Tuesday, November 17, 2009

സ. പിണറായിക്കെതിരായ ഇ-മെയിൽ വീട്

. പിണറായിയെ അപകീർത്തിപ്പെടുത്താൻ പ്രചരിപ്പിച്ച ഇ-മെയിൽ വീട്

സ. പിണറായി വിജയന്റേതെന്നു പറഞ്ഞ് ഒരു മണിമാളികയുടെ ചിത്രമടക്കമുള്ള ഒരു ഇ-മെയിൽ സന്ദേശം ഏതോ കുബുദ്ധികൾ ഏതാനും ദിവസം മുമ്പ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇത് ആരോ ശ്രദ്ധയിൽ പ്പെടുത്തിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ ഈ വീട് ഒരു വിദേശ മലയാളിയുടേതാണെന്നു കണ്ടെത്തി. സ. പിണറായി മാനനഷ്ടത്തിനു കേസു കൊടുക്കുന്നതായും അറിവായിട്ടുണ്ട്. സ. പിണറായിയെക്കുറിച്ച് എന്തുപറഞ്ഞാലും വിശ്വസിയ്ക്കാൻ തയ്യാറെടുത്തിരിയ്ക്കുന്നവർക്ക് ആഹ്ലാദിയ്ക്കാൻ ഇതു ധാരാളമാണ്. സി.പി.എമ്മിനും അതിന്റെ നേതാക്കൾക്കും എതിരെ ഇതിനു മുമ്പും ദുഷ്ടബുദ്ധിയോടെയുള്ള പല ഇ-മെയിൽ പ്രചരണങ്ങളും നടന്നിട്ടുണ്ട്. സാധാരണ ഇത്തരം മെയിലുകൾ കിട്ടിയാൽ കിട്ടുന്നവർ ഉടൻ തന്നെ അതിന്റെ സത്യാസത്യങ്ങൾ അറിയാതെ മറ്റുപലർക്കുമായി അതു ഫോർവേർഡു ചെയ്യാറുണ്ട്.

അങ്ങനെ മുമ്പു പ്രചരിച്ചിട്ടുള്ള മെയിലുകളിൽ പലതും ഇത്തരത്തിൽ സത്യവുമായി ബന്ധമില്ലാത്തതായിരുന്നിരിയ്ക്കാം. പക്ഷെ ലക്ഷക്കണക്കിനാളുകൾ അതു വിശ്വസിച്ചു പോയിട്ടുണ്ട്. പ്രത്യേകിച്ചും സി.പി.എമ്മിനും അതിന്റെ നേതാക്കൾക്കും എതിരെ ഉള്ള ഇത്തരം മെയിലുകൾ പാർട്ടി സഖാക്കൾക്കാണ് കൂടുതലും അയച്ചു കൊടുക്കാറുള്ളത്. ഇത് ആദ്യമാദ്യം കിട്ടുന്ന പാർട്ടി അനുഭാവികളും പാർട്ടി അംഗങ്ങളും സ്വാഭാവികമായും മറ്റു പാർട്ടി സഖാക്കൾക്ക് ഫോർവേർഡു ചെയ്യും. അങ്ങനെ പാർട്ടി അനുഭാവികൾക്കിടയിൽതന്നെ പാർട്ടിക്കെതിരെ വികാരം വളർത്തിക്കൊണ്ടുവരാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ഇന്റെർനെറ്റ് കളികൾ. ഇത്തരക്കാരെ കണ്ടു പിടിച്ച് മതിയായ താക്കീതു നൽകുന്നത് ഇന്റെർനെറ്റിന്റെ ദുരുപയോഗം തടയുന്നതിന് ആവശ്യമാണ്.

രാഷ്ട്രീയപാർട്ടികളെയും നേതാക്കളെയും ബന്ധപ്പെടുത്തി തമാശയ്ക്കു ചില മെയിലുകൾ തയ്യാറാക്കി പ്രചരിപ്പിയ്ക്കുന്ന പതിവുണ്ട് ഇന്റെർ നെറ്റ് ലോകത്ത്. പക്ഷെ അതൊക്കെ എല്ലാവരും തമാശയായി കണ്ട് ആസ്വദിയ്ക്കാറുമുണ്ട്. ചിലതൊക്കെ കാണുകയും വായിക്കുകയും ചെയ്താൽ ചിരിച്ചു കുടൽമാല കലങ്ങും അതു തയ്യാറാക്കിയവരെ മനസാ അഭിനന്ദിച്ചു പോകും.

പക്ഷെ അടുത്തകാലത്തായി സി.പി.ഐ (എം) -നെയും അതിന്റെ നേതാക്കളെയും തെരഞ്ഞു പിടിച്ച് ആക്ഷേപിയ്ക്കാനുള്ള പ്രവണത കണ്ടു വരുന്നുണ്ട്. ഇത്തരം വിലകുറഞ്ഞ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ഇത്തരക്കാർ തയ്യാറാകണം. ഇങ്ങനെ വരുന്ന മെയിലുകൾ കിട്ടിയുടൻ അതു മറ്റുള്ളവർക്കു ഫോർവേർഡു ചെയ്യുന്നത് ഒഴിവാക്കണം. മാർക്സിസ്റ്റു വിരോധം അന്ധമായി വച്ചു പുലർത്തുന്നവർക്ക് കടി തീരാൻ മറ്റെന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട്. പാർട്ടിക്കെതിരെ എഴുതാം, പ്രസംഗിയ്ക്കാം, മറ്റു പാർട്ടികളിൽ പ്രവർത്തിയ്ക്കാം, പുതിയ പാർട്ടി ഉണ്ടാക്കാം, പാർട്ടിക്ക് വോട്ടു ചെയ്യാതിരിയ്ക്കാം തുടങ്ങി പല മാർഗ്ഗങ്ങളും അവലംബിയ്ക്കാം. പക്ഷെ ഇമ്മാതിരി വിലകുറഞ്ഞ പരിപാടികൾ അനുവർത്തിക്കരുത്.

ഇവിടെ പാർട്ടിക്കും അതിന്റെ നേതാക്കൾക്കും എതിരെ ചാടിപ്പൊടിയ്ക്കുന്ന ബ്ലോഗർമാരുണ്ടല്ലോ; അതവരുടെ സ്വാതന്ത്ര്യം. പക്ഷേ ഇത്തരം വ്യാജ പ്രചരണങ്ങളെക്കുറിച്ച് നിങ്ങൾക്കെന്തുണ്ട് പറയാൻ? ഒന്ന് അപലപിയ്ക്കാനുള്ള മര്യാദയെങ്കിലും കാണിയ്ക്കുമോ? അതോ സി.പി. ഐ(എം) -നും പ്രത്യേകിച്ച് അതിന്റെ നേതാവായ സ. പിണറായി വിജയനും എതിരെ ആർക്കും എന്തും പറയാമെന്നോ? അഭിപ്രായം അറിയാൻ താല്പര്യമുണ്ട് !

Tuesday, November 10, 2009

ഉപതെരഞ്ഞെടുപ്പ് നൽകുന്ന പാഠം

പറയാതെ വയ്യ!

പെട്ടെന്ന് എഴുതി പ്രസിദ്ധീകരിയ്ക്കുന്നതിനാൽ അക്ഷരത്തെറ്റു കണ്ടെത്തുന്നവർ ദയവായി ചൂണ്ടി കാണിയ്ക്കുക.

സി.പി.എം ഇനിയും പാഠം പഠിയ്ക്കണം

ഒരു പാർട്ടി വിരുദ്ധ ലേഖനം എഴുതുന്നതിലുള്ള വിഷമത്തോടെ,

കണ്ണൂർ, എറണാകുളം, ആലപ്പുഴ ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് വിജയിച്ചതിൽ അദ്ഭുതമൊന്നുമില്ല. എന്നാൽ എൽ.ഡി.എഫ് പ്രത്യേകിച്ച് സി.പി.എം ഇതിൽനിന്നും പാഠം പഠിയ്ക്കരുതെന്ന് ഇതിനർത്ഥമില്ല. മാധ്യമങ്ങളുടെ സ്വാധീനം കേരളത്തിൽ വളരെ കൂടുതലാണെന്നും പൊതുവെ മാധ്യമങ്ങൾ ഇടതുപക്ഷവിജയം കാംക്ഷിയ്ക്കുന്നവരല്ലെന്ന് അറയാം. എന്നിട്ടും അതിനെ അതിജീവിയ്ക്കാൻ പറ്റുന്ന തന്ത്രങ്ങളൊന്നും സി.പി.എമ്മിനോ. എൽ.ഡി.എഫിനോ ആവിഷ്കരിയ്ക്കാൻ കഴിയുന്നില്ല.

ജനവികാരം എന്തുതന്നെ ആയാലും ഉപതെരഞ്ഞെടുപ്പുകളിൽ സ്വന്തം സ്ഥാനാർത്ഥികളെ വിജയിപ്പിയ്ക്കുവാൻ കഴിയുന്ന സംഘടനാസംവിധാനം യു.ഡി.എഫിനെ അപേക്ഷിച്ച് എൽ.ഡി.എഫിനു വളരെ കൂടുതലായുണ്ട്. എന്നിട്ടൂം തോൽക്കുകയാണ്. ഇനി വരാനിരിയ്ക്കുന്ന നിയമസഭാതെരഞ്ഞെ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ പാരമ്പര്യമനുസരിച്ച് സ്വാഭാവികമായും യു.ഡി.എഫേ വിജയിക്കൂ. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മൊത്തത്തിൽ വരുമ്പോൾ അല്പം മെച്ചം യു.ഡി.എഫിനു ലഭിച്ചുകൂടെന്നില്ല.

വിജയിക്കാൻ ഒന്ന് ആഞ്ഞു പിടിച്ചില്ലെന്നല്ല. പക്ഷെ ഗുണപ്പെട്ടില്ല. കുടുംബ യോഗങ്ങളൊക്കെ വിജയമായിരുന്നത്രേ. വീട്ടിൽ ചെന്നാൽ ആളുകൾ സന്തോഷത്തോടെ വരവേൽക്കും. പക്ഷെ വോട്ടു കിട്ടണമെന്നില്ല. തെരഞ്ഞെടുപ്പ് ജയിക്കാൻ കുടുംബയോഗങ്ങൾ വിളിയ്ക്കുന്നത് പോലും നിരർത്ഥകമാണ്. എന്നാണു കാണുന്നത്. എന്നാൽ ചോദിയ്ക്കും ഇതിനപ്പുറം ഇനി എന്തൊക്കെയാണു ചെയ്യാനുള്ളതെന്ന്‌. പരമ്പരാഗത രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലൂടെ ഇടതുപക്ഷത്തിന് ഇനിയൂള്ള കാലം വിജയിക്കാനാകില്ല..

എന്നാൽ മനോമനൻ ഈ ഉപതെരഞ്ഞെടുപ്പിന്റെ പച്ഛാത്തലത്തിലും കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിന്റെ അനുഭവം വച്ചും പറയുന്നത്, പരാജയ കാരണങ്ങൾ വിലയിരുത്തുന്നതിൽ തുടർച്ചയായി പരാജയപ്പെടുകയാണ്. ഇതു നയത്തിന്റെയോ, ഭരണപരാജയത്തിന്റെയോ, എതിർ പ്രചരണങ്ങളുടെയോ പ്രശ്നമൊന്നുമല്ല. സത്യത്തിൽ കഴിഞ്ഞ കുറെ നാളുകളായി സി.പി.എം നേതാക്കൾ ജനങ്ങളിൽ നിന്നും അകലുകയും കോൺഗ്രസ്സുകാർ ജനങ്ങളുമായി കൂടുതൽ അടുക്കുകയും ചെയ്യുന്നു എന്നത് ഒരു യാത്ഥാർത്ഥ്യമാണെന്നു തിരിച്ചറിഞ്ഞേ മതിയാകൂ.

ജനങ്ങളിൽ നിന്നു മാത്രമല്ല പാർട്ടീ അണികളിൽ നിന്നുതന്നെ സി.പി.എം നേതാക്കൾ വളരെ അകലെയാണ്. അണികളോടും ജനങ്ങളോടും അടുത്തുനിന്നു സംസാരിയ്ക്കുന്നതുതന്നെ അവർക്കിഷ്ടമല്ല. മിക്കവരും വിലകൂടിയ കാറുകളിൽ നിന്നു പുറത്തിറങ്ങാറുതന്നെ ഇല്ല. കോൺഗ്രസ്സുകാർ വിലപിടിപ്പുള്ള കാറുകളിൽ സഞ്ചരിയ്ക്കുന്നവരും രാജകീയ ജീവിതം നയിക്കുന്നവരും ആണെങ്കിലും ജനങ്ങളോടും പ്രത്യേകിച്ച് അണികളോടും -കാപട്യമാണെങ്കിലും- നല്ല സൌഹൃദം പുലർത്തുന്നു. എവിടെയും ഓടിയെത്തുന്നു.

കോൺഗ്രസ്സിന്റെ ജനപ്രതിനിധികൾ വയറ്റുനേർച്ചയ്ക്കും നൂലുകെട്ടിനും പോലും എത്തുമ്പോൾ സി.പി.എം. നേതാക്കൾക്കു മരണത്തിനു പോകാൻ പോലും സമയമില്ല. അല്ലെങ്കിൽതന്നെ ഉപയോഗ ശൂന്യമായ പാർട്ടിപരിപാടികൾ ഒഴിഞ്ഞ സമയവും ഇല്ലല്ലോ. എങ്ങനെ പാർട്ടീ അണികളെ ബുദ്ധിമുട്ടിയ്കാ‍മെന്നും സധാരണ പാർടി പ്രവർത്തകരെ കടബാദ്ധ്യതയിൽ ആക്കാമെന്നും വർഷങ്ങളായി ഗവേഷണം നടത്തിക്കൊണ്ടിരിയ്ക്കുന്ന ഒരു പാർട്ടിയാണ് സി.പി.എം.

എന്തൊക്കെ പറഞ്ഞാലും ഒരു പാവപ്പെട്ടവന്റെ വീട്ടിൽ ഒരു എം.പിയോ , എം.എൽ.എ യോ ഒക്കെ ഒരു വിശേഷത്തിനു ചെല്ലുന്നത് അവർക്കു സന്തോഷകരം തന്നെ ആയിരിയ്ക്കും അതൊന്നും ഇപ്പോകൾ സി.പി.എം കാർ ചെയ്യുന്നതേയില്ല. അണികളെ തന്നെ എന്തെങ്കിലും കാര്യത്തിനു ചെന്നാൽ കടിച്ചു കീറാൻ നിൽക്കും. എപ്പോഴും മസ്സിലും പിടിച്ചാണു നടപ്പ്. അതൊന്നും ഇനി ജനങ്ങളോടൂ വേണ്ട, പാർട്ടി അണികളോടും വേണ്ട. നിങ്ങൾ വ്യക്തിപരമായി സുഖഭോഗങ്ങളൊക്കെ കിട്ടുന്നെങ്കിൽ അനുഭവിച്ചോളൂ. പക്ഷെ പാർട്ടി പ്രവർത്തകരെയും, ജനങ്ങളെയും കണ്ടാലൊന്നു ചിരിയ്ക്കാൻ പോലും താല്പര്യമില്ലെങ്കിൽ നിങ്ങൾക്കു പറ്റിയതു രാഷ്ട്രീയമല്ല.

എന്തൊക്കെ പറഞ്ഞാലുംസി.പി.എം തന്നെ ഇന്ത്യയിലെ ഏറ്റവും നല്ല പാർട്ടി. അതുകൊണ്ടു തന്നെ ആ പാർട്ടിയിൽ നിന്നും, അതിന്റെ നേതാക്കളിൽനിന്നും, അവർ ഭരണത്തിൽ ഇരിയ്ക്കുമ്പോൾ ആ ഭരണത്തിൽ നിന്നും ജനങ്ങൾ കൂടുതൽ പ്രതീക്ഷിയ്ക്കും. കേരളത്തിൽ തുടർച്ചയായി ഭരണം കിട്ടിയില്ലെന്നും അതുകൊണ്ടു പാർട്ടി ആഗ്രഹിയ്ക്കുമ്പോലെ ജനങ്ങൾക്കു വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നില്ലെന്നും പറഞ്ഞാൽ അതിൽ കുറച്ചു വാസ്തവം ഉണ്ട് എന്നു വാദത്തിനു വേണ്ടി പറയാം.

എന്നാൽ ബംഗാളിലോ? പത്തു മുപ്പതു കൊല്ലക്കാലം പാവപ്പെട്ടവന്റെ പാർട്ടി ഭരിച്ചിട്ട് ഇന്നും അവിടെ ചേരികളിലും ചെറ്റക്കുടിലുകളിലും, തെരുവുകളിലും വിശപ്പിന് ആഹാരമില്ലാതെ, ഉടുതുണിയ്ക്കു മറുതുണിയില്ലാതെയും, കുടിവെള്ളമില്ലാതെയും പാവങ്ങൾ ഇന്നും കഴിയുന്നു . അവർക്കു ഒരുഗതിയും പരഗതിയും ഉണ്ടായില്ല. ഇതിനകം എന്തെല്ലാം ചെയ്യാമായിരുന്നു, അവിടെ! ചെയ്തോ?

എന്നു പറഞ്ഞാൽ ബംഗാളിൽ ഈ പാർട്ടി ഇക്കാലമത്രയും ആർക്കുവേണ്ടിയാണു ഭരിച്ചതെന്നു ചോദിയ്ക്കുന്ന മനോമനം പാർട്ടി വിരുദ്ധനല്ല. പാർട്ടിയിൽ നിന്നും അടിച്ചെറ്റിയാലും പുറത്തു പോകാത്ത അടിയുറച്ച സി.പി.എം കാരനാണ്. പാർട്ടിയ്ക്കെതിരെയുള്ള പ്രചരണങ്ങളെ പ്രതിരോധിയ്ക്കുന്നതിൽ ബ്ലോഗിലൂടെയാണെങ്കിലും മറ്റെഴുത്തുകളിലൂടെയാണെങ്കിലും, പ്രസംഗങ്ങളിലൂടെയാണെങ്കിലും ചെറിയപങ്കൊക്കെ വഹിച്ചു പോരുന്ന ആളാണ് ഈ മനോമനൻ. ഇനിയും അത് അങ്ങനെ ആയിരിയ്ക്കുകയും ചെയ്യും.

ഒരു ഉപതെരഞ്ഞെടുപ്പുകൊണ്ടൊന്നും ലോകം അവസാനിയ്ക്കുന്നുമില്ല. ഇനി നാളെ വരാനിരിയ്ക്കുന്ന കുറെ തെരഞ്ഞെടുപ്പുകളിൽ തോറ്റാലും സി.പി.എം അങ്ങ് ഇല്ലാതാകാനൊന്നും പോകുന്നില്ല. ഇല്ലാതായിക്കൂടല്ലോ. കണ്ണിരിയ്ക്കുമ്പോൾ കണ്ണിന്റെ വിലയറിയില്ല. അതുകൊണ്ടുതന്നെ സി.പി.എം നിലനിന്നേ പറ്റൂ. അത് എല്ലാവർക്കും അറിയാം. ജനങ്ങൾക്കിവിടെ സി.പി.എം വേണം എന്നാൽ വോട്ട് ഒട്ടു കൊടുക്കുകയുമില്ല എന്ന നിലയിലേയ്ക്കാണു കാര്യങ്ങൾ.

അതുപോലെ മറ്റൊന്ന് തെരഞ്ഞെടുപ്പിനെ ആത്മ വിശ്വാസത്തോടെ നേരിടണം എങ്കിലും തെരഞ്ഞെടുപ്പിനു മുൻപ് വിജയം സംബന്ധിച്ച് അതിരു കടന്ന അവകാശ വാദങ്ങൾ ഉന്നയിക്കുന്ന സ്വഭാവം എല്ലാ പാർട്ടിക്കാരും ഉപേക്ഷിയ്ക്കണം. അല്ലെങ്കിൽ തെരഞ്ഞെടുപ്പുകഴിയുമ്പോൾ തോറ്റാൽ പിന്നെ ജനങ്ങൾക്കു മുന്നിൽ അപഹാസ്യരാകും. ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പിനു മുൻപ് എല്ലാ മുന്നണിക്കളും വിജയം ഉറപ്പിച്ച് അവകാശപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിൽ ആരെങ്കിലും ഒരു കൂട്ടർ വിജയിച്ചേ പറ്റൂ എന്നിരിക്കെ തെരഞ്ഞെടുപ്പിനു മുൻപ് ഞങ്ങൾ വിജയിക്കുമെന്നു ആരായാലും അല്പം മയത്തിൽ പറയുന്നതാണു നല്ലത്.

എന്തായാലും സി.പി.എം നയങ്ങളിലും പരിപാടികളിലും എന്നതിലുപരി പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തിയേ മതിയാകൂ. താഴെ കിടയിൽ പ്രവർത്തിയ്ക്കുന്ന സജീവ പാർട്ടി അണികളെക്കാൾ ഇന്ന് പാർട്ടിയെ കൊണ്ടുള്ള നേട്ടം ആംചെയർ വിപ്ലവകാരികൾക്കാണെന്നതും കാണണം. ഈ ആംചെയർ വിപ്ലവകാരികൾ ഇരിയ്ക്കുന്നതാകട്ടെ ചിന്ത, ദേശാഭിമാനി തുടങ്ങിയ പ്രസിദ്ധീകരണ ശാലകളിലും, കൈരളി ചാനലിലും, പിന്നെ പാർട്ടി ജില്ലാ കമ്മിറ്റി മുതൽ മേലോട്ടു സംസ്ഥാൻ ദേശീയ ഓഫീസുകളിലുമാണ്. അവിടെയൊക്കെ ജോലിനോക്കുന്ന പലതരം ജീവനക്കാരാണ്. അതിൽ നല്ലൊരു പങ്കും നേതാക്കളുടെ ബന്ധുക്കൾ. പിന്നെ പാർട്ടി വിരുദ്ധരും. എല്ലവർക്കും നല്ല ശമ്പളം.

വിവിധ തലങ്ങളിലുള്ള പാർട്ടി സഖാക്കളെ പിഴിഞ്ഞൂണ്ടാക്കുന്ന പണം കൊണ്ട് പാർട്ടിയുടെ പ്രസിദ്ധീകരണ ശാലകളും, ചാനലുകളും, ആസ്ഥാനമന്ദിരങ്ങളുമൊക്കെ സാമ്പത്തികമായി ആയുഷ്കാലം സുരക്ഷിതമാക്കുന്ന നടപടികളിലാണിപ്പോൾ പാർട്ടി. പാവപ്പെട്ട പാർട്ടി പ്രവർത്തകർക്ക് ഒരു ഗതിയും മറുഗതിയും ഇല്ല. ജനങ്ങളുടെ സ്ഥിതിയും തഥൈവ. പാർട്ടി പ്രസിദ്ധീകരണങ്ങൾ വാങ്ങി വയ്ക്ജുന്നതല്ലാതെ ആരും വായിക്കുന്നതുമില്ല.

അതുപോലേ ഇന്നു പാർട്ടിയിൽ എൽ. സി തൊട്ട് മേലോട്ട് നേതാക്കളാകണമെങ്കിൽ വക്കീലന്മാർ ആകണമെന്ന സ്ഥിതിയാണ്. അല്ലെങ്കിൽ മറ്റുതരത്തിൽ ഉയർന്ന ബിരുദങ്ങൾ വേണം. എൽ.സി വരെ എല്ല വിഭാഗങ്ങൾക്കുമൊരു വിധമെങ്കിലും പങ്കാളിത്തം ലഭിയ്ക്കും. എന്നാൽ ഏരിയാ കമ്മിറ്റികൾ മുതൽ പരിശോധിച്ചാൽ കൂടുതൽ പേരും വക്കീലന്മാരോ, ഉയർന്ന വിദ്യാസമ്പന്നരോ, കാശുള്ളവരോ ആയിരിയ്ക്കും. താഴെ കിടയിൽ പ്രവർത്തിയ്ക്കുന്ന പാവപ്പെട്ട സഖാൽക്കൾക്കു എത്ര കഴിവുണ്ടെങ്കിലും നേതൃസ്ഥാനങ്ങളിലൊന്നും വരാൻ കഴിയുന്നില്ല. അതുമൊക്കെ പാർട്ടി ജനങ്ങളിൽ നിന്ന് അകലാൻ കാരണമാണ്.

രാഷ്ട്രീ നേതൃസ്ഥാനങ്ങൾ എല്ലാം വക്കീലന്മാർക്കും അഭ്യസ്ഥവിദ്യർക്കും പെൻഷൻ പറ്റി വരുന്ന യൂണിയൻ നേതാക്കൾക്കുമായി തീറെഴുതി കൊടുക്കുന്ന സമ്പ്രദായം പാർട്ടി അവസാനിപ്പിയ്ക്കണം. എല്ലാ വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകണം.അടിമുടി മാറണമെന്നുമാത്രം ചുരുക്കി പറയുന്നു. ഇത് തുറന്നെഴുതാൻ ഉപതെരഞ്ഞെടുപ്പു ഫലം ഒരു നിമിത്തമാ‍ക്കുന്നുവെന്നേയുള്ളൂ. നേരത്തേ എഴുതാൻ ഇരുന്നതുതന്നെ.

ഇതു വായിച്ച് ഈ യുള്ളവൻ പാർട്ടിയുടെ അനുകൂല ശത്രുവോ, ജനശക്തി ഗ്രൂപ്പോ, പാർട്ടി വിരുദ്ധനോ എന്തിനു വി.എസ് പക്ഷപാതി എന്നു പോലുമോ ആരും ധരിയ്ക്കരുതെന്ന് അഭ്യർത്ഥിയ്ക്കുന്നു. പിണറായിയെയും ശക്തമായി പിന്തുണയ്ക്കുന്ന, വി.എസും പിണറായിയും എല്ലാം പാർട്ടിയ്ക്കു വിധേയപ്പെട്ട് പ്രവർത്തിക്കണമെന്നു വിശ്വസിയ്ക്കുന്ന അടിയുറച്ച സി.പി.എം കാരൻ തന്നെ മനോമനൻ. ഇനി അല്ലെന്നാരെങ്കിലും ധരിച്ചാലും ആകാശമൊന്നും ഇടിഞ്ഞു വീഴില്ല. പറഞ്ഞെന്നു മാത്രം!

Friday, November 6, 2009

തെരഞ്ഞെടുപ്പിനു ശേഷം പറയാൻ പോകുന്നത്.....

തെരഞ്ഞെടുപ്പിനു ശേഷം പറയാൻ പോകുന്നത്.....

തെരഞ്ഞെടുപ്പിനു മുൻപുള്ള രാഷ്ട്രീയ ചർച്ചകളും പ്രസംഗങ്ങളും പ്രസ്താവനകളും വച്ചു നോക്കിയാൽ ഒരു മുന്നണികളും തോൽക്കില്ല.

ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടേണ്ടത് ആവശ്യം തന്നെ. പക്ഷെ തെരഞ്ഞെടുപ്പിൽ ആരെങ്കിലും ഒരാൾ ജയിക്കണമല്ലോ!

ഇനി ജയിച്ചു കഴിഞ്ഞാൽ പിന്നെ തോൽക്കുന്നവർ ആരായാലും തെരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞതെല്ലാം വിഴുങ്ങുകയും പുതിയ വ്യാഖ്യാനങ്ങൾ കണ്ടുപിടിയ്ക്കുകയുമാണു ചെയ്യുന്നത്.

ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചുവെന്നിരിയ്ക്കട്ടെ;

എന്തായിരിയ്ക്കും എതിരാളികൾ ആരോപിയ്ക്കുക?

തെരഞ്ഞെടുപ്പ് കൃത്രിമങ്ങളിലൂടെ നേടിയ വിജയം എന്നായിരിയ്ക്കും ആരോപണം.

കേന്ദ്ര ഗവർണ്മെന്റിനെതിരെയുള്ള വിധിയെഴുത്താണെന്നോ, സംസ്ഥാന ഗവർണ്മെന്റിന് അനുകൂലമായ വിധിയെഴുത്താണെന്നോ അവർ സമ്മതിച്ചു കൊടുക്കില്ല. അങ്ങേയറ്റം പോയാൽ സ്ഥാനാർത്ഥിനിർണ്ണയത്തിലെ അപാകത കൊണ്ടു തോറ്റു എന്നെങ്ങാനും ഒരു വാദഗതി ഉന്നയിച്ച് തടിതപ്പും.

തോൽക്കുന്നവർ ഒരിയ്ക്കലും പരാജയത്തിനു കാരണമുണ്ടെന്നു പിന്നെ സമ്മതിയ്ക്കാറേയില്ല. അങ്ങു തോറ്റു; അത്രതന്നെ!

ഇനി ഈ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചാലോ?

അതു സംസ്ഥാന ഗവർണ്മെന്റിനെതിരെയുള്ള വിധിയെഴുത്തെന്ന് ഉറപ്പിച്ചു പറയും. കേന്ദ്രത്തിന് അനുകൂലമായതെന്നും പറയും.

സത്യത്തിൽ ഇതു വല്ലതുമാണോ തെരഞ്ഞെടുപ്പിനെ സ്വാധീനിയ്ക്കുക? പ്രത്യേകിച്ചും ഉപതെരഞ്ഞെടുപ്പിൽ.

ഒരുപാടു ഘടകങ്ങൾ ജയപരാജയങ്ങളെ സ്വാധീനിയ്ക്കും. സ്ഥാനാർത്ഥിയാര്, ഓരോ സ്ഥാനാർത്ഥിയ്ക്കും വേണ്ടി നടന്ന പ്രവർത്തനങ്ങൾ, പ്രചരണങ്ങൾ എന്നിവയ്ക്കും ഇതിൽ വലിയൊരു പങ്കുണ്ട്. അതുപോലെ ഒരുപാടു കാര്യങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിയ്ക്കാം.

എന്തായാലും തോൽക്കുന്നവർ തോൽ വി അംഗീകരിക്കില്ലെങ്കിലും വിജയിയുടെ വിജയം അംഗീകരിച്ച് തെരഞ്ഞെടുക്കപ്പെട്ട സമിതിയിലേയ്ക്ക് പോകാൻ അനുവദിയ്ക്കുന്നതു ഭാഗ്യം! എന്തെങ്കിലും കാരണം കിട്ടിയാൽ കോടതിയിൽ പോയെന്നും വന്നുകൂടെന്നില്ലതാനും!

എന്തായാലും ഇന്ത്യൻ ജനാധിപത്യം കൂടുതൽ ശക്തിപ്പെടുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്. പക്ഷെ ജനാധിപത്യത്തെ തകിടം മറിയ്ക്കുന്ന ഗ്രൂപ്പുകൾ വളർന്നു വളരുകയും ശക്തിപ്പെടുകയും ചെയ്യുന്നു എന്നതിനെ ഭയത്തോടെ തന്നെ കാണേണ്ടിയുമിരിയ്ക്കുന്നു.

പിന്നെ ജനാധിപത്യത്തിലെ പണാധിപത്യവും ഉൽക്കണ്ഠാകുലമാണ്.