമില്ല.

പിന്നെ സംഗതി ഈയുള്ളവൻ ഇന്ത്യയിലെ ഏറ്റവും മോശപ്പെട്ട പാർട്ടി ആയ സി.പി.എമ്മിൽ വിശ്വാസമർപ്പിച്ച് പിണറായിഗ്രൂപ്പുകാരനെന്ന ആക്ഷേപവും (എന്നെ സംബന്ധിച്ച് അതിലത്ര ആക്ഷേപമൊന്നുമില്ലെങ്കിലും ജനവികാരം മാനിയ്ക്കണമല്ലോ) കേട്ട് ജീവിക്കുന്ന ഒരാളാണെങ്കിലും കേരള രാഷ്ട്രീയത്തിലെ ഒരു പുപ്പുലിയും ചാനലുകളിലെ ഗർജ്ജിയ്ക്കുന്ന ഒരു സിംഹവും ഇനിയും കേരള രാഷ്ട്രീയത്തിൽ ജ്വലിച്ചു നിൽക്കേണ്ടതുമായ ഒരു നേതാവ്, അത് കോൺഗ്രസ്സുകാരനായി പോയതു കൊണ്ട് പാർട്ടി പത്രത്തെ മാത്രം വിശ്വസിച്ച് പ്രതികരിയ്ക്കുന്നത് മര്യാദയല്ലെന്നു തോന്നി മിണ്ടാതിരുന്നതാണ്. പക്ഷെ ഉച്ച കഴിഞ്ഞതോടെ സ്ഥിതിഗതികൾ ആകെ മാറി. മാധ്യമഭീകരന്മാർ എത്ര തമസ്കരിക്കാൻ ശ്രമിച്ചിട്ടും അവരും കൂടി തന്നെ സംഭവം ആഘോഷിയ്ക്കാൻ തുടങ്ങി. വൈകുന്നേരം ആയപ്പോൾ മനസിലായി, ഈ വിഷയത്തിൽ പ്രതികരിക്കാത്തവനായി ഈയുള്ളവൻ മാത്രമേ ശേഷിയ്ക്കുന്നുള്ളുവെന്ന്.

കാരണം വെബ്സൈറ്റുകളിൽ എണ്ണിയാൽ തീരാത്ത പ്രതികരണങ്ങൾ വന്നുകൊണ്ടിരിയ്ക്കുന്നുവെന്ന് ഒരു ചാനൽ റിപ്പോർട്ടുചെയ്തു. അതിൽ പല പ്രയോഗങ്ങളും ആണുങ്ങൾ മാത്രമുള്ളപ്പോൾതന്നെ പരസ്പരം ചെവിയിൽ പറയാൻ മാത്രം കഴിയുന്നവയാണെന്നും! (സോറി, പാർട്ടി ചാനലാണ്. നെറ്റു തുറന്നു നോക്കി അന്തംവിട്ട ശേഷമേ വിശ്വസിച്ചുള്ളു). കഥാനായകനാകട്ടെ കൈയ്യോടെ പിടി കൂടിയിട്ടും ഒരബദ്ധം പറ്റി പോയെന്നു സമ്മതിക്കുന്നതിനു പകരം വീണിടത്തു കിടന്നുരുളുന്നതും കൂടി കണ്ടു. കുടുംബമൊക്കെയുള്ള ഒരാൾക്ക് അതങ്ങു സമ്മതിച്ചു കൊടുക്കാൻ കഴിയില്ലതന്നെ. അതു നമുക്കു മനസ്സിലാക്കാം. ഇതുവരെ കാര്യമെന്താണെന്നു ഞാൻ പറഞ്ഞിട്ടില്ല. പറയാതെ തന്നെ ഊഹിച്ചു കൊള്ളുമല്ലോ.

ഈയുള്ളവന് ഒന്നേ പറയാനുള്ളൂ. ഇതൊക്കെ കോൺഗ്രസ്സ് സംസ്കാരത്തിന്റെ ഭാഗം തന്നെയെന്നാണ് ചില കോൺഗ്രസ്സ് സുഹൃത്തുക്കൾ എന്നോടു പറഞ്ഞത്. ആ പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇതിൽ നടപടി എടുക്കേണ്ട കാര്യവുമില്ല. ഇതിനു മുൻപും പല കോൺഗ്രസ്സ് നേതാക്കളും ഇത്തരം ആരോപണത്തിനിരയാകുകയും അവരൊക്കെ തുടർന്നും കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ സജീവമായിരിയ്ക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് മറ്റു പാർട്ടിക്കാർ, നമ്മുടെ സി.പി.എം അടക്കം കിടന്നു ചാടേണ്ട കാര്യമൊന്നുമില്ല.(അല്ല, അത്രയ്ക്കങ്ങോട്ട് ചാടിയിട്ടുമില്ല.വാർത്ത പരമാവധി ചെറുതാക്കി കൊടുത്തല്ലോ. അതൊക്കെ ഒരു മര്യാദ.). പിന്നെ പി.ഡി.പി യാണ് കിടന്നു ചാടുന്നത്. അവർ എങ്ങനെ ചാടാതിരിയ്ക്കും? തൊട്ടു മുമ്പത്തെ ദിവസങ്ങളിലും പി.ഡി.പിയ്ക്കെതിരെ ഗർജ്ജിച്ച് അവർക്ക് കൊടും ഭീകരരെന്ന സർട്ടിഫിക്കറ്റും നൽകിയ സിംഹമല്ലെ? കിട്ടിയ അവസരം അവർ പാഴാക്കുമോ?

അല്ലേ, ഒരു സി.പി.എം കാരനാണ് ഇങ്ങനെ ഒരു അബദ്ധത്തിൽ ചെന്നു പെട്ടിരുന്നതെങ്കിൽ ഇവിടുത്തെ അച്ചടി- ദൃശ്യ-ശ്രവ്യ- മാധ്യമ തമ്പുരാക്കന്മാർ എത്രമാത്രം ഉറഞ്ഞു തുള്ളുമായിരുന്നുവെന്നു ആലോചിച്ചു പോവുകയാണ്. അതങ്ങനെയാണല്ലോ. വലതുപക്ഷ നേതാക്കൾക്ക് ഇതൊക്കെ അവകാശപ്പെട്ടതാണല്ലോ. ഇടതുപക്ഷക്കാർ ചെയ്യുമ്പോഴാണത് വലിയ വാർത്തയും കുറ്റവും ആകുന്നത്. ഒരു കാര്യം പറയാം. ഒരു സി.പി.എം നേതാവ് ഒരു അഴിമതി കേസിലോ, ഇത്തരം ഒരു പെണ്ണു കേസിലോ മറ്റോ പെട്ട് പുറത്തു പോയാൽ പിന്നെ പാർട്ടിയിൽ വീണ്ടും പൊങ്ങി വരാൻ പ്രയാസമാണ്. പിന്നീട് എത്ര പുണ്യാളച്ചനായാലും പാർട്ടിയിൽ വലിയ സാധ്യതകൾ ഒന്നുമില്ല. തെറ്റു ചെയ്തെന്നു ബോധ്യപ്പെട്ടാൽ ശിക്ഷ നൽകുകയും ചെയ്യും. തെറ്റ് തിരുത്തുമ്പോൾ തിരിച്ചെടുക്കുന്നതിൽ തെറ്റുണ്ടെന്നു പക്ഷെ ഈയുള്ളവൻ കരുതുന്നില്ല കേട്ടോ! പറഞ്ഞെന്നേയുള്ളൂ.

പിന്നെ എന്തായാലും നേതാവേ, വിഗ്രഹം ഉടഞ്ഞു പോയില്ലേ? ഇതു വേണ്ടായിരുന്നു. സംഗതി രാഷ്ട്രീയമായി അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും താങ്കളെ ഈയുള്ളവനു വലിയ ഇഷ്ടമായിരുന്നു. താങ്കളുടെ പ്രകടനങ്ങൾ കണ്ടാൽ ആരാണ് ഇഷ്ടപ്പെടാതിരിയ്ക്കുക? തീർച്ചയായും താങ്കൾ ഒരു നല്ല നേതാവായിരുന്നു. ഇത്തരം കാര്യങ്ങളിലൊക്കെ കുറച്ച് സൂക്ഷ്മത പുലർത്തേണ്ടതല്ലെ? രഷ്ട്രീയ ഭാവി പോകുന്നെങ്കിൽ പോട്ടെ. കുടുംബം നോക്കണ്ടേ? നാണക്കേടല്ലേ? പിന്നെ താങ്കൾക്കും സമാധാനിയ്ക്കാം. താങ്കൾ പിടിയ്ക്കപ്പെട്ടു പോയെന്നേയുള്ളൂ. പിടിയ്ക്കപ്പെടത്തവർ ഭാഗ്യവാൻ മാർ. അവർ ഇപ്പോഴും മാന്യന്മാർ! അതുകൊണ്ട് കള, പുല്ല്; കല്ലീപുല്ലീ!

മാത്രവുമല്ല, ഉഭയകക്ഷി സമ്മതപ്രകാരം ഒരു സ്ത്രീയും പുരുഷനും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഇന്ത്യയിൽ നിയമ പ്രകാരം കുറ്റമൊന്നു മല്ലെന്നാണ് ഒരു സർക്കിൾ അദ്ദേഹം ഒരിയ്ക്കൽ ഈയുള്ളവനോടു പറഞ്ഞത്. അതുകൊണ്ട് പരസ്പര സമ്മതപ്രകാരമുള്ള സംഗമത്തെ അനാശാസ്യം എന്നു വിശേഷിപ്പിയ്ക്കുന്നതു തന്നെ ശരിയല്ല. പക്ഷെ പ്രതിഫലം പറ്റിക്കൊണ്ട് ലൈംഗിക ബന്ധം പുലർത്തുന്നത് കുറ്റവുമാണ്! സധാരണ ഉഭയകക്ഷി സമ്മതപ്രകാരം (വക്കീൽ ഭാഷയിൽ പറഞ്ഞാൽ വിത്ത് കൺസേൺ) ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരെയും പോലീസു പിടിച്ചാൽ അത് പ്രതിഫലം പറ്റി കൊണ്ടുള്ള വേശ്യാവൃത്തിയാണെന്നു വരുത്തി തീർത്താണ് അവർക്കെതിരെ നിയമ നടപടി സ്വീകരിയ്ക്കുന്നതത്രേ! അതുകൊണ്ടു തന്നെ ഈ സംഭവത്തിൽ രണ്ടുപേരും അറിഞ്ഞുകൊണ്ടുള്ള സംഗമമായതിനാൽ അതവരുടെ ഇഷടമാണ്. ഇനി അങ്ങനെ ഒന്നും നടന്നിട്ടില്ലെന്നു ചുമ്മാ വിശ്വസിച്ചു കൊടുത്താലും എല്ലാം അവരുടെ ഇഷ്ടം. നടക്കട്ടെന്നേയ്!

ഇനിയുള്ള വിഗ്രഹങ്ങളെങ്കിലും സൂക്ഷിയ്ക്കുക. ആൾ എത്ര ഉയർന്ന ബിരുദങ്ങളും, സ്ഥാനമാനങ്ങളും, അധികാരങ്ങളും ഒക്കെ ഉള്ള ദിവ്യന്മാരാണെങ്കിലും ഇവിടെ ജനം കണ്ണു തുറന്നിരിയ്ക്കുന്നുണ്ട്. അവർ എപ്പോഴാണ് ആർക്കു നേരെയാണ് എന്തിനു നേരെയാണ് ചാടി വീഴുന്നതെന്നു പ്രവചിയ്ക്കുന്നത് മൺസൂൺ മഴ പ്രവചിയ്ക്കുന്നതുപോലെയാണ്. മൺസൂൺ മഴ ചിലപ്പോൾ സമയത്തു വരും. സധാരണ പോലെ കടന്നു പോകും. ഗുണം മാത്രം നൽകി, ഒരു ദോഷവും ഉണ്ടാക്കാതെ. എന്നാൽ ചിലപ്പോൾ നേരത്തെ വരും, നേരത്തെ പോകും. ചിലപ്പോൾ വൈകി വരും; വൈകി പോകും. മറ്റു ചിലപ്പോൾ വരാതിരുന്ന് വേഴാമ്പലിനെ പോലെ കാത്തിരിയ്ക്കുന്ന കർഷകരെയടക്കം നമ്മളെ വരൾച്ച നൽകി ബുദ്ധിമുട്ടിയ്ക്കും.ഇനിയും ചിലപ്പോൾ വന്നാൽ നമ്മളെയും കൊണ്ടു പൊയ്ക്കളയും. അതായത്, കൃഷിനാശം വെള്ളപ്പൊക്കം, അങ്ങനെയങ്ങനെ! ഇവിടെ ഇപ്പോൾ അവസാനം പറഞ്ഞതാണ് സംഭവിച്ചിരിയ്ക്കുന്നത്. അടിനാശം വെള്ളപ്പൊക്കം. ഒരു നേതാവിന്റെ ഇമേജു പോയി. ഒരുപക്ഷെ രാഷ്ട്രീയ ഭാവിയും!

സൂക്ഷിയ്ക്കുക, എല്ലാവരും; അദ്ദേഹത്തെ ശിക്ഷിയ്ക്കുന്നവർ അടക്കം! അദ്ദേഹം ഇനി മറ്റുവല്ലവരെയും കുറിച്ച് വല്ലതും വിളിച്ചു പറയാതിരുന്നാൽ ആരുടെയൊക്കെയോ ഭാഗ്യം! മറ്റുള്ളവർക്കു മാതൃകയാകേണ്ട പൊതുപ്രവർത്തകർ ഇത്തരം അനഭിലഷണീയ മായ പ്രവൃത്തികളിൽ ഏർപ്പെടുന്നത് വേലിതന്നെ വിളവുതിന്നുന്നതുപോലെയാണ്. സമൂഹത്തെ അരുതായ്മകളിൽ നിന്നും രക്ഷിയ്ക്കേണ്ടവർ സ്വന്തം പ്രവൃത്തി ദോഷം കൊണ്ടും സൂക്ഷ്മതക്കുറവുകൊണ്ടും പരിഹാസ്യരാകരുത്. ഇത് എല്ലാവർക്കും, ജാതിമത കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരു അനുഭവപാഠമാണ്.

എങ്ങും തൊടാതെ മനോമനൻ മേലെഴുതിയ അക്ഷരങ്ങൾക്ക് മഞ്ചേരി, കൊല്ലം, കോൺഗ്രസ്സ്, സി.പി.എം, പിഡി.പി, വീടുവളയൽ, പോലീസ്, കോടതി, ജാമ്യം മുതലായ ചില അക്ഷരക്കൂട്ടുകളുമായി എന്തെങ്കിലും സാമ്യതകൾ ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അതു തികച്ചും യാദൃച്ഛികമല്ല. സ്വാഭാവികം തന്നെ! അതിനുത്തരവാദി കഥാനായകനും നായികയും മാത്രം. സൂക്ഷിച്ചാൽ ദു:ഖിയ്ക്കേണ്ടെന്ന ചൊല്ലു മറന്നതിന്റെ ദുര്യോഗം. അല്ലാതെന്ത്? ഒരേ പേരിൽ പലരും ഉള്ളതുകൊണ്ട് ആ പേരുകാരെ മൊത്തം അധിക്ഷേപിയ്ക്കേണ്ടെന്നു കരുതി ഇവിടെ ബന്ധപ്പെട്ട കക്ഷികളുടെ പേരു പരാമർശിയ്ക്കുന്നില്ല. അതുകൊണ്ട് നിങ്ങൾക്കാർക്കും അവരെ മനസ്സിലാകില്ലെന്നു കരുതി സമാധാനിയ്ക്കുന്നു. പ്രത്യേകിച്ചും ഈ ദിവസം!