Thursday, March 12, 2009

മതവും മാര്‍ക്സിസവും

ഈ കുറിപ്പ്‌ ഇപ്പോൾ എഴുതാൻ ഇടയാക്കിയത്‌ മതവിശ്വാസത്തിനു മാർക്സിസ്റ്റുകൾ പ്രതിബന്ധം സ്ര്‌ഷ്ടിയ്ക്കുന്നില്ലെന്നും അതിനെ ഭയത്തോടെ നോക്കി കണേണ്ടതില്ലെന്നും രണ്ടു പ്രമുഖർപറഞ്ഞതായി വന്ന വാർത്തകൾ ആണ്. ഒന്ന്‌ സീറോ മലബാർ സഭാ മേജർ ആർച്ചു ബിഷപ്പ്‌ മാർവർക്കി വിതയത്തിൽ. മറ്റൊന്ന് കഴിഞ്ഞ അസ്സംബ്ലി തെരഞ്ഞെടുപ്പിലെ കുറ്റിപ്പുറം ഫെയിം കെ.റ്റി.ജലീൽ എം.എൽ.എ. അവർ രണ്ടും പറഞ്ഞത്‌ താഴെ ഉദ്ധരിച്ച് കൊണ്ട്‌ ഈ കുറിപ്പ്‌ ആരംഭിയ്ക്കുന്നു.

വിദ്യാഭ്യാസ കച്ചവടക്കാരെ ഇനി അറസ്റ്റ് ചെയ്യിക്കണം: മാര്‍ വര്‍ക്കി വിതയത്തില്‍

ദേശാഭിമാനിയിൽനിന്ന്‌

കൊച്ചി: വിദ്യാര്‍ഥിപ്രവേശനത്തിന് സംഭാവനയോ, കാപിറ്റേഷന്‍ ഫീസോ ഈടാക്കരുതെന്ന തന്റെ നിര്‍ദേശം അനുസരിക്കാതെ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി അറസ്റ്റ്ചെയ്യിക്കുക മാത്രമേ ഇനി നിവൃത്തിയുള്ളുവെന്ന് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ വര്‍ക്കി വിതയത്തില്‍. കത്തോലിക്കാസഭ കാരുണ്യം, സ്നേഹം, നീതി എന്നിവയില്‍ ഉറച്ചുനിന്നിരുന്നെങ്കില്‍ മാര്‍ക്സിസത്തിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ലെന്ന 'ഹൃദയത്തില്‍നിന്ന് നേരിട്ട്' എന്ന തന്റെ ആത്മകഥാംശമുള്ള പുസ്തകത്തില്‍ അദ്ദേഹം പറയുന്നു.

അധ്യാപകരുടെയും ജീവനക്കാരുടെയും, എന്തിന് കുട്ടികളുടെ പ്രവേശനത്തിനുപോലും പണം വാങ്ങുന്ന കതോലിക്കാ സ്ഥാപനങ്ങള്‍ ഏറെയാണ്. ഇത്തരത്തില്‍ സ്ഥാപനങ്ങള്‍ക്കു കിട്ടുന്ന പണം ചെറുതല്ല. വിദ്യാര്‍ഥിപ്രവേശനത്തിന് സംഭാവനയോ, കാപിറ്റേഷന്‍ ഫീസോ ഈടാക്കരുതെന്ന തന്റെ നിര്‍ദേശം പലരും അനുസരിച്ചില്ല. വാങ്ങിയ പണം തിരിച്ചുനല്‍കണമെന്നും നിര്‍ദേശിച്ചു. അതും അനുസരിച്ചില്ല-മേജര്‍ ആര്‍ച്ച്ബിഷപ് പരിതപിക്കുന്നു. കേരളത്തില്‍ കത്തോലിക്കാസഭയുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കോഴ, സഭയിലെ അമിത ലത്തീന്‍വല്‍ക്കരണം എന്നീ വിവാദ വിഷയങ്ങളില്‍ തുറന്ന അഭിപ്രായം പ്രകടിപ്പിക്കുന്ന പുസ്തകം സഭയ്ക്കുള്ളില്‍നിന്നും യുഡിഎഫ് നേതാക്കള്‍ക്കിടയില്‍നിന്നുമുള്ള കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചാണ് ചൊവ്വാഴ്ച പ്രകാശനംചെയ്തത്.

സത്യദീപം എഡിറ്റര്‍ പോള്‍ തേലക്കാട്ട് ആര്‍ച്ച്ബിഷപ്പുമായി നടത്തിയ അഭിമുഖരൂപത്തിലാണ് പുസ്തകം. സഭാ പ്രഘോഷണങ്ങള്‍ക്കും മാര്‍ക്സിസത്തിനും സമാനതകള്‍ ഏറെയുണ്ട്. മാര്‍ക്സിസത്തില്‍ വിശ്വസിക്കുന്ന പാര്‍ടിക്കുമാത്രമാണ് സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവരുടെ പ്രശ്നങ്ങളില്‍ ശ്രദ്ധയുള്ളു. സഭാതത്വങ്ങളും ആവശ്യപ്പെടുന്നത് അതുതന്നെയാണ്. ദൈവനിഷേധം, ഉരുക്കുമുഷ്ടി എന്നീ കാര്യങ്ങളില്‍ മാത്രമാണ് മാര്‍ക്സിസ്റ്റ് പാര്‍ടിയോട് വിയോജിപ്പ്. എന്നാല്‍, ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ നിരീശ്വരവാദിയായാല്‍ അദ്ദേഹത്തെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുമെന്ന്അദ്ദേഹം പറഞ്ഞു. മറ്റുള്ള പ്രത്യയശാസ്ത്രങ്ങളെയും ആശയങ്ങളെയും ബഹുമാനിക്കാന്‍ കഴിയണം. ആശയപരമായി വിയോജിപ്പുള്ളവരോടും സ്നേഹത്തോടെ പെറുമാറാന്‍ സഭ പഠിക്കണമെന്നും അദ്ദേഹം പുസ്തകത്തില്‍ ഉപദേശിക്കുന്നു. തികഞ്ഞ കത്തോലിക്കനും തന്റെ സ്നേഹിതനുമായിരുന്ന കെ എം ജോര്‍ജ് മന്ത്രിയായിരുന്നപ്പോള്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും ഭൂമിയും നല്‍കാന്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് താന്‍ കത്തെഴുതിയിരുന്നു.

ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കുറയ്ക്കണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, കോഗ്രസ് നയിച്ച മുന്നണി പതിവെന്നപോലെ അന്നും ഒന്നും ചെയ്തില്ല. പിന്നീട് നല്ല കമ്യൂണിസ്റ്റുകാരനായ ഇ എം എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഭൂരഹിതര്‍ക്ക് 10 സെന്റ് ഭൂമിയെങ്കിലും ലഭ്യമാക്കാന്‍ ശക്തമായ നിയമം നടപ്പാക്കിയത്. ലത്തീന്‍ സഭയുമായുള്ള നൂറ്റാണ്ടുകള്‍ നീണ്ട ബന്ധം ഉണ്ടാക്കിയ അമിത ലത്തീന്‍വല്‍ക്കരണത്തെക്കുറിച്ചും വിശദമായി പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

കെ.റ്റി.ജലീൽ എം.എൽ.എ

ദേശാഭിമാനിയിൽ നിന്ന്‌

മതേതര കാഴ്ചപ്പാട്‌ വച്ചു പുലർത്തുന്നവരും നിരീശ്വരവാദികളും എല്ലാം ഉൾപ്പെടുന്ന സി.പി.എമ്മിന്റെ പ്രവർത്തകരും നേതാക്കളും ഒരു ന്യൂനപക്ഷ മത വിശ്വാസിയായ എനിയ്ക്കു നൽകിയ സ്നേഹവും എന്റെ മത വിസ്വാസത്തോട്രു കാണിച്ച ആദരവും നൽകിയ പാഠം വലുതാണ്. ഒരു മത വിശ്വാസിയായ എനിയ്ക്ക്‌ വിശ്വാസ പ്രമാണങ്ങൾ അനുസരിച്ചു തന്നെ പ്രവർത്തിയ്ക്കാൻ ജാഥയിൽ (നവകേരളാമാർച്ച്‌) കഴിഞ്ഞു. ഞാൻ പള്ളിയിൽ നിസ്കരിയ്ക്കാൻ കയറുമ്പോൾ ഇ.പി.ജയരാജനും, എ,വിജയരാഘവനും, എം.വി. ഗോവിന്ദൻ മാസ്റ്ററും ഡോ..സീമയും ഉൾപ്പെടെയുള്ളവർ പുറത്ത്‌ എന്നെ കാത്തുനിന്നത്‌ പുതിയ അനുഭവം ആയിരുന്നു.

ഇനി ഈയുള്ളവന്റെ കുറിപ്പ്‌

കമ്മ്യൂണിസ്റ്റുകൾ മതവിരുദ്ധരും നിരീശ്വരവാദികളും ആണെന്നും അവർ ഭരണത്തിൽ വരുന്നതുവിശ്വാസങ്ങളുടെ തകർച്ചയ്ക്ക്‌ ഇടയാകുമെന്നും ഉള്ള പ്രചരണം എക്കാലത്തും നിലനിൽക്കുന്നഒന്നാണ്. അങ്ങനെയൊരു തെട്ടിദ്ധാരണ ബോധപൂർവ്വം കമ്മ്യൂണിസ്റ്റു വിരുദ്ധർ എക്കാലത്തുംപ്രചരിപ്പിച്ചു പൊരുന്നുമുണ്ട്‌. എന്നാൽ ഏതു വിശ്വാസം വച്ചു പുലർത്തുന്നു എന്നതല്ല എല്ലാമനുഷ്യരുടെയും നന്മയിലേയ്ക്കുള്ള ഒരു മാർഗ്ഗം എന്ന നിലയിലാണ് മാർക്സിസം കൈകാര്യംചെയ്യപ്പെടുന്നത്‌. അതു ന്യൂനതകൾ സർവ്വലേശമില്ലാത്ത ഒരു തത്വശാസ്ത്രമാണെന്നുംഎല്ലാത്തിനും ഉള്ള ഉത്തരം അതു മാത്രമാണെന്നും മാർക്സിസ്റ്റുകൾ ഒട്ട് അവകാശപ്പെടുന്നുമില്ല.

കാരണം മാർക്സിസം എല്ലാ മേഖലകളെയും സ്പർശിച്ചുപോകുന്ന മഹത്തായ ഒരു പ്രത്യയശാസ്ത്രം ആണെങ്കിലും അതു ഊന്നുന്നതു ചില പ്രത്യേക മേഖലകളെയാണ്. അതാകട്ടെ മനുഷ്യനെ സംബന്ധിച്ച്‌ വളരെ പ്രധാനപ്പെട്ടതായ സാമ്പത്തികവും ഭരണരാഷ്ട്രീയ സംബന്ധിയായ മേഖലകളെയാണു താനും. ഇഹ ലോകത്തിലെ ഭൌതികമായ ക്ഷേമമാണ് മാർക്സിസത്തിനു കൂടുതൽ താല്പര്യമുള്ള മേഖല.എന്നാൽ ഇതിന് മറ്റെല്ലാത്തിനേയും പാടെനിരാകരിക്കുന്നു എന്നർഥമില്ല. പക്ഷെ ഒരു കാര്യം ശ്രദ്ധിയ്ക്കേണ്ടത്‌, മനുഷ്യൻ മനുഷ്യനെചൂഷണം ചെയ്യാൻ ഇടയാക്കുന്ന എന്തിനോടും ഏതിനൊടും മാർക്സിസം കലഹിയ്ക്കുന്നു.

മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യാൻ ഇടയാക്കുന്നതും, മനുഷ്യനെ ഉള്ളവനെന്നും ഇല്ലാത്തവനെന്നും തരം തിരിയ്ക്കുന്നതുമായ വ്യവസ്ഥിതികളോട്‌ മാർക്സിസം കലഹിയ്ക്കുന്നു. മനുഷ്യ സമത്വത്തിനാണ് അത്‌ ഊന്നുന്നത്‌. അപ്പോൾ വ്യവസ്ഥാപിതവും മാറാൻ ഇഷ്ടപ്പെടാത്തതുമായ പല സമ്പ്രദായങ്ങളോടും മാർക്സിസത്തിനു തർക്കിയ്ക്കേണ്ടി വരും. ആനിലയിൽ മതങ്ങളോടും മാർക്സിസത്തിനു ചില വിയോജിപ്പുകൾ ഉണ്ട്‌ എന്നതല്ലാതെ മതത്തെ ഒരുആത്യന്തിക ശത്രുവായി മാർക്സിസം പ്രഖ്യാപിച്ച്‌ അതിലേയ്ക്കു മാത്രം ശ്രദ്ധ തിരിയ്ക്കുന്നില്ല.

മതത്തോടുള്ള മർക്സിസത്തിന്റെ വിയോജിപ്പ്‌ പ്രധാനമായും സൈദ്ധാന്തിക തലത്തിൽ ഉള്ളതാണ്. കാരണം സൈദ്ധാന്തികമായി മതവും മാർക്സിസവും വ്യത്യസ്ഥ ദിശയിലൂടെയാണുസ്വാഭാവികമായും സഞ്ചരിയ്ക്കുക.എന്നാൽ പ്രായോഗിക തലത്തിൽ മനുഷ്യ നന്മയെ ലക്ഷ്യംവയ്ക്കുന്ന പ്രവർത്തനങ്ങൾ ഏതു സിദ്ധാന്തത്തിന്റെ പ്രചാരകരിൽനിന്നും ഉണ്ടായാലും അതിനെസൈദ്ധാന്തികമായ വിയോജിപ്പിന്റെ പേരിൽ നിഷേധിയ്ക്കേണ്ടതില്ല. അതു മതത്തിന്റെഭാഗത്തുനിന്നും ഉണ്ടായാൽ പോലും.

എന്നാൽ മതങ്ങളുടെ പ്രതിലോമപരവും അക്രമാസക്തവുമായ പ്രവർത്തനങ്ങളെ പ്രതിരോധിയ്ക്കുക എന്നത്‌ കമ്മ്യൂണിസ്റ്റുകളുടെ കടമയുമാണ്. കാരണം ശസ്ത്രീയ ചിന്തഉൾക്കൊള്ളുന്ന മാർക്സിസവും ശാസ്ത്രീയമായ അടിത്തറയില്ലാത്ത പല വിശ്വാസങ്ങളും ആചാരങ്ങളും ന്നും വച്ചു പുലർത്തുകയും ചെയ്യുന്ന മതങ്ങളോടു പൂർണ്ണമായും മാർക്സിസത്തിനു യോജിച്ചു പോകാൻ കഴിയുക എന്നത്‌ സ്വാഭാവികമായും അസംഭാവ്യമാണ്. അതു മതങ്ങളും മാർക്സിസവും തമ്മിൽ മാത്രമല്ല വ്യത്യസ്ഥമായ രണ്ടു ചിന്താ ധാരകളെ പരിപൂർണ്ണ മായും ചേർത്തുകെട്ടുക എന്നത്‌ പ്രായോഗികവും അല്ല.

ഉദാഹരണത്തിനു മാർക്സിസത്തെപ്പോലെതന്നെ മാനവികതയെ ഉൾക്കൊള്ളുന്ന ഒരുസിദ്ധാന്തമാണ് മാർക്സിസം. രണ്ടിനും യോജിപ്പിലെത്താവുന്ന പല മേഖലകളും മാർക്സിസവും ഗാന്ധിസവും ഉൾക്കൊള്ളുന്നുണ്ട്‌. എന്നു വച്ച്‌ ഇതു രണ്ടും തമ്മിൽ സാരമായ വ്യത്യാസങ്ങൾ ഉണ്ട്‌. അതുകൊണ്ടുതന്നെ ഇതു തമ്മിൽ അധികം വിടവൊന്നുമില്ലാത്ത ഒരു ഈർച്ചവാൾ ചേർച്ച ഉണ്ടാക്കുക എന്നത്‌ അസാധ്യമാണ്. മേൽ സൂചിപ്പിച്ച യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടു മാർക്സിസത്തെ സമീപിയ്ക്കുന്നവർക്ക്‌ അതിനെ ആജന്മ ശത്രുവായി പ്രഖ്യാപിയ്ക്കേണ്ടി വരില്ല. മതങ്ങൾക്കും മാർക്സിസത്തെ ഒരു പ്രതിബന്ധമായി കരുതി ശത്രുതാപരമായ സമീപനംസ്വീകരിയ്ക്കേണ്ടതില്ല.

കാലത്തെ അതിജീവിയ്ക്കാൻ കഴിയാത്ത വിശ്വാസങ്ങളോ തത്വ ശാസ്ത്രങ്ങളോ ആണെങ്കിൽ അതിനെ എന്നെന്നും പിടിച്ചു നിർത്താൻ ആർക്കും കഴിയില്ല എന്നിരിയ്ക്കെ, മാർക്സിസം മതങ്ങളെ കുഴിച്ചുമൂടും എന്നു ഭയക്കുന്നത്‌ അതിജീവനത്തെ സംബന്ധിച്ച്‌ ചില മത പണ്ഠിതർക്കും മതാനുയായികൾക്കും ഉള്ള ആത്മവിശ്വാസം ഇല്ലായാണെന്നു പറയേണ്ടിവരും.
2 comments:

ആഗ്നേയന്‍ said...

കാച്ചിക്കുറുക്കിയെടുത്ത കുറിപ്പ്‌ പ്രസക്തം. മതത്തോടുള്ള മാർക്സിസ്റ്റു സമീപനം എങ്ങെയെ എന്നു മാത്രമല്ല , എങ്ങനെ ആയിരിയ്ക്കണമെന്നു പോസ്റ്റിൽ സൂചിപ്പിയ്ക്കുന്നു.

റോബി said...

ശ്രദ്ധേയമായ കുറിപ്പ്.

പക്ഷെ ഇത്തരം വാർത്തകളും പ്രമുഖരുടെ അഭിപ്രായങ്ങളും ദേശാഭിമാനി മാത്രമേ എഴുതൂ. മറ്റു പത്രങ്ങൾ ഇതു മൂടിവെക്കും.
അതുകൊണ്ടുതന്നെ ഇത് ഏതൊക്കെ സമുഹത്തിൽ എത്തണോ ആ സമൂഹങ്ങളിൽ എത്തുന്നില്ല.