Tuesday, March 22, 2011

ബാലകൃഷണപിള്ളസാർ മത്സരിക്കുമ്പോൾ

ബാലകൃഷണപിള്ളസാർ മത്സരിക്കുമ്പോൾ

ശ്രീ.ആർ. ബാലകൃഷ്ണപിള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാർട്ടിയ്ക്കും യു.ഡി.എഫിനും ഉണ്ട്. അതവരുടെ ആഭ്യന്തരകാര്യമാണ്. അവരവരുടെ ധാർമ്മിക ബോധമാണ് അത് നിർണ്ണയിക്കുന്നത്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു നേതാവാണദ്ദേഹമെന്നും സാങ്കേതികമായി അദ്ദേഹം ജയിലിലായി പോയെന്നേയുള്ളൂ എന്നും ഒരു ചാനൽ ചർച്ചയിൽ കോൺഗ്രസ്സ് നേതാവ് കെ.സി. രാജൻ പറയുന്നതു കേട്ടു. അതുകൊണ്ട് അദ്ദേഹം കൊട്ടാരക്കരയിൽ മത്സരിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നു സാരം. ഇടതുപക്ഷത്തിന് യു.ഡി.എഫിനെതിരെ പ്രചരണം നടത്താൻ ഒരു കാര്യം കൂടി കിട്ടുന്നത് എൽ.ഡി.എഫ് നേടാൻ പോകുന്ന വിജയത്തിന്റെ ആക്കം കൂട്ടും എന്നത് മറ്റൊരു സത്യം.

അതൊക്കെ എന്തും ആയിക്കൊള്ളട്ടെ. ഇവിടെ ഇപ്പോൾ സ.പിണറായി വിജയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിൽ ഈ യു.ഡി.എഫുകാരും നിഷ്പക്ഷമൂടുപടക്കാരും എന്തെല്ലാം വിമർശനങ്ങൾ ഉയർത്തുമായിരുന്നു! സ. പിണറായി വിജയനെ ഒരു കോടതിയും കുറ്റക്കാരനെന്നു കണ്ടെത്തുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല.യാതൊരടിസ്ഥാനവുമില്ലാത്ത രാഷ്ട്രീയപ്രേരിതമായ ഒരു ആരോപണമാണ് സ. പിണറായിക്കെതിരെ ഉയർത്തിക്കൊണ്ടു വന്നത്. എങ്കിൽ പോലും സ.പിണറായി മത്സരിച്ചിരുന്നെങ്കിൽ എന്തെല്ലാം പറയുമായിരുന്നു ഈകൂട്ടർ! ഇപ്പോഴും യു.ഡി.എഫ്, കോൺഗ്രസ്സ് നേതാക്കന്മാരെക്കുറിച്ച് ഏത് അഴിമതി ആരോപണം വരുമ്പോഴും ശിക്ഷിക്കപ്പെടുമ്പോഴും അതിനെ പ്രതിരോധിക്കാൻ അവർ എടുത്ത് പ്രയോഗിക്കുന്ന ആയുധം ലാവ്ലിൻ കേസാണ്. അതിന് യാതൊരു അടിസ്ഥാനവുമില്ല എന്നത് അവിടെ നിൽക്കട്ടെ.

ഇപ്പോൾ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന സ.ആർ.ബാലകൃഷ്ണപ്പിള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലെ ധാർമ്മികത ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുള്ള ധാർമ്മിക ബോധം യു.ഡി.എഫും കോൺഗ്രസ്സും കാണിക്കുമോ എന്നാണ് ജനങ്ങൾ ഉറ്റു നോക്കുന്നത്. പിള്ളസാറ് ഒരു കരുത്തനായ ഒരു നേതാവാണെന്ന് സമ്മതിക്കുന്നു. പക്ഷെ യു.ഡി.എഫിനെ ഇക്കാര്യത്തിൽകൂടി പ്രതിരോധത്തിലാക്കാതെ തൽക്കാലം മത്സരരംഗത്ത് നിന്ന് മാറി നിൽക്കാനുള്ള സൌമനസ്യമെങ്കിലും ഈ കരുത്തനായ സാരഥി തയ്യാറാകുമോ എന്നതാണ് പ്രസക്തമായ വിഷയം.കഷ്ടം എന്നല്ലാതെ എന്തു പറയാൻ!

No comments: