Thursday, September 29, 2011

കൊട്ടാരക്കരയിൽ വാളകത്ത് ഒരു സംഭവം നടന്നായിരുന്നു

കൊട്ടാരക്കരയിൽ വാളകത്ത് ഒരു സംഭവം നടന്നായിരുന്നു

ഇന്നലെ കൊട്ടാരക്കരയിൽ വാളകത്ത് ഒരു സംഭവം നടന്നായിരുന്നു. ബൂലോകരൊന്നും അറിയാത്തതുപോലെ! നമ്മുടെ ബാലകൃഷ്ണ പിള്ള സാറിന്റെ സ്കൂളിൽ സ്കൂൾ മാനേജ്മെന്റിന്റെ താല്പര്യത്തിനു വിരുദ്ധമായി കോടതിയിൽ പോയി സ്വന്തം പ്രമോഷൻ കാര്യത്തിൽ അനുകൂല വിധി സമ്പാദിച്ച സ്കൂളിലെ ഒരു അദ്ധ്യാപികയുടെ ഭർത്താവും ഇതേ സ്കൂളിലെ അദ്ധ്യാപകനുമായിരുന്ന കൃഷ്ണകുമാറിനെ ഒരു സംഘം ഗുണ്ടകൾ പൈശാചികമായി ആക്രമിച്ചു മൃതപ്രായനാക്കി. മലദ്വാരത്തിൽ കമ്പിപ്പാര കുത്തിക്കയറ്റി ആന്തരികാവയങ്ങൾ തകർത്തു. ജനനേന്ദ്രിയവും തകർത്തു. അദ്ധ്യാപകൻ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ ആശുപത്രിയിലാണ്. ജീവൻ നിലനിർത്താൻ ഡോക്ടർമാർ പാടുപെടുകയാണ്.

ലോകത്ത് എന്തു നടന്നാലും പ്രതികരിക്കുന്ന നമ്മുടേ ബൂലോക വാസികൾ ആരെങ്കിലും ഇതു സംബന്ധിച്ച് വല്ല പോസ്റ്റും ഇട്ടിട്ടുണ്ടോ എന്നറിയാൻ രാവിലെ തന്നെ അഗ്രഗേറ്ററുകളിൽ കയറി നോക്കി. ഒന്നു രണ്ട് വാർത്തകളുടെ ലിങ്ക് മാത്രം കിട്ടി. ബൂലോകർ ആരും ഇതറിഞ്ഞതായി പോലും ഭാവിക്കുന്നില്ല. അക്രമത്തിനു പിന്നിൽ ഏതെങ്കിലും സി.പി.എമ്മു കാരന്റെ അച്ഛന്റെ അമ്മയുടെ രണ്ടാംകെട്ടുകാരനിലുണ്ടായ മകന്റെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവ് കെട്ടിയ പെണ്ണിന്റെ അയല്പക്കത്ത് താമസിച്ചിരുന്ന ഒരുത്തന്റെ രണ്ടാനച്ഛന്റെ രണ്ടാം പെണ്ടാട്ടിയുടെ ജാരന്റെ അയൽ വാസികൾ ആരെങ്കിലുമായിരുന്നെങ്കിൽ ഇപ്പോൾ ബൂലോകത്ത് പോസ്റ്റുകളുടെ പ്രളയമായിരുന്നേനേ! ബൂലോകത്ത് മാത്രമല്ല കേരളത്തിലെ മാധ്യമ പുംഗവന്മാർ പത്രധർമ്മം അറിഞ്ഞ് ഇളകി വശായേനെ. ചില സാംസ്കാരിക കോമരങ്ങൾ മുണ്ടുമഴിച്ച് ആടിയേനെ. നമ്മുടെ യു.ഡി.എഫ് നേതാക്കളൊക്കെ ഡിസ്കോഡാൻസ് കളിച്ചേനെ! വാളകത്ത് മാത്രമല്ല, കേരളമാകെ യു.ഡി.എഫ് ഹർത്താൽ നടന്നേനേ!

അക്രമികൾ സി.പി.എമ്മുകാരല്ലാത്തതുകൊണ്ട് ഇത് ഒരു അക്രമമേ അല്ല. അല്ലെങ്കിൽത്തന്നെ ചെയ്തത് സി.പി.എമ്മുകാരല്ലെങ്കിൽ പിന്നെ എന്ത് മലദ്വാരം, എന്ത് കമ്പിപ്പാര, എന്ത് ജനനേന്ദ്രിയം? അതിനൊക്കെ എന്തു പ്രാധാന്യം! കൊട്ടാരക്കര വാളകം ഭാഗത്തുള്ളവർക്ക് ഇത് വലിയ സംഭവമൊന്നുമല്ല. ഇതിപ്പോ നാലാളറിഞ്ഞുവെന്നേ ഉള്ളൂ. അക്രമം കാണിച്ചതാരെന്ന് ഇപ്പോൾ ആരും വ്യക്തമാക്കിയിട്ടില്ല. ഇനി അന്വേഷിക്കണമത്രേ. , പിന്നെ! അന്വേഷിച്ച് കണ്ടെത്തിയാൽ അക്രമം ചെയ്തവരെയും ചെയ്യിപ്പിച്ചവരെയും പിടിച്ചങ്ങു മൂക്കിൽ കയറ്റിക്കളയും. ഒരു മൈ..........സോറി, ഒരു രോമവും ചെയ്യാൻ പോകുന്നില്ല. അത്രയ്ക്ക് ശക്തിയും സ്വാധീനവും ഇവിടെ അക്രമികൾക്കുണ്ട്.

നീതിയും നിയമവും ഒക്കെ വേറെയാണ്. അവിടെ മാനേജ്മെന്റിന്റെ അടിമകളായിരിക്കണമത്രേ അദ്ധ്യാപകർ. സംഘടനാ പ്രവർത്തനമോ അദ്ധ്യാപക സമരമോ ഒന്നും അവിടെ മുമ്പ് അനുവദിക്കില്ലായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. ഇപ്പോൾ എങ്ങനെയാണെന്ന് അറിയില്ല. സ്കൂളിലൊക്കെ ജോലിയ്ക്ക് കയറുന്നവരെയും കുട്ടികളെ അയക്കുന്നവരെയും പറഞ്ഞാൽ മതിയല്ലോ. കിരീടം വയ്ക്കാത്ത രാജാക്കന്മാരാണ് അവർ. അവരോടൊന്നും സാധാരണ ആരും കളിക്കാൻ പോകാറില്ല. ആർക്കാണ് ജീവഭയം ഇല്ലാത്തത്. ഇനിയിപ്പോൾ കളിച്ചവർ അനുഭവിക്കട്ടെ! അല്ലാതെ പ്രതിഷേധിച്ചിട്ടോ അപലപിച്ചിട്ടോ ഒരു കാര്യവുമില്ല. ക്രൂരകൃത്യം ചെയ്തവർക്കെതിരെ ഒരു നടപടിയും ഉണ്ടാകാൻ പോകുന്നില്ല. നിയമപാലകർക്കും ഇല്ലേ ജിവ ഭയം. നമുക്ക് വല്ല മാർക്സിസ്റ്റുകാരും സമാനമായ വല്ല അക്രമമോ നടത്തുന്നതും കാത്തിരിക്കാം. അപലപിക്കാൻ. പോസ്റ്റുകൾ ഇടാൻ! കേട്ടോ ബൂലോകരേ!