Thursday, June 18, 2009

ഇനിയും മതമേലാളന്മാരുടെ പുറകേ നടക്കുന്നതെന്തിന്?

ഇനിയും മതമേലാളന്മാരുടെ പുറകേ നടക്കുന്നതെന്തിന്?


പാർളമെന്റു തെരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചു. അതിന് പല കാരണങ്ങളും ഉണ്ടാകാം. വിവിധ മതകാര്യ പ്രമുഖർ ഇടതുപക്ഷ വിരുദ്ധ നിലപാട് സ്വീകരിച്ചു എന്നതും ശരി തന്നെ. പക്ഷെ മതമേലദ്ധ്യക്ഷന്മാരുടെ പ്രവർത്തനം കൊണ്ടുമാത്രമാണ് ഇടതുപക്ഷം തോറ്റുപോയതെന്ന തരത്തിൽ ഉള്ള ഒരു വിലയിരുത്തലിൽ ചെന്നെത്തുന്നതു ശരിയല്ല. മണ്ഠല പുനർ നിർണ്ണയം, സ്ഥാനാത്ഥി നിർണ്ണയം, സർക്കാരിന്റെ പ്രവർത്തനം, രാഷ്ട്രീയ നിലപാടുകൾ, ദേശീയ രാഷ്ട്രീയം തുടങ്ങി പല ഘടകങ്ങളും തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നിൽ ഉണ്ട്.

ഒരു മത വിഭാഗങ്ങളേയും സ്നേഹം കൊണ്ടു കീഴ്പെടുത്തി ഇടതുപക്ഷത്തിന് പ്രത്യേകിച്ച്‌ സി.പി.എമ്മിന് അനുകൂലമാക്കി മാറ്റാം എന്ന് ഒരു കാലത്തും വിശ്വസിയ്ക്കരുത്. കമ്മ്യൂണിസത്തെ വെറുക്കാൻ മാത്രം ഇഷ്ടപ്പെടുന്നവർ അതിനുള്ള കാരണങ്ങൾ കണ്ടുപിടിച്ചു കൊണ്ടേയിരിയ്ക്കും. അവർ സ്വന്തം താല്പര്യാർത്ഥം ചില താൽക്കാലിക നീക്കുപോക്കുകൾക്ക് ചില ഘട്ടങ്ങളിൽ തയ്യാറായേക്കും എന്നല്ലാതെ അവർ മാർക്സിസ്റ്റു വിരുദ്ധ പാളയത്തിലേ നിൽക്കൂ. മതമേലദ്ധ്യക്ഷന്മാരുടെ പുറകേ നടന്ന് ചെരുപ്പു തേയുന്നതായിരിയ്ക്കും മെച്ചം.

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ വേണ്ടി കുറെ നാളായി കയറിയിറങ്ങുന്നുണ്ടല്ലൊ! എന്തെങ്കിലും കാര്യമായ പുരോഗതി ഉണ്ടായോ? വ്യാവസായികാടിസ്ഥാനത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നവരോടു സാമൂഹ്യനീതിയും മാനുഷിക പരിഗണനകളും അപേക്ഷിച്ചു നടന്നിട്ടെന്തു പ്രയോജനം. പിന്നെയല്ലേ രാഷ്ട്രീയമായി ഇതുങ്ങളെ കൂടെ നിറുത്തുന്നത്!

മത മേലാളൻമാരുടെ പുറകെ ഇന്നത്തെപ്പോലെ സാറെ സാറെ വിളിച്ചു നടക്കാതിരുന്ന കാലത്തും തെരഞ്ഞെടുപ്പിൽ വിജയവും തോൽവിയും ഒക്കെ ഉണ്ടായിട്ടുണ്ട്. വെറുതെ അതുങ്ങളുടേ പുറകെ നടന്ന് വിലകളയുന്നതാണു പ്രശ്നം. മതങ്ങൾ മതങ്ങളുടെ വഴിയ്ക്കു പോട്ടെ. പാർട്ടി പാർട്ടിയുടെ വഴിയ്ക്കും. മതജാതികളൊക്കെ ഇന്നല്ലെങ്കിൽ നാളെ സമൂഹത്തിൽ നിന്ന് ഇല്ലാതാകും. പതുക്കെയാണെങ്കിലും.

മതക്കാരെ നന്നാക്കിയെടുക്കുക എന്ന ദൌത്യം കമ്മ്യൂണിസ്റ്റുകാർ ഏറ്റെടുക്കേണ്ടതില്ല. എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ലെന്നു പറഞ്ഞു നടക്കുന്നവന്മാരെപ്പോലെയാണ് മത മേലാളന്മാരും. മതവും ദൈവവും എല്ലാം മത മേലാളന്മാരുടെ ചൂഷണോപാധികൾ ആണ്. അങ്ങനെയുള്ള മത-ജാതി ദൈവങ്ങളെ ചൂഷണം ചെയ്ത് സാമൂഹ്യമാറ്റം ഉണ്ടാക്കിക്കളയാമെന്നു കമ്മ്യൂണിസ്റ്റുകാർ വ്യാമോഹിയ്ക്കരുത്.

മതവിശ്വാസികളെല്ലാം മതമേലദ്ധ്യക്ഷൻമാരുടെ ആഹ്വാനങ്ങൾ അതേ പടി പിൻപറ്റുന്നവരാണെന്നും ധരിച്ചുകൂട. പ്രത്യേകിച്ചും വോട്ടിന്റെ കാര്യത്തിൽ. രാഷ്ട്രീയവും മതവും വേർതിരിച്ചു കാണുന്നവരാണ് നമ്മുടെ നാട്ടിലെ ജനങ്ങൾ. നോക്കൂ; ഏതെങ്കിലും ചില മതവിഭാഗങ്ങൾ കൂടുതലായിട്ടുള്ള മേഖലകളിൽ മാത്രമാണ് മതാടിസ്ഥാനത്തിൽ പ്രവർത്തിയ്ക്കുന്ന സംഘടനകൾക്കു പോലും ആൾബലമുള്ളത്. ഉദാഹരണത്തിനു മലബാർ മേഖലയിൽ മാത്രമാണ് കൂടുതൽ മുസ്ലീങ്ങൾ മുസ്ലിം ലീഗിൽ ഉള്ളത്. മദ്ധ്യതിരുവിതാം കൂറിൽ മാത്രമാണ് ക്രിസ്ത്യാനികൾ കൂടുതലും കേരളാ കോൺഗ്രസ്സുകാർ ആകുന്നത്. മറ്റു മേഖലകളിൽ ഈ മത വിഭാഗങ്ങളിൽ ഉള്ളവരെല്ലാം മറ്റു മതേതര പ്രസ്ഥാനങ്ങളിലാണു വിശ്വാസം അർപ്പിയ്ക്കുന്നത്.

ജാതി നോക്കി പാർട്ടികളിൽ വിശ്വസിയ്ക്കുകയും വോട്ടു ചെയ്യുകയും ചെയ്യുന്നവരാണ് കേരളത്തിൽ ഉള്ളതെങ്കിലിൽ ഇപ്പോൾ ഇവിടെ ബി.ജെ.പിയും, മുസ്ലിം ലീഗും, കേരളാ കോൺഗ്രസ്സും അതുമാതിരിയുള്ള സംഘടനകളും മാത്രമേ ഉണ്ടാകുമായിരുന്നുള്ളു. സാമുദായിക നേതാക്കളും സംഘടനകളും പറയുന്നതനുസരിച്ച് വോട്ടു ചെയ്യുന്നവർ ന്യൂനപക്ഷമേവരൂ. അങ്ങനെയല്ല മറിച്ച് വോട്ടുകളെല്ലാം തങ്ങളുടെ നാവിൻ തുമ്പിൽ കിടന്നു തൂങ്ങുകയാണെന്നത് മതമേലാളന്മാരുടെ അവകാശവാദമാണ്. അവർ അതുപറഞ്ഞു വില പേശുകയാണു ചെയ്യുന്നത്. തെരഞ്ഞെടുപ്പുകാലത്ത് അത്തരം മതാധിപന്മാരുടെ കാലു തൊട്ടു വന്ദിയ്ക്കാൻ പോയി പോയി അതൊരു കോളായിപ്പോയി.

ഒരു കൂലിവേലക്കാരന്റെ വീട്ടിൽ ചെന്ന് അവന്റ കാൽ തൊട്ടു വന്ദിച്ചാൽ അതിനൊരു മഹത്വമുണ്ട്. അവന്റെ കുടുംബത്തിന്റെ വോട്ടും പിന്തുണയുമെങ്കിലും കിട്ടും. മതാധിപന്മാരുടെ അടുത്തു ചെന്നാൽ അനുഗ്രഹം കിട്ടും. ആശീർവാദവും. പക്ഷെ വോട്ടു കിട്ടില്ല. അത് ആർക്കു കൊടുക്കണമെന്ന് അവർക്ക് വേറെ തീരുമാനം ഉണ്ടാകും. അതുകൊണ്ട് രാഷ്ട്രീയക്കാർ പ്രത്യേകിച്ച് ഇടതുപക്ഷക്കാർ രാഷ്ട്രീയ കാര്യങ്ങളിൽ മതതാല്പര്യങ്ങളേയും മതാധിപന്മാരുടെ സ്വാർത്ഥ താല്പര്യങ്ങളേയും അവഗണിയ്ക്കണം. അവർ അവരുടെ കാര്യം നോക്കി പോട്ടെ. അവരുടെ പുറകെ വാലാട്ടി പട്ടികളെപ്പോലെ നാം നടക്കുന്നതെന്തിന്?

ഈ കുറിപ്പ് ഇപ്പോൾ എഴുതാൻ കാരണം സി.പി.എം നേതൃത്വം ഇപ്പോഴും ചില മതവിഭാഗങ്ങളുടെ തെറ്റിദ്ധാരണകൾ തിരുത്താമെന്നും ചർച്ച ചെയ്യാമെന്നും ഒക്കെ പറഞ്ഞുകൊണ്ടിരിയ്ക്കുന്നതാണ്. അവർ തെറ്റിദ്ധരിയ്ക്കാൻ മാത്രം ഇഷ്ടപ്പെടുന്നവർ ആണെങ്കിലോ? തിരുത്താൻ അവർക്കു താല്പര്യമില്ലെങ്കിലോ? ചർച്ച നടത്താൻ അവർക്കു താല്പര്യമില്ലെങ്കിലോ? അതുകൊണ്ട് കിടാത്തന്റെ ‘ഇല്ല ലത് ‘ വീഴുമെന്നു ധരിച്ച് പുറകേ നടക്കുന്ന കുറുക്കനെ പോലെയാ‍കരുതു കമ്മ്യൂണിസ്റ്റുകാർ. അന്തസ്സോടെ തലയെടുപ്പോടെ നിൽക്കണം. തെരഞ്ഞെടുപ്പിലെ തോൽ വിയും വിജയവുമല്ല കമ്മ്യൂണിസ്റ്റുകൾക്കു പ്രധാനം. അതൊന്നും പ്രത്യേകം പറയേണ്ടതും ഇല്ലല്ലോ.

ശത്രുക്കളൊഴിഞ്ഞിട്ടൊരു സമയം ഒരിയ്ക്കലും കമ്മ്യൂണിസ്റ്റുകൾക്കുണ്ടാവില്ല. ഇപ്പോൾ തന്നെ നമ്മുടെ ലാവ്ലിൻ കേസു നോക്കൂ. ഇതിനു മുൻപ് ഏതെല്ലാം പാർട്ടികളില്പെട്ട എത്രയോ നേതാക്കന്മാരുടെ പേരിൽ അഴിമതി ആരോപണങ്ങൾ ഉണ്ടായിരിയ്ക്കുന്നു. ഇന്നും ഉണ്ടാകുന്നു. അതിലൊന്നും ആർക്കും ഒരു കുണ്ഠിതവും ഉണ്ടായീരുന്നില്ല. ഒരു മാദ്ധ്യമവും ആ അഴിമതിക്കാരുടെ പുറകേ നടന്നില്ല.

ഇവിടെ സി.പി.എം സംസ്ഥാന സെക്രട്ടറിയ്ക്ക്`, അതും പിണറായി വിജയന് എതിരെ കഴമ്പില്ലാത്ത ഒരു ആരോപണം വന്നപ്പോൾ അതൊരു ദീർഘകാല ആഘോഷമായി കൊണ്ടു നടക്കുന്നതു കണ്ടില്ലേ മാർക്സിസ്റ്റു വിരുദ്ധ തിമിര ബാധിതർ? നടക്കട്ടെ നടക്കട്ടെ! എവിടെ ചെല്ലുമെന്നു കാണാമല്ലോ. ഒരു കാര്യം പറയാം. പിണറായിയെപ്പോലെ ശക്തനായ ഒരു നേതാവിനെ നിഷ്കാസനം ചെയ്ത് സായൂജ്യമടയാം എന്ന വ്യാമോഹം ആർക്കും വേണ്ട. ഈ പാർട്ടിയുടെ തലപ്പത്തിരിയ്ക്കുന്നവർ ആരും ബുദ്ധിയില്ലാത്തവരൊന്നുമല്ല. ഒക്കെ അതിജീവിച്ചു തന്നെ പോകും.

ഇപ്പോൾ ബംഗാളിൽ മവോയിസ്റ്റുകളും മമതയുടെ ആളുകളും സി.പി. എമ്മുകാരെ കൂട്ടക്കൊല ചെയ്യുന്നു. പോലീസ് വെടിവച്ചാ‍ൽ സർക്കാരിനു പേരുദോഷം. അവിടുത്തെ അക്രമങ്ങളിൽ ലാവ്ലിൻ പ്രചാരകർക്കൊന്നും ഒരു സങ്കടവും ഇല്ല. അവിടെ മരിച്ചു വീഴുന്നവർ മാർക്സിസ്റ്റുകൾ അല്ലെ? അവർ മരിച്ചു മണ്ണടിഞ്ഞു വംശനാശം വരേണ്ടവർ അല്ലെ? അവിടുത്തെ ഗവർണ്മെന്റു എന്നെന്നേയ്ക്കുമായി നിലം പതിയ്ക്കേണ്ടത് അല്ലേ? ഇത്രയും മാർക്സിസ്റ്റു വിരുദ്ധ ജ്വരം ഈ പാർട്ടി കെട്ടിപ്പടുക്കുന്ന കാലത്തു പോലും ഉണ്ടായിരുന്നിരിയ്ക്കില്ല.

മാർക്സിസ്റ്റു പാർട്ടി പിരിച്ചു വിടുന്നതും കാത്തിരിയ്ക്കുന്ന സ്വപ്ന ജീവികളോട് ഒന്നേ പറയാനുള്ളൂ. മാർക്സിസ്റ്റു പ്രവർത്തനങ്ങളൂടെ അകവും പൊരുളുമൊന്നും നിങ്ങൾക്ക് പൂർണ്ണമായും മനസ്സിലാക്കാൻ പറ്റുന്ന ഒന്നല്ല. നിങ്ങൾ കാണുന്നതിനും അപ്പുറമാണ് അത് എന്നു മാത്രം പറയാം. മാർക്സിസ്റ്റു വിരുദ്ധ പ്രചരണങ്ങളിലൂടെ ഇപ്പോൾ നിങ്ങൾക്ക് ഉപജീവനം നടത്താം. പക്ഷെ നിങ്ങളുടെ തന്നെ ഭാവി തലമുറ നിങ്ങളെ തലേൽ കയ്യും വച്ചു പിരാകും!