Wednesday, December 15, 2010

കൂട്ടട്ടങ്ങനെ കൂട്ടട്ടെ!

കൂട്ടട്ടങ്ങനെ കൂട്ടട്ടെ! എണ്ണവിലയും എല്ലാവിലയും !

കൂട്ടട്ടെ കൂട്ടട്ടെ! കേരളത്തിലെ അടക്കം ജനങ്ങൾ വോട്ട് ചെയ്ത് വൻ ഭൂരിപക്ഷം നൽകി അധികരത്തിൽ ഏറ്റിയ സർക്കാരാണ് കേന്ദ്രസർക്കാർ. അവരാണ് വില നിയന്ത്രണം എണ്ണ ക്കമ്പനികളെ ഏല്പിച്ചത്. അതിനും ഒക്കെ കൂടിയുള്ള അധികാരമാണ് ജനങ്ങൾ അവർക്കു നൽകിയിട്ടുള്ളത്. ജങ്ങൾ തെരഞ്ഞെടുത്ത സർക്കാർ എടുക്കുന്ന തീരുമാനങ്ങളെ എതിർക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. അതിനാൽ മനോമനൻ ഇതാ ഈ വിലവർദ്ധനവിനെ പിന്തുണച്ചതായി പ്രഖ്യാപിച്ചു കൊള്ളുന്നു. എല്ലാവരും പിന്തുണയ്ക്കിൻ പിന്തുണയ്ക്കിൻ!

ഡീസലിന്റെ വില പുറകേ കൂടുന്നുണ്ട്. പാചക വാതകം, മണ്ണെണ്ണ ഇവയുടെ ഒക്കെ വില പുറകേ കൂടുന്നുണ്ട്. സ്വഗതം ചെയ്യിൻ സ്വാഗതം ചെയ്യിൻ. കേരളത്തിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ കൊടുക്കാൻ കഴിയില്ലെന്നും നഷ്ടം സഹിച്ച് വണ്ടി ഓടിക്കാൻ കഴിയില്ലെന്നും പ്രൈവറ്റ് ബസ് ഉടകളുടെ നേതാക്കൾ ഇന്നു തന്നെ പറഞ്ഞു കഴിഞ്ഞു. കേന്ദ്രത്തിൽ ജനങ്ങൾ നൽകിയ വിധിയെ മാനിച്ച് ബസ് ചാർജ് കൂട്ടിക്കൊടുക്കാതിരുന്ന് കേരള സർക്കാർ ജാധിപത്യത്തെ അപമാനിക്കുമോ എന്തൊ!

അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ കൂടി കോൺഗ്രസ്സിനു വോട്ടു ചെയ്യാതെ വല്ല അപകടത്തിലും പെട്ട് മരിക്കാതിരുന്നാൽ മതിയായിരുന്നു. ഇനിയും ഏതാനും മാസങ്ങൾ കൂടി കാത്തിരിക്കുന്നത് ഓർക്കാൻ തന്നെ വയ്യ. എങ്ങനെയും കേരളത്തിൽ കൂടി കോൺഗ്രസ്സിനെ കയറ്റണം. എന്നിട്ടു വേണം ഒന്നു സമാധാനത്തൊടെ നടു നിവർത്തി നിൽക്കാൻ. പിന്നെ മരിച്ചാലും വേണ്ടില്ല.

ഇനി ഇന്ന് നമ്മുടെ മനോരമ ചാനലിൽ പെട്രോൾ വില വർദ്ധനയുമായി ബന്ധപ്പെടുത്തി നിങ്ങൾ പറയൂ എന്ന പരിപാടിയിൽ ടെലഫോണിലൂടെ ചില ജനാധിപത്യ വിരുദ്ധരും വിവരദോഷികളും പറഞ്ഞ അഭിപ്രായങ്ങൾ. കൊല്ലത്ത് നിന്ന് ഒരു നൌഷാദ് പറഞ്ഞതിന്റെ സാരാംശം:

ഈ മൻ മോഹൻ സിംഗ് സർക്കാർ ചെയ്തിരിക്കുന്നത് കൊടും ചതിയാണ്. അധികാരത്തിൽ ഏറ്റിയ ജനങ്ങളോടുള്ള വെല്ലുവിളി. ഞാനും എന്റെ (നൌഷാദിന്റെയാണേ) കുടുംബവും നാളിതുവരെ കോൺഗ്രസ്സിനു മാത്രമേ വോട്ടു ചെയ്തീട്ടൂള്ളൂ. പക്ഷെ ഇനി ഇതു സഹിക്കാനാകില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെതിരെ ഇടതുപക്ഷത്തിന് വോട്ടു ചെയ്ത് ജനങ്ങൾ പ്രതികരിക്കണം. നമ്മളുമ കാങ്ക്ിനു ചെയ്യൂല. ചാനലത്തി; നന്ദി, നൌഷാദ് പ്രതികരിച്ചതിന് !

അടിയുറച്ച കോൺഗ്രസ്സുകാരനൊരാൾ ഇങ്ങനെ വിവര ദോഷം പറഞ്ഞാൽ ആ ഇടത്തന്മാർ എന്തു പറഞ്ഞു കൂട? മോശം മോശം. നൌഷാദ് വഴി തെറ്റിയിരിക്കുന്നു. നൌഷാദിനു പിശാചു ബാധയാണ്. ഉടനെ നല്ല മുസലിയാരെ കണ്ട് ഒരു നൂലോതി കെട്ടിക്കണം.

ഇനി വളാഞ്ചേരിയിൽ നിന്ന് ഇടതുപക്ഷമഹാരോഗം ബാധിച്ച മറ്റൊരാൾ. സോറി ആ പേരു ഓർമ്മയിൽ നിന്നില്ല. ആ വളാഞ്ചേരി ഇടത്തൻ പറഞ്ഞതിന്റെ സാരം. : കഴിഞ്ഞ തവണ പെട്രോൾ ഡീസൽ വില കൂട്ടിയപ്പോൾ ഹർത്താൽ നടത്തിയ ഇടതുപക്ഷത്തിനെതിരെ അന്തൊണിച്ചായന്റെ ഭാഷയിൽ പറഞ്ഞാൽ ക്രൂരമായും പൈശാചികമായും ആക്ഷേപം പറഞ്ഞവരാണു നിങ്ങൾ. സാധാരണ ജനങ്ങൾക്ക് ശക്തമായി പ്രതിഷേധിക്കാൻ അതൊക്കെയെ വഴിയുണ്ടായിരുന്നുള്ളൂ. പക്ഷെ ഹർത്താൽ നടത്തിയാൽ വില കുറയുമോ എന്നായിരുന്നു നിങ്ങൾ ചാനൽ കാരുടെ ചോദ്യം.

ഇപ്പോൾ നിങ്ങൾ ചർച്ച നടത്തിയാൽ വില കുറയുമോ എന്നാണ് ഞാൻ തിരിച്ചു ചോദിക്കുന്നത്. വിലവർദ്ധനവിനെതിരെ പ്രതികരിക്കാൻ നിങ്ങൾക്ക് ധാർമ്മികമായി എന്തവകാശമാണുള്ളത്? (ചാനലത്തിയിൽ ഒരു കുസൃതി ചിരി വന്നതായിരുന്നു. ചാനൽ മുതലാളിയെ ഭയന്ന് പുറത്തെടുത്തില്ല.) ചാനലത്തി: വളരെയധികം നന്ദി വളാഞ്ചെരി പൌരൻ ! .

മറ്റു ചിലരും പ്രതികരിച്ചിരുന്നു. അവരും വിലവർദ്ധനവിനെ എതിർത്തു. അതൊന്നും ഇനി ഇവിടെ എഴുതുന്നില്ല. പോയിട്ട് കോൺഗ്രസ്സിന് ഇത്തിരി വോട്ട് ഇപ്പോഴേ പിടിക്കനുള്ളതാണ്! വില വർദ്ധനവ് ന്യായീകരിക്കാൻ ആകില്ലെന്നു തന്നെ ചാനലത്തിക്കൊച്ചും പറഞ്ഞത് എന്നത് ഇവിടെ വിഴുങ്ങുന്നതൊന്നുമില്ല

No comments: