Monday, June 1, 2009

2009-ലെ പാർളമെന്റു തെരഞ്ഞെടുപ്പു ഫലത്തോടുള്ള പ്രതികരണം.

2009-ലെ പാർളമെന്റു തെരഞ്ഞെടുപ്പു ഫലത്തോടുള്ള പ്രതികരണം.

ഇടതുപക്ഷത്തിന്റെ ദയനീയ പരാജയത്തിൽൽ വലിയ ദു;ഖം

രാ‍ജ്യത്തു മതേതര ഭരണകൂടം തന്നെ നിലവിൽ വന്നതിൽ സന്തോഷം.

ബി.ജെ.പി യുടെ പരാജയത്തിൽ തെല്ല് ആശ്വാസം.

ഇടതുപരാജയത്തിൽ ചില തല്പര കക്ഷികളുടെ അതിരറ്റ ആഹ്ലാദത്തിൽ രോഷം.

ദേശീയതലത്തിൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഒരു മതേതര മുന്നണിയും അതിനു ബദലായി ഇടതുപക്ഷം നേതൃത്വം നൽകുന്ന മറ്റൊരു മതേതര ദേശീയബദലും മാത്രം ഭരണപക്ഷവും പ്രതിപക്ഷവും ആയി ശക്തിപ്രാപിച്ചു വരണമെന്ന് ആഗ്രഹം.

വർഗീയത എന്നെന്നേയ്ക്കുമായി ഇല്ലാതാകണം. ഇപ്പോഴത്തെ വർഗീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം മതേതര പ്രസ്ഥാനങ്ങളായി രൂപം മാറണം.

തെരഞ്ഞെടുപ്പിനു മുൻപ് എല്ലാവരും വിജയപ്രതീക്ഷ വച്ചു പുലർത്തും. ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ അത് ആവശ്യവുമണ്. എന്നുവച്ച് ഒരു കൂട്ടർക്കേ ജയിക്കാൻ കഴിയുകയുള്ളു. ഒരുകൂട്ടർ ജയിക്കുന്നതിനും മറ്റൊരു കൂട്ടർ തോൽക്കുന്നതിനും പല കാരണങ്ങളും ഉണ്ടാകാം. ചത്ത കുട്ടിയുടെ ജാതകം നോക്കുന്നതിൽ യാതൊരു അർഥവും ഇല്ല. അതുകൊണ്ടുതന്നെ തെരഞ്ഞെപ്പിനു ശേഷം തോൽ വിയുടെ കാരണങ്ങൾ സംബന്ധിച്ച്‌ വാദപ്രതിവാദങ്ങൾ നടത്തുന്നതിൽ ഈയുള്ളവനു വലിയ വിശ്വാസം ഇല്ല.

എന്തായാലും ജയം ജയവും തോൽവി തോൽവിയും തന്നെ. തോറ്റവർ പിന്നീടു തോൽക്കാതിരിയ്ക്കാൻ ശ്രമിയ്ക്കുക. ജയിച്ചവർ പിന്നെയും ജയിക്കാൻ ശ്രമിയ്ക്കുക. പരാജയത്തിന്റെ പാഠം ജയിച്ചവർ ഉൾക്കൊള്ളണം. ജയിക്കുന്നവർ ജയിച്ചതിന്റെ പാഠവും ഉൾക്കൊള്ളണം. ഇവിടെ തോറ്റതിനെ കുറിച്ചു മാത്രമേ സാധാരണ ചർച്ചകൾ ഉള്ളു. അതു പോര. ജയിച്ചവർ എന്തുകൊണ്ടു ജയിച്ചു എന്നും വിലയിരുത്തണം. തങ്ങളുടെ മെച്ചം കൊണ്ടാണോ, എതിർപക്ഷത്തിന്റെ വീഴ്ചകൾ കൊണ്ടാണോ ജയിച്ചതെന്ന് അവരും പരിശോധിയ്ക്കണം.

ജയപരാജയങ്ങൾ താൽക്കാലികങ്ങളാണെന്ന് ജയിക്കുന്നവരും തോൽക്കുന്നവരും ഓർക്കണം. തങ്ങളെ ജയിപ്പിയ്ക്കുമ്പോൾ ജനം പ്രബുദ്ധരെന്നും എതിരാളികളെ ജയിപ്പിയ്ക്കുമ്പോൾ ജനം വിവരമില്ലാത്തവരെന്നും പറയുന്നതു നന്നല്ല. ഈയുള്ളവന്റെ അഭിപ്രാ‍യത്തിൽ അത്രയ്ക്കങ്ങോട്ടു പ്രബുദ്ധതയൊന്നും എല്ലാ ആളുകൾക്കും ഉണ്ടെന്നു പറയാനാകില്ല. പോരാത്തതിനു നമ്മുടെ ജനാധിപത്യം എന്നു പറഞ്ഞാൽ തന്നെ അഞ്ചുപേരിൽ മൂന്നു പേർ കൈ പൊക്കിയിട്ടു ഇതു കാലാണെന്നു പറഞ്ഞാൽ ഭൂരിപക്ഷമനുസരിച്ച്‌ കൈ കാലാണെന്നു അംഗീകരിയ്ക്കലാണ്.

കുറെ നല്ല കാര്യങ്ങൾ ചെയ്തതുകൊണ്ടോ നല്ല നിലപാടുകൾ സ്വീകരിച്ചതുകൊണ്ടോ ഒരു പാർട്ടിയ്ക്കോ മുന്നണിയ്ക്കോ വിജയിക്കാൻ കഴിയില്ല എന്നും കൂടി ഈ തെരഞ്ഞെടുപ്പു ഓർമ്മിപ്പിയ്ക്കുന്നു. അല്ലെങ്കില്പിന്നെ ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഇത്ര കനത്ത തോൽവി സംഭവിയ്ക്കില്ലല്ലോ. ഇത്ര കനത്ത ഒരു പരാജയം നേരിടാൻ മാത്രമുള്ള തെറ്റുകളൊന്നും ഇടതുപക്ഷം ചെയ്തതായി ഈയുള്ളവൻ വിശ്വസിയ്ക്കുന്നില്ല. സംസ്ഥാന ഭരണകൂടത്തിനെതിരെയാണെങ്കിൽ അത്ര വലിയൊരു പ്രതിഷേധം ഉണ്ടാകേണ്ട സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ല. പിന്നെ ഇടതുപക്ഷത്തിൽ നിന്നു ജനങ്ങൾ പ്രതീക്ഷിയ്ക്കുന്ന തരത്തിൽ ഉയരുവാൻ കഴിഞ്ഞിട്ടില്ലെന്നത് സത്യം തന്നെ. അങ്ങനെ ജനങ്ങളുടെയെന്നു മാത്രമല്ല ഇടതുപക്ഷ വിശ്വാസികളുടേയും നേതാക്കളുടെയും പോലും പ്രതീക്ഷയ്ക്കൊത്ത് ഉയരുവാൻ ഭരണം കിട്ടുന്ന സമയത്തൊന്നും കഴിയുന്നില്ല എന്നതു നേരുതന്നെ. അതിനു പല കാരണങ്ങളും ഉണ്ട്‌താനും.

എന്നുവച്ച് ഒരു നിശബ്ദമായ വിമോചന സമരം വിജയിച്ചു എന്നൊക്കെ ചിലർ പറയുന്നതു കേൾക്കുമ്പോൾ അല്പം പ്രകോപിതനായിപ്പോകുന്നുണ്ട്. കാരണം ഈ വിമോചനത്തിന്റെ വക്താക്കൾക്ക് ഇടതുപക്ഷം അന്യായമായ ദ്രോഹം ഒന്നും ചെയ്തിട്ടില്ല. അന്യായമായ ദ്രോഹം എന്ന വാക്കു ബോധപൂർവ്വം പ്രയോഗിച്ചതാണ്. ന്യായമായും ചില ദ്രോഹങ്ങൾ സമൂഹത്തിന്റെ പൊതുനന്മയ്ക്കു വേണ്ടി ചിലപ്പോൾ ചെയ്യേണ്ടിവരും. ഇവിടെ മത ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുമ്പോൾ ഭൂരിപക്ഷത്തിന്റെ വോട്ടുബാങ്കുപോലും കാര്യമാക്കാതെ അവയ്ക്കെതിരെ പ്രതിരോധം സൃഷ്ടിക്കാൻ ഇടതുപക്ഷം ശ്രമിച്ചുപോരുന്നുണ്ട്`. അതേസമയം ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും വർഗീയതയേയും തീവ്രവാദത്തേയും ഭീകര പ്രവർത്തനങ്ങളേയും ഇടതുപക്ഷം എതിർത്തുപോരുന്നുമുണ്ട്. വർഗീയ-തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നവർക്ക് സ്വാഭാവികമായും ഇടതുപക്ഷത്തിനെതിരെ വിമോചനസമരം നടത്താൻ തോന്നും.

പിന്നെയുള്ളതു കേരളത്തിൽ സ്വാശ്രയവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് സാമൂഹ്യ നീതിനടപ്പിലാക്കുവാൻ നടത്തിയ പരിശ്രമങ്ങളാണ്. അത് ആ മേഖലയുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന കച്ചവടക്കാർക്കു വിമോചന സമരം നടത്താൻ പ്രേരകമായിട്ടുണ്ടാകാം. പക്ഷെ അക്കാര്യങ്ങളിലൊന്നും ഇടതുപക്ഷം ഏതെങ്കിലും മതവിഭാഗത്തിന് എതിരാണെന്നു കരുതാൻ കാരണങ്ങൾ ഇല്ല.

പിന്നെ ഒരു പി.ഡി.പി കേസാണ്. ഒരു കൂട്ടർ തങ്ങളുടെ മുൻ കാലത്തെ തെറ്റായ ചെയ്തികൾ ഏറ്റുപറഞ്ഞ് ശരികളിലേയ്ക്കു വരുമ്പോൾ അവരെ വീണ്ടും പഴയ മനോഭാവത്തോടെ നോക്കിക്കാണണം എന്നു പറയുന്നത് ശരിയല്ല. ബി.ജെ.പിയുടെ ഭാഗമായി നിന്ന ചിലരും അതുപേക്ഷിച്ചു വന്നപ്പോൾ അവരെ സഹകരിപ്പിയ്ക്കാൻ ശ്രമിച്ചതും തെറ്റാണെന്ന് കരുതാൻ ആകില്ല. പിന്നെ ചിലരൊക്കെ യു.ഡി.എഫിനൊപ്പമേ നിൽക്കാവൂ എന്ന ഒരു ധാരണ ചിലർക്കുണ്ട്. അല്ലെങ്കിൽ പിന്നെ തീവ്രവാദി സംഘടനയായ എൻ.ഡി.എഫിനു യു. ഡി.എഫി നൊപ്പം നിൽക്കാം. തീവ്രവാദം ഉപേക്ഷിച്ച മദനിയെയും പാർടിയേയും ഇടതുപക്ഷത്തു നിർത്താൻ പാടില്ല എന്ന ദുശാഠ്യം എന്തിന്? ബി. ജെ.പിയുമായി രഹസ്യമായും പരസ്യമായും ധാരണയുണ്ടാക്കി കോൺഗ്രസ്സിനു നിൽക്കാം. ബി.ജെ.പി വിട്ടു വന്ന രാമൻപിള്ളയേയും ഇടതുപക്ഷത്തിനൊപ്പം നിറുത്താൻ പാടില്ല. അഥവാ അവർ അങ്ങനെ നിൽക്കാൻ പാടില്ല. ഈ നിലപാടാണു മനസ്സിലാകാ‍ത്തത്.

ഇതൊന്നും മാത്രമല്ല ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ തോൽ വിയ്ക്കു കാരണം. മണ്ഡലപുനർ നിർണ്ണയം ഒരു പ്രധാന വില്ലൻ ആയിരുന്നു. പിന്നെ ബി.ജെ.പിയുടെ യു.ഡി.എഫ് അനുകൂല നിലപാട്. അവർ ഈ തെരഞ്ഞെടുപ്പിൽ ഒരു മത്സരമേ സൃഷ്ടിച്ചിരുന്നില്ല. മറ്റൊന്ന് ദേശീയതലത്തിൽ ഉണ്ടായ ഒരു കോൺഗ്രസ്സ് തരംഗം. ഒരു മതേതര ഗവർണ്മെന്റ് ഉണ്ടാകണം എന്ന ജനവിചാരം. കോൺഗ്രസ്സിനും ബി.ജെ.പിയ്ക്കും എതിരെ ഒരു ബദൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രായോഗികം അല്ലെന്ന തോന്നൽ . അങ്ങനെ ഒരുപാടു ഘടകങ്ങൾ ഉണ്ട്.

മനസ്സിലാകാത്തത് അതൊന്നുമല്ല. തങ്ങൾ അനുകൂലിയ്ക്കുന്നവർ ജയിച്ചു കയറുമ്പോൾ സന്തോഷിയ്ക്കുന്നതു മനസ്സിലാക്കാം. പക്ഷെ ഇവിടെ ആഘോഷിയ്ക്കപ്പെടുന്നത് കോൺഗ്രസ്സിന്റെ വിജയമോ ബി.ജെ.പി പോലെ ഒരു വർഗീയ കക്ഷി അധികാരത്തിൽ വരാതിരുന്നതിലുള്ള സന്തോഷമോ അല്ല . കേരളത്തിൽ ഇടതുമുന്നണിയുടെ- പ്രത്യേകിച്ച് സി.പി.എമ്മിന്റെ പരാജയമാണ് കൂടുതലായും ആഘോഷിച്ച് അറുമ്പാതിയ്ക്കുന്നത് . അതും കോൺഗ്രസ്സുകാരോ ബി.ജെ.പിക്കാരോ മറ്റോ ആണ് ആഘോഷിയ്ക്കുന്നതെങ്കിൽ മനസ്സിലാക്കാം. അവരൊന്നുമല്ല രണ്ടും കെട്ട ചില ആളുകളും രണ്ടുംകെട്ട ചില ഇടതുവിരുദ്ധ മാധ്യമങ്ങളുമാണ് ഈ ആഘോഷപ്രിയർ.

ഇടതുപക്ഷത്തിനു കേരളത്തിൽനിന്ന്` ഒന്നും, മൂന്നും പാർളമെന്റു സീറ്റുകൾ മാത്രം കിട്ടിയ അനുഭവമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ ചെപ്പിൽ തൊടുവിയ്ക്കാതെ പതിനേഴു സീറ്റുകൾ നേടി. അന്നത്തെ പൂജ്യത്തിൽ നിന്നാണ് ഇന്നു കോൺഗ്രസ്സ്‌ തിളക്കമാർന്ന വിജയം നേടിയത്.ഇപ്പോഴത്തെ ചില ബഹളങ്ങൾ കണ്ടാൽകേട്ടാൽ തോന്നും ഇടതുപക്ഷം ഇനി ഒരിയ്ക്കലും തിരിച്ചു വരില്ലെന്ന്. അതൊക്കെ തെറ്റിദ്ധാരണയാണ്. അതു കൊണ്ട്‌ അത്രയ്ക്കങ്ങോട്ട് ആഘോഷിയ്ക്കാതിരിയ്ക്കുക.

രജ്യത്ത് ഒരു മതേതര സർക്കാർ (മുസ്ലിം ലീഗ് ഉള്ളത് ഒരു ഡീ മെരിറ്റാണെങ്കിലും) നിലവിൽ വന്നതിൽ സന്തോഷിയ്ക്കുക. ഇനി അഥവാ യു.പി.എയ്ക്കു വേണ്ടത്ര ഭൂരിപക്ഷം കിട്ടാതെ വന്നെങ്കിൽ ഇടതുപക്ഷം വെട്ടിലായേനെ. കോൺഗ്രസ്സിനെ വീണ്ടും പിന്തുണയ്ക്കേണ്ടി വന്നേനെ (അതൊരു മോശം കാര്യമൊന്നും അല്ല. പറഞ്ഞെന്നേയുള്ളു. വർഗീയഭരണകൂടം വരുന്നതു തടയാൻ ഇടതുപക്ഷം എന്തു നിലപാടു മാറ്റം നടത്തിയാലും അതു തെറ്റല്ല; മറിച്ച് കടമയണ്).

ഇനി സംഭവിയ്ക്കേണ്ടത് എന്തെന്നാൽ കോൺഗ്രസ്സ് ശക്തിപ്പെടണം. അതോടൊപ്പം അതിനു ബദലായി ഇടതുപക്ഷത്തിന്റെ മുൻ കൈയ്യിൽ ശക്തമായ ഒരു മതേതര ദേശീയ ബദൽ ഉണ്ടായി ശക്തിപ്പെടണം. വർഗ്ഗീയ കക്ഷികൾ ദുർബ്ബലപ്പെടണം. അല്ലെങ്കിൽ അവ കാലക്രമേണ മതേതര രാഷ്ട്രീയം ഉൾക്കൊള്ളുന്ന നിലയിലേയ്ക്കു മാറിവരണം.

ഇപ്പോൾ ദേശീയതലത്തിൽ പരാജയപ്പെട്ടിരിയ്ക്കുന്ന ബി.ജെ.പിയും പരാജയത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ട്‌ ഇന്ത്യൻ സാഹചര്യങ്ങളുമായി തങ്ങളുടെ രാഷ്ട്രീയ നയപരിപാടികളെയും, നിലപാടുകളെയും പൊരുത്തപ്പെടുത്തണം. ദേശീയതലത്തിൽ ഇടതുപക്ഷത്തിനു എല്ലാ സംസ്ഥാനങ്ങളിലും വേണ്ടത്ര സ്വാധീനം ഇല്ലാത്തതുകൊണ്ട്‌ അവർക്കു സ്വാധീനമുള്ള കേരളം, ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ജനവിധി തന്നെയാണു കൂടുതൽ പഠനവിധേയം ആക്കേണ്ടത്.

ഏതാനും സംസ്ഥാനങ്ങളിൽ മാത്രമാണ് ശക്തിയുള്ളതെങ്കിലും നമ്മുടെ ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തി തിളങ്ങി നിന്നിട്ടുള്ള പ്രസ്ഥാനമാണു സി.പി.എമ്മും ഇടതുപക്ഷവും. അത് ഇനിയും അങ്ങനെ തന്നെ ആയിരിയ്ക്കും; അഥവാ ആയിരിയ്ക്കണം. പരാജയത്തിന്റെ ക്ഷീണം വിട്ട് ഉണർന്നെണീറ്റ് വീണ്ടും ഇന്ത്യയുടെ പ്രതീക്ഷയാകണം. ശത്രുവൊഴിഞ്ഞ ഒരു സമയം നാം ഒരിയ്ക്കലും പ്രതീക്ഷിയ്ക്കരുത്.

ഇനി മറ്റു ചിലത് ഒരു സി.പി.എം പ്രവർത്തകൻ എന്ന നിലയിൽ വിഷമവും രോഷവും കൊണ്ടു പറഞ്ഞു പോവുകയാണു കേട്ടോ! ചിലതു ചുരുക്കി പറയുകയാണ്.

ഭരണത്തിലിരുന്ന് ജനങ്ങൾക്കു ഗുണകരമായതൊന്നും ചെയ്ത് ഖജനാവിൽ പ്രതിസന്ധികൾ ഉണ്ടാക്കേണ്ട. നല്ല കാര്യങ്ങൾ ചെയ്ത് ജനപ്രീതി ആർജ്ജിയ്ക്കാമെന്നു കരുതേണ്ട. കാരണം കേരളത്തിൽ ആർക്കൊക്കെ ഈ ഗവർണ്മെന്റിൽ നിന്നും ഗുണങ്ങൾ ഊണ്ടായോ അവരിൽ നല്ലൊരു പങ്കും വോട്ടു തിരിച്ചു കുത്തിയിരിയ്ക്കാനാണു സാദ്ധ്യത.

ന്യൂനപക്ഷസംരക്ഷണമോ ഭൂരിപക്ഷ സംരക്ഷണമോ ഒന്നും നാമിനി വിഷയമാക്കേണ്ട. ഇത്രയൊക്കെ ആത്മാർത്ഥത കാണിച്ചിട്ടും ഒരു മത വിഭാഗങ്ങളും അതിന്റെ മേലദ്ധ്യക്ഷന്മാരും നമ്മെ ഇതുവരെ വിശ്വാസത്തിൽ എടുത്തില്ലല്ലോ. ഒറീസയിലാകട്ടെ ഗുജറാത്തിലകട്ടെ ഏതു മത വിഭാഗക്കാരോ ആക്രമിയ്ക്കപ്പെടട്ടെ. അതൊക്കെ അതതു മതക്കാരും ജാതിക്കാരും അങ്ങു നോക്കിക്കോളും. ഉണ്ടല്ലോ, നമുക്കു കേരളത്തിൽ നല്ല അച്ഛന്മാരും മൌലവിമാരും ഹിന്ദു സാമുദായിക പ്രമാണിമാരും മറ്റും.

വിദ്യാഭ്യാസം എന്നല്ല എല്ലാമേഖലയും സാമുദായികപ്രമാണിമാർ വിറ്റു കാശാക്കട്ടെ.എന്തു സ്വാശ്രയം എന്തു സാമൂഹ്യനീതി? ഇതൊക്കെ ആർക്കുവേണ്ടി? പാവങ്ങൾക്കു വേണ്ടി നടത്തുന്ന പോരാട്ടങ്ങൾ ;പക്ഷെ അവരും വോട്ടുകുത്തുന്നതു മറിച്ച്.

ഇനി ആർ.എസ്. എസ്. തുടങ്ങിയ സംഘടനകളെ പ്രതിരോധിച്ച് സി.പി.എം സഖാക്കളുടെ ജീവൻ നഷ്ടപ്പെടുത്തരുത്. ആർ.എസ്.എസിന്റെ കാര്യം എൻ.ഡി.എഫുകാരു നോക്കിക്കൊള്ളും. അവരെയാകുമ്പോൾ ആർ.എസ്.എസ് കാർക്ക് കുറച്ചുകൂടി പേടിയുമുണ്ട്. പിന്നെ പള്ളീലച്ചൻ മാരും ഉണ്ടല്ലോ. മാത്രവുമ്മല്ല അവരൊക്കെ ഇപ്പോൾ ഐക്യ നിരയിലല്ലേ? ഒരുമിച്ചുനിന്നല്ലേ ഇടതുപക്ഷത്തെ തറപറ്റിച്ചത്. സി.പി.എമ്മിനെ എതിർക്കുന്നതിലുള്ള ഐക്യമാണെങ്കിലും അവർ ഒരുമിച്ച് സമാധാനത്തോടെ ജീവിയ്ക്കുന്നതു കണ്ടാൽ മതി. പിന്നെ നാമെന്തിനു ആർ.എസ്.എസ് തുടങ്ങിയ വർഗീയ വാദികൾക്കെതിരെ ജീവൻ കളയുന്നു? നമ്മുടെ മെക്കിട്ടു കയറുന്നെങ്കിൽ മാത്രം നാം നോക്കിയാൽ മതി. ന്യൂനപക്ഷത്തിന് അവർ ഉയർത്തുന്ന ഭീഷണിയൊന്നും കണക്കിലെടുക്കേണ്ട.

മതകാര്യക്കാരുടെ പുറകേ നടന്ന് ഇനി മാനം കളയേണ്ട. നമുക്ക് പാർട്ടി കര്യങ്ങൾ നോക്കാം. എപ്പോഴെങ്കിലുമൊക്കെ നീറ്റലുകൾ അടിയ്ക്കുമ്പോൾ കരഞ്ഞും വിളിച്ചും ഓരോന്നു വരും. അപ്പോൾ നോക്കാം. അതിനൊന്നും അധികം താമസം ഉണ്ടാകില്ല. നാമെത്ര കരളു പിളർന്നു കാണിച്ചാലും വിശ്വാസികളെ നമുക്കെതിരാക്കും ഇവിടുത്തെ മതാധിപന്മാർ.പാവം വിശ്വാസികൾ നല്ലൊരു പങ്കും അവർ പറയുന്നതുമാത്രമേ മുഖവിലയ്ക്കെടുക്കൂ. ചുരുക്കത്തിൽ ജനാധിപത്യമല്ല. പണമതജനാധിപത്യം എന്നാണു പറയേണ്ടത്.

വിജയപരാജയങ്ങൾ വരും പോകും. സഖാക്കളേ നമുക്കു അടിപതറാതെ മുന്നേറാം എന്നുമാത്രം പറഞ്ഞുകൊണ്ട് എന്റെ ഈ ശിഥില ചിന്തകൾ ഇവിടെ തൽക്കാലം എഴുതിച്ചുരുക്കുന്നു.

No comments: