Friday, November 6, 2009

തെരഞ്ഞെടുപ്പിനു ശേഷം പറയാൻ പോകുന്നത്.....

തെരഞ്ഞെടുപ്പിനു ശേഷം പറയാൻ പോകുന്നത്.....

തെരഞ്ഞെടുപ്പിനു മുൻപുള്ള രാഷ്ട്രീയ ചർച്ചകളും പ്രസംഗങ്ങളും പ്രസ്താവനകളും വച്ചു നോക്കിയാൽ ഒരു മുന്നണികളും തോൽക്കില്ല.

ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടേണ്ടത് ആവശ്യം തന്നെ. പക്ഷെ തെരഞ്ഞെടുപ്പിൽ ആരെങ്കിലും ഒരാൾ ജയിക്കണമല്ലോ!

ഇനി ജയിച്ചു കഴിഞ്ഞാൽ പിന്നെ തോൽക്കുന്നവർ ആരായാലും തെരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞതെല്ലാം വിഴുങ്ങുകയും പുതിയ വ്യാഖ്യാനങ്ങൾ കണ്ടുപിടിയ്ക്കുകയുമാണു ചെയ്യുന്നത്.

ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചുവെന്നിരിയ്ക്കട്ടെ;

എന്തായിരിയ്ക്കും എതിരാളികൾ ആരോപിയ്ക്കുക?

തെരഞ്ഞെടുപ്പ് കൃത്രിമങ്ങളിലൂടെ നേടിയ വിജയം എന്നായിരിയ്ക്കും ആരോപണം.

കേന്ദ്ര ഗവർണ്മെന്റിനെതിരെയുള്ള വിധിയെഴുത്താണെന്നോ, സംസ്ഥാന ഗവർണ്മെന്റിന് അനുകൂലമായ വിധിയെഴുത്താണെന്നോ അവർ സമ്മതിച്ചു കൊടുക്കില്ല. അങ്ങേയറ്റം പോയാൽ സ്ഥാനാർത്ഥിനിർണ്ണയത്തിലെ അപാകത കൊണ്ടു തോറ്റു എന്നെങ്ങാനും ഒരു വാദഗതി ഉന്നയിച്ച് തടിതപ്പും.

തോൽക്കുന്നവർ ഒരിയ്ക്കലും പരാജയത്തിനു കാരണമുണ്ടെന്നു പിന്നെ സമ്മതിയ്ക്കാറേയില്ല. അങ്ങു തോറ്റു; അത്രതന്നെ!

ഇനി ഈ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചാലോ?

അതു സംസ്ഥാന ഗവർണ്മെന്റിനെതിരെയുള്ള വിധിയെഴുത്തെന്ന് ഉറപ്പിച്ചു പറയും. കേന്ദ്രത്തിന് അനുകൂലമായതെന്നും പറയും.

സത്യത്തിൽ ഇതു വല്ലതുമാണോ തെരഞ്ഞെടുപ്പിനെ സ്വാധീനിയ്ക്കുക? പ്രത്യേകിച്ചും ഉപതെരഞ്ഞെടുപ്പിൽ.

ഒരുപാടു ഘടകങ്ങൾ ജയപരാജയങ്ങളെ സ്വാധീനിയ്ക്കും. സ്ഥാനാർത്ഥിയാര്, ഓരോ സ്ഥാനാർത്ഥിയ്ക്കും വേണ്ടി നടന്ന പ്രവർത്തനങ്ങൾ, പ്രചരണങ്ങൾ എന്നിവയ്ക്കും ഇതിൽ വലിയൊരു പങ്കുണ്ട്. അതുപോലെ ഒരുപാടു കാര്യങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിയ്ക്കാം.

എന്തായാലും തോൽക്കുന്നവർ തോൽ വി അംഗീകരിക്കില്ലെങ്കിലും വിജയിയുടെ വിജയം അംഗീകരിച്ച് തെരഞ്ഞെടുക്കപ്പെട്ട സമിതിയിലേയ്ക്ക് പോകാൻ അനുവദിയ്ക്കുന്നതു ഭാഗ്യം! എന്തെങ്കിലും കാരണം കിട്ടിയാൽ കോടതിയിൽ പോയെന്നും വന്നുകൂടെന്നില്ലതാനും!

എന്തായാലും ഇന്ത്യൻ ജനാധിപത്യം കൂടുതൽ ശക്തിപ്പെടുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്. പക്ഷെ ജനാധിപത്യത്തെ തകിടം മറിയ്ക്കുന്ന ഗ്രൂപ്പുകൾ വളർന്നു വളരുകയും ശക്തിപ്പെടുകയും ചെയ്യുന്നു എന്നതിനെ ഭയത്തോടെ തന്നെ കാണേണ്ടിയുമിരിയ്ക്കുന്നു.

പിന്നെ ജനാധിപത്യത്തിലെ പണാധിപത്യവും ഉൽക്കണ്ഠാകുലമാണ്.

2 comments:

Anil cheleri kumaran said...

ശരിക്കും തോല്‍ക്കുന്നത് വോട്ടര്‍മാരല്ലേ..

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ഇലക്ഷന് മുമ്പും ശേഷവും ഉള്ള വിശകലങ്ങളിലൂടെ , ക്രിക്കറ്റ്‌ കമന്ററി പോലെ, എന്തിനെയും ന്യായീകരിക്കുന്ന ചാനലുകള്‍..