Thursday, April 9, 2009

പവാര്‍ മൂന്നാംബദല്‍ വേദിയില്‍


പവാര്‍ മൂന്നാംബദല്‍ വേദിയില്‍


ഭുവനേശ്വര്‍: കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ മൂന്നാംബദല്‍ നേതാക്കളുമായി വേദി പങ്കിട്ടു. ഭുവനേശ്വറില്‍ ബുധനാഴ്ച വൈകിട്ട് ബിജെഡി നേതാവ് നവീന്‍ പട്നായിക്,സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി എന്നിവര്‍ക്കൊപ്പം അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തി. സിപിഐ നാഷണല്‍ കൌസില്‍ അംഗം അബനി ബാറലും എന്‍സിപി ജനറല്‍ സെക്രട്ടറി ഡി പി ത്രിപാഠിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

രാജ്യത്തെ ഒരുമിച്ചു നിര്‍ത്താന്‍ മതേതരശക്തികള്‍ ഒന്നിക്കണമെന്ന് ശരദ് പവാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഗ്രസ്, ബിജെപി ഇതര സഖ്യത്തിന്റെ ഭാഗമായാണ് ഒറീസയില്‍ എന്‍സിപി നിലകൊള്ളുന്നതെന്നും തെരഞ്ഞെടുപ്പിനുശേഷം നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തില്‍ കോഗ്രസ്, ബിജെപി ഇതര സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്നും പവാര്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിന് സ്ഥിരത നല്‍കിയത് ഇടതുപക്ഷത്തിന്റെ പിന്തുണയായിരുന്നു. അതിന് താന്‍ ഇടതുപക്ഷത്തോട് കടപ്പെട്ടിരിക്കുന്നു. ചെറിയ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് അവര്‍ പിന്തുണ പിന്‍വലിച്ചത്. എങ്കിലും അവരുടെ പിന്തുണയെ തള്ളിപ്പറയാന്‍ എന്‍സിപിക്ക് ആകില്ല- പവാര്‍ പറഞ്ഞു.

കോഗ്രസോ ബിജെപിയോ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന് നവീന്‍ പട്നായിക് വ്യക്മാക്കി. കന്ദമലില്‍ സംഘപരിവാര്‍ ന്യൂനപക്ഷവേട്ട നടത്തിയതോടെയാണ് ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. സംയുക്ത വാര്‍ത്താസമ്മേളനത്തെ ചരിത്രപരമെന്ന് പട്നായിക് വിശേഷിപ്പിച്ചു. കേന്ദ്രത്തില്‍ കോഗ്രസോ ബിജെപിയോ നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ ഭാഗമാകില്ലെന്ന നവീന്‍ പട്നായിക്കിന്റെ നിലപാടിനെ സീതാറാം യെച്ചൂരി സ്വാഗതംചെയ്തു. ബിജെഡിയും ഇടതുപക്ഷവും എന്‍സിപിയും ചേര്‍ന്ന സഖ്യം സംസ്ഥാനത്ത് മൂന്നാംബദല്‍ സര്‍ക്കാരിന് വഴിയൊരുക്കും. ഈ സഖ്യം ഒറീസയ്ക്കും രാജ്യത്തിനും പുതിയ വഴി കാണിക്കും- അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തില്‍ ആരായിരിക്കണം പ്രധാനമന്ത്രിയെന്ന കാര്യം മൂന്നാംബദല്‍ശക്തികള്‍ യോജിച്ച് തീരുമാനിക്കുമെന്നും ചോദ്യത്തിന് ഉത്തരമായി യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമാണ് 2004-ല്‍ യുപിഎയും 1999-ല്‍ എന്‍ഡിഎയും 1989-ല്‍ ഐക്യമുന്നണിയും രൂപംകൊണ്ടതെന്ന് യച്ചൂരി പറഞ്ഞു. കോഗ്രസ് ഇല്ലാത്ത മതനിരപേക്ഷ കക്ഷികളുടെ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ബുധനാഴ്ച നാലിടത്തു നടന്ന റാലിയില്‍ ശരദ് പവാറും മുഖ്യമന്ത്രി നവീന്‍ പട്നായിക്കും പങ്കെടുത്തു. ഏപ്രില്‍ മൂന്നിന് ഭുവനേശ്വറില്‍ നടന്ന മൂന്നാംബദല്‍ റാലിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതുകൊണ്ടാണ് ശരദ് പവാര്‍ ബുധനാഴ്ച വിവിധ റാലിയിലും ഭുവനേശ്വറില്‍ സംയുക്ത വാര്‍ത്താസമ്മേളനത്തിലും പങ്കെടുത്തത്.

ഇടതുപക്ഷവുമായി വേദി പങ്കിടരുതെന്ന കോഗ്രസിന്റെ ഭീഷണി അദ്ദേഹം തള്ളിക്കളഞ്ഞു. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച ബിജെഡിയുടെ തീരുമാനം ശരിയായ സമയത്തുള്ള ശരിയായ തീരുമാനമാണെന്ന് പവാര്‍ റാലികളില്‍ പറഞ്ഞു. പ്രസംഗങ്ങളിലുടനീളം ബിജെപിയെ കുറ്റപ്പെടുത്തിയ പവാര്‍, വര്‍ഗീയകക്ഷികളെ ദുര്‍ബലമാക്കിയ നിലപാട് സ്വീകരിച്ച നവീന്‍ പട്നായിക്കിനെ അഭിനന്ദിക്കുകയും ചെയ്തു.

യുപിഎയുടെയും എന്‍ഡിഎയുടെയും സ്വാധീനം ഗണ്യമായി കുറഞ്ഞെന്നും തെരഞ്ഞെടുപ്പിനുശേഷം പ്രാദേശിക പാര്‍ടികള്‍ക്ക് നിര്‍ണായകപങ്കുള്ള സര്‍ക്കാര്‍ രൂപംകൊള്ളുമെന്നും നവീന്‍ പട്നായിക് പറഞ്ഞു. അതേസമയം, എന്‍സിപിയുമായുള്ള കോഗ്രസിന്റെ സഖ്യം മഹാരാഷ്ട്രയിലും ഗോവയിലും മാത്രമാണെന്ന് കോഗ്രസ് വക്താവ് ജയന്തി നടരാജന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

ദേശാഭിമാനിയിൽനിന്ന്‌

No comments: