Thursday, September 29, 2011

കൊട്ടാരക്കരയിൽ വാളകത്ത് ഒരു സംഭവം നടന്നായിരുന്നു

കൊട്ടാരക്കരയിൽ വാളകത്ത് ഒരു സംഭവം നടന്നായിരുന്നു

ഇന്നലെ കൊട്ടാരക്കരയിൽ വാളകത്ത് ഒരു സംഭവം നടന്നായിരുന്നു. ബൂലോകരൊന്നും അറിയാത്തതുപോലെ! നമ്മുടെ ബാലകൃഷ്ണ പിള്ള സാറിന്റെ സ്കൂളിൽ സ്കൂൾ മാനേജ്മെന്റിന്റെ താല്പര്യത്തിനു വിരുദ്ധമായി കോടതിയിൽ പോയി സ്വന്തം പ്രമോഷൻ കാര്യത്തിൽ അനുകൂല വിധി സമ്പാദിച്ച സ്കൂളിലെ ഒരു അദ്ധ്യാപികയുടെ ഭർത്താവും ഇതേ സ്കൂളിലെ അദ്ധ്യാപകനുമായിരുന്ന കൃഷ്ണകുമാറിനെ ഒരു സംഘം ഗുണ്ടകൾ പൈശാചികമായി ആക്രമിച്ചു മൃതപ്രായനാക്കി. മലദ്വാരത്തിൽ കമ്പിപ്പാര കുത്തിക്കയറ്റി ആന്തരികാവയങ്ങൾ തകർത്തു. ജനനേന്ദ്രിയവും തകർത്തു. അദ്ധ്യാപകൻ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ ആശുപത്രിയിലാണ്. ജീവൻ നിലനിർത്താൻ ഡോക്ടർമാർ പാടുപെടുകയാണ്.

ലോകത്ത് എന്തു നടന്നാലും പ്രതികരിക്കുന്ന നമ്മുടേ ബൂലോക വാസികൾ ആരെങ്കിലും ഇതു സംബന്ധിച്ച് വല്ല പോസ്റ്റും ഇട്ടിട്ടുണ്ടോ എന്നറിയാൻ രാവിലെ തന്നെ അഗ്രഗേറ്ററുകളിൽ കയറി നോക്കി. ഒന്നു രണ്ട് വാർത്തകളുടെ ലിങ്ക് മാത്രം കിട്ടി. ബൂലോകർ ആരും ഇതറിഞ്ഞതായി പോലും ഭാവിക്കുന്നില്ല. അക്രമത്തിനു പിന്നിൽ ഏതെങ്കിലും സി.പി.എമ്മു കാരന്റെ അച്ഛന്റെ അമ്മയുടെ രണ്ടാംകെട്ടുകാരനിലുണ്ടായ മകന്റെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവ് കെട്ടിയ പെണ്ണിന്റെ അയല്പക്കത്ത് താമസിച്ചിരുന്ന ഒരുത്തന്റെ രണ്ടാനച്ഛന്റെ രണ്ടാം പെണ്ടാട്ടിയുടെ ജാരന്റെ അയൽ വാസികൾ ആരെങ്കിലുമായിരുന്നെങ്കിൽ ഇപ്പോൾ ബൂലോകത്ത് പോസ്റ്റുകളുടെ പ്രളയമായിരുന്നേനേ! ബൂലോകത്ത് മാത്രമല്ല കേരളത്തിലെ മാധ്യമ പുംഗവന്മാർ പത്രധർമ്മം അറിഞ്ഞ് ഇളകി വശായേനെ. ചില സാംസ്കാരിക കോമരങ്ങൾ മുണ്ടുമഴിച്ച് ആടിയേനെ. നമ്മുടെ യു.ഡി.എഫ് നേതാക്കളൊക്കെ ഡിസ്കോഡാൻസ് കളിച്ചേനെ! വാളകത്ത് മാത്രമല്ല, കേരളമാകെ യു.ഡി.എഫ് ഹർത്താൽ നടന്നേനേ!

അക്രമികൾ സി.പി.എമ്മുകാരല്ലാത്തതുകൊണ്ട് ഇത് ഒരു അക്രമമേ അല്ല. അല്ലെങ്കിൽത്തന്നെ ചെയ്തത് സി.പി.എമ്മുകാരല്ലെങ്കിൽ പിന്നെ എന്ത് മലദ്വാരം, എന്ത് കമ്പിപ്പാര, എന്ത് ജനനേന്ദ്രിയം? അതിനൊക്കെ എന്തു പ്രാധാന്യം! കൊട്ടാരക്കര വാളകം ഭാഗത്തുള്ളവർക്ക് ഇത് വലിയ സംഭവമൊന്നുമല്ല. ഇതിപ്പോ നാലാളറിഞ്ഞുവെന്നേ ഉള്ളൂ. അക്രമം കാണിച്ചതാരെന്ന് ഇപ്പോൾ ആരും വ്യക്തമാക്കിയിട്ടില്ല. ഇനി അന്വേഷിക്കണമത്രേ. , പിന്നെ! അന്വേഷിച്ച് കണ്ടെത്തിയാൽ അക്രമം ചെയ്തവരെയും ചെയ്യിപ്പിച്ചവരെയും പിടിച്ചങ്ങു മൂക്കിൽ കയറ്റിക്കളയും. ഒരു മൈ..........സോറി, ഒരു രോമവും ചെയ്യാൻ പോകുന്നില്ല. അത്രയ്ക്ക് ശക്തിയും സ്വാധീനവും ഇവിടെ അക്രമികൾക്കുണ്ട്.

നീതിയും നിയമവും ഒക്കെ വേറെയാണ്. അവിടെ മാനേജ്മെന്റിന്റെ അടിമകളായിരിക്കണമത്രേ അദ്ധ്യാപകർ. സംഘടനാ പ്രവർത്തനമോ അദ്ധ്യാപക സമരമോ ഒന്നും അവിടെ മുമ്പ് അനുവദിക്കില്ലായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. ഇപ്പോൾ എങ്ങനെയാണെന്ന് അറിയില്ല. സ്കൂളിലൊക്കെ ജോലിയ്ക്ക് കയറുന്നവരെയും കുട്ടികളെ അയക്കുന്നവരെയും പറഞ്ഞാൽ മതിയല്ലോ. കിരീടം വയ്ക്കാത്ത രാജാക്കന്മാരാണ് അവർ. അവരോടൊന്നും സാധാരണ ആരും കളിക്കാൻ പോകാറില്ല. ആർക്കാണ് ജീവഭയം ഇല്ലാത്തത്. ഇനിയിപ്പോൾ കളിച്ചവർ അനുഭവിക്കട്ടെ! അല്ലാതെ പ്രതിഷേധിച്ചിട്ടോ അപലപിച്ചിട്ടോ ഒരു കാര്യവുമില്ല. ക്രൂരകൃത്യം ചെയ്തവർക്കെതിരെ ഒരു നടപടിയും ഉണ്ടാകാൻ പോകുന്നില്ല. നിയമപാലകർക്കും ഇല്ലേ ജിവ ഭയം. നമുക്ക് വല്ല മാർക്സിസ്റ്റുകാരും സമാനമായ വല്ല അക്രമമോ നടത്തുന്നതും കാത്തിരിക്കാം. അപലപിക്കാൻ. പോസ്റ്റുകൾ ഇടാൻ! കേട്ടോ ബൂലോകരേ!

Tuesday, March 22, 2011

ബാലകൃഷണപിള്ളസാർ മത്സരിക്കുമ്പോൾ

ബാലകൃഷണപിള്ളസാർ മത്സരിക്കുമ്പോൾ

ശ്രീ.ആർ. ബാലകൃഷ്ണപിള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാർട്ടിയ്ക്കും യു.ഡി.എഫിനും ഉണ്ട്. അതവരുടെ ആഭ്യന്തരകാര്യമാണ്. അവരവരുടെ ധാർമ്മിക ബോധമാണ് അത് നിർണ്ണയിക്കുന്നത്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു നേതാവാണദ്ദേഹമെന്നും സാങ്കേതികമായി അദ്ദേഹം ജയിലിലായി പോയെന്നേയുള്ളൂ എന്നും ഒരു ചാനൽ ചർച്ചയിൽ കോൺഗ്രസ്സ് നേതാവ് കെ.സി. രാജൻ പറയുന്നതു കേട്ടു. അതുകൊണ്ട് അദ്ദേഹം കൊട്ടാരക്കരയിൽ മത്സരിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നു സാരം. ഇടതുപക്ഷത്തിന് യു.ഡി.എഫിനെതിരെ പ്രചരണം നടത്താൻ ഒരു കാര്യം കൂടി കിട്ടുന്നത് എൽ.ഡി.എഫ് നേടാൻ പോകുന്ന വിജയത്തിന്റെ ആക്കം കൂട്ടും എന്നത് മറ്റൊരു സത്യം.

അതൊക്കെ എന്തും ആയിക്കൊള്ളട്ടെ. ഇവിടെ ഇപ്പോൾ സ.പിണറായി വിജയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിൽ ഈ യു.ഡി.എഫുകാരും നിഷ്പക്ഷമൂടുപടക്കാരും എന്തെല്ലാം വിമർശനങ്ങൾ ഉയർത്തുമായിരുന്നു! സ. പിണറായി വിജയനെ ഒരു കോടതിയും കുറ്റക്കാരനെന്നു കണ്ടെത്തുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല.യാതൊരടിസ്ഥാനവുമില്ലാത്ത രാഷ്ട്രീയപ്രേരിതമായ ഒരു ആരോപണമാണ് സ. പിണറായിക്കെതിരെ ഉയർത്തിക്കൊണ്ടു വന്നത്. എങ്കിൽ പോലും സ.പിണറായി മത്സരിച്ചിരുന്നെങ്കിൽ എന്തെല്ലാം പറയുമായിരുന്നു ഈകൂട്ടർ! ഇപ്പോഴും യു.ഡി.എഫ്, കോൺഗ്രസ്സ് നേതാക്കന്മാരെക്കുറിച്ച് ഏത് അഴിമതി ആരോപണം വരുമ്പോഴും ശിക്ഷിക്കപ്പെടുമ്പോഴും അതിനെ പ്രതിരോധിക്കാൻ അവർ എടുത്ത് പ്രയോഗിക്കുന്ന ആയുധം ലാവ്ലിൻ കേസാണ്. അതിന് യാതൊരു അടിസ്ഥാനവുമില്ല എന്നത് അവിടെ നിൽക്കട്ടെ.

ഇപ്പോൾ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന സ.ആർ.ബാലകൃഷ്ണപ്പിള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലെ ധാർമ്മികത ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുള്ള ധാർമ്മിക ബോധം യു.ഡി.എഫും കോൺഗ്രസ്സും കാണിക്കുമോ എന്നാണ് ജനങ്ങൾ ഉറ്റു നോക്കുന്നത്. പിള്ളസാറ് ഒരു കരുത്തനായ ഒരു നേതാവാണെന്ന് സമ്മതിക്കുന്നു. പക്ഷെ യു.ഡി.എഫിനെ ഇക്കാര്യത്തിൽകൂടി പ്രതിരോധത്തിലാക്കാതെ തൽക്കാലം മത്സരരംഗത്ത് നിന്ന് മാറി നിൽക്കാനുള്ള സൌമനസ്യമെങ്കിലും ഈ കരുത്തനായ സാരഥി തയ്യാറാകുമോ എന്നതാണ് പ്രസക്തമായ വിഷയം.കഷ്ടം എന്നല്ലാതെ എന്തു പറയാൻ!

Thursday, March 17, 2011

സ. വി.എസ് ചെത്തമരത്തിന്റെ ഉച്ചിയിലിരുന്ന് നമ്മെ വിഷമിപ്പിക്കുന്നതെന്തിന് ?


സ. വി.എസ് ചെത്തമരത്തിന്റെ ഉച്ചിയിലിരുന്ന് നമ്മെ വിഷമിപ്പിക്കുന്നതെന്തിന് ?


ഒരാൾ ആദർശവാനെണെന്നോ ജനങ്ങൾ വളരെയേറെ ഇഷ്ടപ്പെടുന്ന ആളാണെന്നോ കരുതി ആയുഷ്കാലം മുഴുവൻ ആ ആൾ തന്നെ മുഖ്യമന്ത്രി ആയിക്കൊള്ളണം എന്നില്ല. അദർശം കാണിക്കുവാനോ തിന്മകൾക്കെതിരെ പോരാടുവാനോ മുഖ്യമന്ത്രി ആയാലേ പറ്റൂ എന്നും ഇല്ല. ഇത് സ. വി.എസ്. അച്യുതാനന്ദൻ തെളിയിച്ചിട്ടുള്ളതുമാണ്. എത്ര ആദർശവാനാണെങ്കിലും ഒരു സി.പി.ഐ (എം) നേതാവിനെ സംബന്ധിച്ച് പാർട്ടി തീരുമാനങ്ങൾ അംഗീകരിക്കാൻ ബാദ്ധ്യസ്ഥനാണ്. അല്ലാതെ വന്നാൽ ആദർശവാനും ജനകീയനാണെന്നും കരുതി ചില വിട്ടുവീഴ്ചകൾ ചെയ്യാമെന്നല്ലാതെ പാർട്ടിയ്ക്ക് നിരന്തരം അത് കണ്ടില്ലെന്ന് നടിക്കാനുമാകില്ല.ആതുകൊണ്ടാണല്ലോ കേന്ദ്ര കമ്മിറ്റി അദ്ദേഹത്തെ താക്കീത് ചെയ്തതും പിന്നീട് പോളിറ്റ് ബ്യൂറോയിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതും ഒക്കെ.

കഴിഞ്ഞ തവണ ജനകീയ സമ്മർദ്ദത്തെ തുടർന്ന് പാർട്ടി അദ്ദേഹത്തെ സ്ഥാനാർത്ഥിയും ജയിച്ചപ്പോൾ മുഖ്യമന്ത്രിയുമാക്കി. ജനകീയ സമ്മർദ്ദത്തെ തുടർന്ന് സ്ഥാനാർത്ഥിയാക്കി ജനവികാരം അടക്കിയിട്ട് വേണമെങ്കിൽ തെരഞ്ഞെടുപ്പിനു ശേഷം അന്ന് മുഖ്യമന്ത്രി ആക്കാതിരിക്കാ‍യിരുന്നു. പക്ഷെ അത്തരം ഒരു വഞ്ചന പാർട്ടി ചെയ്തില്ല. ജനവികാരം മാനിച്ചു. മാത്രമല്ല ഒരു വട്ടമെങ്കിലും പാർട്ടി അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കേണ്ടതാണെന്നും അതിനുള്ള യോഗ്യത അദ്ദേഹം തെളിയിച്ചിട്ടുള്ളതാണെന്നും ഉള്ള ബോദ്ധ്യം കൂടി ഉള്ളതുകൊണ്ടാണ് പാർട്ടി കഴിഞ്ഞ പ്രാവശ്യം അദ്ദേഹത്തെത്തന്നെ മുഖ്യമന്ത്രിയാക്കിയത്. അദ്ദേഹം നടത്തിയ പോരാട്ടങ്ങൾക്കും പാർട്ടിയിൽ നൽകിയ സേവനങ്ങൾക്കും നൽകിയ അംഗീകാരം കൂടിയായിരുന്നു അത്. വേണമെങ്കിൽ കഴിഞ്ഞ പ്രാവശ്യവും ഭരണം കിട്ടിയില്ലെങ്കിലും വേണ്ടില്ല പാർട്ടി തീരുമാനം നടപ്പിലാക്കിയാൽ മതിയെന്ന് തീരുമാനിക്കാമായിരുന്നു. പക്ഷെ അന്ന് പാർട്ടി നേതൃത്വം അത്രയും കടും പിടിത്തം കാണിച്ചില്ല. അദ്ദേഹത്തെ മുഖ്യമന്ത്രി ആക്കാതിരിക്കുകയും ചെയ്തില്ല.

ഇത്തവണയും വേണമെങ്കിൽ തന്ത്രപരമായി വി.എസിനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് നിയമസഭയിൽ ഭൂരിപക്ഷം നേടിയ ശേഷം മറ്റാരെയെങ്കിലും മുഖ്യമന്ത്രിയാക്കാമായിരുന്നു. പക്ഷെ ജനങ്ങളെ പറ്റിയ്ക്കുന്ന അത്തരം വില കുറഞ്ഞ തീരുമാനത്തിനൊന്നും സി.പി.ഐ (എം) നേതൃത്വം തയ്യാറായില്ല എന്നത് അംഗീകകരിക്കേണ്ട കാര്യമാണ്.പാർട്ടിയെ സംബന്ധിച്ചിടത്തോളം ഭരണം മാത്രമല്ല പ്രധാനം. ഭരണം തന്നെ ഈ പാർട്ടിയ്ക്കും മുന്നണിയ്ക്കും ഒരു പോരാട്ടമാണ്. ഭരണകൂടം താനേ കൊഴിഞ്ഞു വീഴുന്ന ഒരു സമ്പൂർണ്ണ സമത്വാധിഷ്ഠിത സമൂഹത്തിന്റെ സൃഷ്ടിയ്ക്ക് വേണ്ടി നില കൊള്ളുന്ന ഒരു പാർട്ടിയെ സംബന്ധിച്ച് ഭരണം കിട്ടുന്നതും കിട്ടാതിരിക്കുന്നതും ഒരു പ്രശ്നമേയല്ല. ഭരണത്തിന്റെ ബലത്തിൽ വളർന്ന ഒരു പാർട്ടിയല്ല സി.പി.ഐ (എം). വളർന്ന് ജകീയാടിത്തറ കൈവന്ന ശേഷം ഭരണം കിട്ടി തുടങ്ങിയ പാർട്ടിയാണ്. ഭരണം വല്ലേടത്തും കിട്ടിയാൽ ഭരിക്കും. ഇല്ലെങ്കിലും പാർട്ടി ഉണ്ടാകും. ഭരിക്കാൻ വേണ്ടി മാത്രം രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പാർട്ടിയുമല്ല. അങ്ങനെയെങ്കിൽ ഭരണമേ കിട്ടാത്ത സ്ഥലങ്ങളിൽ ഇപ്പോൾ പാർട്ടി ഉണ്ടാകുമായിരുന്നില്ലല്ലോ.

ഇവിടെ ഇപ്പോൾ സി.പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും വി.എസും പിണറായിയും മത്സരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതിനു പിന്നിൽ ഗ്രൂപ്പ് താല്പര്യങ്ങൾ ഒന്നുമില്ല. പിണറായി ഗ്രൂപ്പ് എന്ന് കരുതപ്പെടുന്ന നേതാക്കൾ തന്നെ പാർട്ടി സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും വി.എസ് മത്സരിക്കണം എന്നാണ് ആവശ്യപ്പെട്ടത്. മറിച്ച് വി.എസ് പക്ഷം എന്ന് വിശേഷിപ്പിച്ചിരുന്നവർ എല്ലാം വി.എസ്. മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതുമില്ല എന്നാണ് വിവരം.

മറ്റൊന്ന് സ. പിണറായി വിജയൻ മുഖ്യമന്ത്രിയാകാൻ കച്ചകെട്ടി നിൽക്കുന്നുവെന്ന തരത്തിലാണ് കഴിഞ്ഞ തവണയും ഇത്തവണയും നമ്മുടെ ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. എന്നാൽ രണ്ട് തവണയും സ.പിണറായി വിജയൻ മത്സരത്തിനില്ല എന്നാണ് പറഞ്ഞതും തീരുമാനിച്ചതും. ലാവ്ലിൻ കേസിൽ പിണറായി കുറ്റക്കാരനല്ലെന്ന് ഉമ്മൻ ചാണ്ടി പോലും സമ്മതിച്ച ഒരു സാഹചര്യമാണിപ്പോൾ ഉള്ളത്. എന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്ന ഒരു വിഷയം നിലവിലിരിക്കുന്നതുകൊണ്ടും തെരഞ്ഞെടുപ്പിൽ അത് വീണ്ടും പ്രചരണായുധമായേക്കും എന്നും അത് പാർട്ടിയെയും മുന്നണിയെയും ബാധിക്കുമെന്നും കരുതിയിട്ടാകണം സ. പിണറായി മത്സരംഗത്ത് നിന്നും മാറിനിൽക്കുന്നത്. എന്നാൽ അതിനെ അഭിനദിക്കാൻ ആരുമില്ല.

ഒരിക്കൽ സംഭവബഹുലമായി മുഖ്യമന്ത്രി പദം അലങ്കരിച്ച ശേഷവും എൺപത്തിയേഴു വയസുള്ള സ. വി.എസ് മത്സരിക്കാതിരിക്കുന്നതിനെ പറ്റി പ്രചരിപ്പിക്കുവാനേ മാദ്ധ്യമങ്ങൾക്ക് താല്പര്യമുള്ളൂ. മുഖ്യമന്ത്രി പദത്തെക്കാൾ ഒട്ടും മോശമല്ല പാർട്ടി പദവിയെന്ന് കരുതുന്ന സ. പിണറായിയെ പറ്റി രണ്ട് നല്ല വാക്ക് പറയാൻ ഒരു മാദ്ധ്യമവുമില്ല. കാരണം പിണറായി യാതൊരു കുറ്റവും ചെയ്യാത്ത ഒരു ലാവ്ലിൻ കേസിന്റെ പേരിലാണ് പിണറായിയുടെ നല്ല വശങ്ങളെ ആരും ഉയർത്തി കാട്ടാത്തത്. ഏതൊരു വ്യക്തിയുടെയും സ്വഭാവത്തിലും പെരുമാറ്റത്തിലും ഗുണവും ദോഷവും കാണും. ഇത് വി.എസിലും കാണും പിണറായിയിലും കാണും. എന്നാൽ ഒരാളുടെ ഗുണങ്ങളെ മാത്രം വാഴ്ത്തുകയും ദോഷങ്ങളെ മറച്ചു വയ്ക്കുകയും മറ്റൊരാളുടെ ഗുണങ്ങളെ അവഗണിക്കുകയും ചെയ്യുന്ന തികച്ചും പക്ഷപാത പരമായ സമീപനമാണ് വി.എസ്-പിണറായി വിഷയത്തിൽ നമ്മുടെ മാദ്ധ്യമങ്ങൾ പുലർത്തിപ്പോരുന്നത്.

വി.എസിനെ ചെത്തമരത്തിൽ കയറ്റി കയറ്റി നമ്മുടെ മാധ്യമങ്ങൾ എവിടെ കൊണ്ടെത്തിച്ചു എന്ന് ഇപ്പോൾ നാം മനസിലാക്കുന്നു. ആദർശങ്ങളെയും പാർട്ടിയെയും ഒരു പോലെ കാണുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന് സ. വി.എസ് ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ പാലിക്കേണ്ട സൂക്ഷ്മതയുടെ കാര്യത്തിൽ അദ്ദേഹത്തിന് വീഴ്ച പറ്റിയെന്നാണ് കരുതേണ്ടത്. താൻ ഉയർത്തി പിടിക്കുന്ന മൂല്യങ്ങൾക്ക് വേണ്ടി പത്താളെ പാർട്ടി നേതൃത്വത്തിൽ കൂടെ നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നതിൽ നിന്നുതന്നെ ഇത് വ്യക്തമാണ്. കൂടെ നിന്നവർ ഒന്നൊന്നായി അദ്ദേഹത്തെ വിട്ടു പോകുമ്പോൾ ഒരു ആത്മ പരിശോധനയ്ക്ക് എപ്പോഴെങ്കിലും സഖാവ് തയ്യാറായിരുന്നെങ്കിൽ ഈ നിലയിൽ അദ്ദേഹം ഒറ്റപ്പെടുമായിരുന്നില്ല.

സ. പിണറായിയോടുള്ള സ്നേഹം കൊണ്ട് ഇവിടെ ആരും പിണറായി ഗ്രൂപ്പിലോ വി.എസിനോടുള്ള താല്പര്യം കൊണ്ട് ആരും വി.എസ് ഗ്രൂപ്പിലോ നിൽക്കുന്നില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. മാത്രവുമല്ല ഗ്രൂപ്പ് എന്ന് നാം പറയുമ്പോൾ എന്താണോ വാക്കുകൊണ്ട് നാം വിവക്ഷിക്കുന്നത് ആ അർത്ഥത്തിലുള്ള ഒരു ഗ്രൂപ്പ് പാർട്ടിയിൽ ഇന്നുമില്ല; ഒരിക്കലും ഉണ്ടായിട്ടുമില്ല. അത് പാർട്ടിയുടെ ഉള്ളുകള്ളികൾ അറിയാവുന്നവർക്ക് മനസിലാകും. ചില നിലപാടുകളുമായി ബന്ധപ്പെട്ടും പാർട്ടിയിൽ ഓരോരുത്തർക്കും ലഭിക്കുന്ന അവസരങ്ങളുമായിട്ടും ഒക്കെ ബന്ധപ്പെടുന്നതാണ് വിഭാഗീയത. ഇരു പക്ഷത്തും ഒരേ സ്വഭാവവും നിലവാരവും പുലർത്തുന്നവർ കാണും. ഗുണമായാലും ദോഷമായാലും. അല്ലാതെ ഒരു ഭാഗത്ത് സൽഗുണസമ്പന്നന്മാരും മറുഭാഗത്ത് മുഴുവൻ കുഴപ്പക്കാരും എന്ന അവസ്ഥ പാർട്ടിക്കുള്ളിലെ ഗ്രൂപ്പുകളിൽ (ഗ്രൂപ്പ് എന്ന് പറഞ്ഞാലേ മനസിലാകൂ) ഇല്ല.

ഇവിടെ ഇപ്പോൾ ഭരണം കിട്ടുമോ ഇല്ലയോ എന്നതല്ല പ്രശ്നം. വി.എസ് മത്സരിക്കാത്തതിലും പിണറായി മത്സരിക്കാത്തതിലും ഒക്കെ വിഷമമുള്ള പാർട്ടി സഖാക്കൾ ഉണ്ട്. എന്നാൽ ഇത്തരം ഒരു അവസ്ഥയിൽ പാർട്ടി നേതൃത്വം ചെന്നെത്തിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സ.വി.എസിനും ഒഴിഞ്ഞുമാറാനാകില്ല. പാർട്ടിയും താനും രണ്ടെന്ന രീതിയിൽ മുന്നോട്ട് പോയാൽ ഒരു ഘട്ടം കഴിയുമ്പോൾ പാർട്ടിയിൽ ഒറ്റപ്പെടുമെന്നും പാർട്ടി അണികളുടെ പിന്തുണ നഷ്ടപ്പെടും എന്നും സ.വി.എസ് ഓർക്കാതെ പോയതിൽ വലിയ വിഷമം ഉണ്ട്. വി.എസ് പിണറായിയോട് പുലർത്തുന്ന വൈര നിര്യാതന ബുദ്ധി സ.പിണറായി വിജയൻ തിരിച്ച് വി.എസിനോട് ഒരിക്കലും പുലർത്തിയിരുന്നില്ല എന്നത് പാർട്ടിക്കുള്ളിൽ ഉള്ളവർക്ക് അറിയാം.

താൻ കുറ്റം ചെയ്യത്ത ഒരു ലാവ്ലിനും അല്പം പരുക്കൻ സ്വഭാവവും മാറ്റി നിർത്തിയാൽ സ. പിണറായിക്ക് എന്തുണ്ട് ഒരു യോഗ്യതക്കുറവ്. ഇത്രമാത്രം ജനങ്ങൾക്കിടയിൽ ഇടിച്ചു താഴ്ത്തി കാണിക്കാൻ മാത്രം സ.പിണറായി വിജയൻ വി.എസിനോട് ചെയ്ത തെറ്റെന്ത് എന്നെങ്കിലും വി.എസ് തുറന്നു പറയണം.നമുക്ക് അറിയാഞ്ഞിട്ടാണ്.അബദ്ധത്തിൽ പോലും ലാവ്ലിൻ കേസിൽ അദ്ദേഹം എന്തായാലും കുറ്റം ചെയ്തിട്ടില്ലെന്ന് നമുക്ക് വ്യക്തമായിട്ടുണ്ട്. താൻ കൂടി വളർത്തി വലുതാക്കിയതും തന്നെ മുഖ്യമന്ത്രി പദത്തോളം ഉയർത്തിയതുമായ പാർട്ടിയെ ഇനിയും പ്രതിരോധത്തിലാക്കാനും ഈ തെരഞ്ഞെടുപ്പിൽ പാർട്ടിയും മുന്നണിയും തോൽക്കുന്നതാണ് നല്ലതെന്നും സ. വി.എസ് തീരുമാനിച്ചാൽ അതെ പറ്റി നാം എന്തു പറയാൻ! അങ്ങനെയെങ്കിൽ ഭരണത്തിന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ തന്നെ പോരാട്ടങ്ങളുടെ തുടർച്ചയും കൂടിയായിരിക്കും നഷ്ടപ്പെടുക.

സ. വി.എസ്. പാർട്ടിയിലുള്ള ചില നേതാക്കളോടും ഗ്രൂപ്പ് പരമായി ഉണ്ടായ വാശിയും വൈരാഗ്യവും വെടിഞ്ഞ് പാർട്ടിയ്ക്ക് വിധേയമായി നിന്നിരുന്നെങ്കിൽ അദ്ദേഹത്തിന്റെ നേതൃത്വത്തി തന്നെ പാർട്ടിയും മുന്നണിയും മത്സരിക്കുന്നതിന്റെ ആവേശത്തിലായിരുന്നേനെ ഇപ്പോൾ നമ്മൾ എല്ലാവരും. എന്നാൽ എല്ലാ അർത്ഥത്തിലും വിധേയമാകണമെന്നു തന്നെ ഇല്ലായിരുന്നു. ആരോഗ്യമുള്ള കാലത്തോളം ഈ പാർട്ടിയെയും മുന്നണിയെയും നയിക്കാൻ അവസരം ലഭിക്കത്തക്ക നിലയിൽ ചില വിട്ടുവീഴ്ചകൾ എങ്കിലും അദ്ദേഹത്തിന് ചെയ്യാമായിരുന്നു!

Tuesday, March 15, 2011

വി.എസിനെ മത്സരിപ്പിക്കുന്നതാണ് ബുദ്ധി


വി.എസിനെ മത്സരിപ്പിക്കുന്നതാണ് ബുദ്ധി


മത്സരിക്കാൻ നാലും തുനിഞ്ഞ് നിൽക്കുകയാണ് വി.എസ്. അദ്ദേഹമില്ലാത്ത പ്രളയകാലത്തെപ്പറ്റി അദ്ദേഹത്തിനു ചിന്തിക്കാനാകുന്നില്ല. പുരയ്ക്കുമേലെ വളർന്നുപോയി. വെട്ടിയിട്ടാൽ ഇത് പുരയ്ക്ക്മുകളിൽ വീണ് കേടുപാട് സംഭവിക്കും. പാർട്ടി സെക്രട്ടറിയെ ജയിലിലടച്ച് വൈരാഗ്യം തീർക്കുകയാണ് ലക്ഷ്യം. പക്ഷെ ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാണ്ഡൻ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്ന മട്ടിലാകും. യു.ഡി.എഫ് കാരുടെ പ്രോത്സാഹനമൊന്നും ഇനി ലഭിക്കില്ല. മാധ്യമങ്ങളും ഏതാണ്ട് കൈവിട്ട മട്ടാണ്.

ഇതൊക്കെയാണെങ്കിലും പക്വതയുള്ള പാർട്ടി നേതൃത്വം ഒരു സുരക്ഷിത സീറ്റ് നൽകി തൽക്കാലം ആക്രാന്തം തീർത്തു കൊടുക്കണം. ചെയ്തതിൽ ചിലതൊക്കെ നല്ല കാര്യങ്ങളും ഉണ്ട്. അവ മാത്രം തൽക്കാലം കണക്കിലെടുക്കുക. ഇനിയും അധികാരത്തിൽ വന്നാൽ പാർട്ടി നേതാക്കളെ ഒന്നടങ്കം കളങ്കിതരും താൻ മാത്രം പൂണ്യാളനും എന്ന നിലയ്ക്കേ പ്രവർത്തിക്കൂ. എങ്കിലും മത്സരിപ്പിക്കുക. എന്തായാലും എൽ.ഡി.എഫ് വരും. മുഖ്യമന്ത്രി ആരെന്ന് ഇപ്പോൾ തീരുമാനിക്കേണ്ട കാര്യം ഇല്ലല്ലോ. മത്സരിച്ച് ജയിച്ച് വരട്ടെ!

ജനങ്ങൾക്കിടയിൽ പല തെറ്റിദ്ധാരണകളും ഇപ്പോഴും നില നിൽക്കുന്നുണ്ട്. വി.എസിനെ മത്സരിപ്പിക്കാതിരിക്കുന്നതിൽ ഈ തെറ്റിദ്ധരിക്കപ്പെട്ട ജനങ്ങൾക്ക് രോഷമുണ്ടാകും. സത്യങ്ങൾ ഇന്നല്ലെങ്കിൽ നാളെ അവർ മനസിലാക്കിക്കൊള്ളും. തൽക്കാലം മത്സരിപ്പിക്കുന്നതാണ് ബുദ്ധി. കാരണം പാർട്ടിയെ അനാവശ്യമായ ഒരു പ്രതിരോധത്തിൽ ഇപ്പോൾ കൊണ്ടുചെന്നെത്തിക്കുന്നത് ബുദ്ധിയല്ല.

യു.ഡി.എഫ് നേതാക്കളുടെ അഴിമതിക്കെതിരെ പൊരുതുന്നതുപോലെയാണ് പിണറായിക്കെതിരെയും പൊരുതുന്നതെന്നാണ് ആളുകൾ ധരിച്ചുവച്ചിരിക്കുന്നത്. പിണറായിയുടെ കാര്യത്തിൽ നടക്കുന്നത് പകപോക്കൽ മാത്രമാനെന്ന് കാലം തെളിയിക്കും. പാർട്ടിയെ ഈ മനുഷ്യൻ പ്രതിരോധത്തിലും പ്രതിസന്ധിയിലുമാക്കാൻ ബോധപൂർവ്വം ശ്രമിക്കുന്ന ഒരാൾക്കുമുന്നിൽ പാർട്ടിയ്ക്ക് അബദ്ധം പറ്റരുത്. തൽക്കലാം വി.എസിനെ മത്സരിപ്പിക്കുക.