Sunday, February 1, 2009

ലേഖനം- മാതാ പിതാക്കള്‍ ശ്രദ്ധിയ്ക്കുക

ലേഖനം- മാതാ പിതാക്കള്‍ ശ്രദ്ധിയ്ക്കുക

വെടിയേറ്റു മരിച്ച മലയാളി തീവ്രവാദികളുടെ മൃതുദേഹങ്ങള്‍ ഏറ്റുവാങ്ങുവാന്‍ അവരുടെ രക്ഷിതാക്കള്‍ തയ്യാറായില്ല. രാജ്യദ്രോഹികളായ മക്കളുടെ മൃതുദേഹം ആത്മാഭിമാനത്തോടെ ഏതെങ്കിലും മാതാ പിതാക്കള്‍ക്ക് ഏറ്റുവാങ്ങാന്‍ കഴിയില്ല. എങ്കിലും സ്വന്തം മക്കളുടെ ദുര്‍വിധിയില്‍ ആ മാതാപിതാക്കളുടെ ഹൃദയം വെന്തു നീറുകയായിരിയ്ക്കും; ആ മക്കള്‍ സ്വയം ഏറ്റു വാങ്ങിയ ദുര്‍വിധികള്‍ ആണെങ്കില്‍ കൂടിയും. മാതാപിതാക്കളുടെ നിസ്സഹായതയില്‍ സഹതാപിയ്ക്കുകയല്ലാതെ എന്ത് ചെയ്യാന്‍?

പക്ഷെ, ഒന്നുണ്ട്; ഇനിയെങ്കിലും സ്വന്തം മക്കള്‍ അപകടകരമായ പ്രസ്ഥാനങ്ങളിലെയ്ക്ക് ചെന്നു കയറാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം, രക്ഷിതാക്കള്‍.

പക്ഷെ എങ്ങനെ? മക്കള്‍ പള്ളിയിലെന്നും അമ്പലതിലെന്നും പറഞ്ഞു ഇറങ്ങിയാല്‍ ഏത് അമ്മമാരാണ് വിലക്കുക? അവര്‍ നല്ല വഴിയ്ക്കല്ലേ പോകുന്നത്! മതം കുട്ടികളെ നേര്‍വഴിയ്ക്ക് നയിച്ചുകൊള്ളും എന്ന നിഷ്കളങ്കമായ വിശ്വാസങ്ങള്‍ വഞ്ചിക്കപ്പെടുകയാണ്. അപകടകരമായ പ്രവര്‍ത്തനങ്ങളിലേയ്ക്ക് പോകാനുള്ള സ്വാതന്ത്ര്യം ലഭിയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമായി മതം ദുരുപയോഗം ചെയ്യപ്പെടുകയാണ്.

അര്‍ദ്ധ രാത്രി വീട്ടില്‍ കയറി വരുന്ന മക്കള്‍ പള്ളിക്കാര്യത്തിന്‍റേയോ, അമ്പലക്കാര്യത്തിന്‍റേയോ പേരു പറഞ്ഞാല്‍ വീട്ടില്‍ പിന്നെ ശാസനകള്‍ ഇല്ല. അതാണ്‌ യുവാക്കളുടെ ഒരു പ്രചോദനം. മക്കള്‍ ആരെയൊക്കെ കൊല്ലാനുള്ള ട്രെയിനിങ്ങുകള്‍ കഴിഞ്ഞാണ് വരുന്നതെന്ന് മാതാപിതാക്കള്‍ അറിയില്ലല്ലോ.

കേരളത്തിലുള്ള എല്ലാ ആണിനും പെണ്ണിനും അറിവുള്ളതാണ്, മതത്തിന്റെയും അമ്പലങ്ങളുടെയും പള്ളികളുടെയും മറപറ്റി പ്രവര്‍ത്തിക്കുന്നവരാണ് ഇവിടുത്തെ പ്രധാന അക്രമ- വര്‍ഗീയ-ഭീകര സംഘടനകള്‍ എല്ലാം എന്നുള്ളത്. എന്നാല്‍ ഈ സംഘങ്ങളില്‍ ചെന്നു പെടുന്ന ചെറുപ്പക്കാരുടെ വീട്ടുകാരെ സ്നേഹം കൊണ്ടു കീഴ്പ്പെടുത്തുന്ന തന്ത്രമാണ് അവര്‍ പ്രയോഗിയ്ക്കുന്നത്.

രാത്രികാലങ്ങളില്‍ പള്ളികളില്‍ എന്താണ്? അമ്പലങ്ങളില്‍ എന്താണ് ? എന്ന് ചോദിയ്ക്കുവാനുള്ള ആര്‍ജവം എല്ലാ മതത്തിലും പെട്ട രക്ഷിതാക്കള്‍ കാണിയ്ക്കാത്തിടത്തോളം സ്വന്തം മക്കള്‍ ആരുടെയെങ്കിലും കൊലക്കത്തിയ്ക്കോ, പോലിസിന്റെയോ പട്ടാളതിന്റെയോ തോക്കുകള്‍ക്കോ ഒക്കെ ഇരയാകുമ്പോള്‍ മാത്രമായിരിക്കും രക്ഷിതാക്കള്‍ അറിയുക.

രാത്രി പള്ളിയില്‍ ആയുധ പരിശീലത്തിനു പോകുന്ന മക്കളോട് ഉമ്മമാര്‍ ചോദിയ്ക്കണ്ടേ, മോനേ ഓണത്തിന് പ്രഥമനും കൂട്ടി സദ്യതന്ന നമ്മുടെ അയലത്തെ ഹിന്ദുവിനെ കൊല്ലാനാണോ ഈ പരിശീലനം എന്ന്. വൈകുന്നേരം അമ്പലത്തില്‍ കേന്ദ്രീകരിച്ച് പരിശീലനം നേടുന്ന ഹിന്ദു കുട്ടികളുടെ അമ്മമാര്‍ ചോദിയ്ക്കാണ്ടെ, മോനേ പെരുന്നാളിന് നമ്മള്‍ക്ക് ഒറട്ടിയും ഇറച്ചിയും തന്ന അയല്‍ക്കാരെ കൊല്ലാനാണോ, ഈ പരിശീലനം എന്ന്. അതുമല്ലെനില്‍ നാം ജനിച്ചുവളര്‍ന്ന നമ്മുടെ സ്വന്തം രാജ്യത്തിനെതിരെ രാജ്യദ്രോഹപ്രവര്‍ത്തനം നടത്താനാണോ നിങ്ങളുടെ പുറപ്പാടു?

ഇതു സാക്ഷര കേരളത്തിലെ ഓരോ അച്ഛനമ്മമാരും സ്വന്തം മക്കളോട് ചോദിച്ചില്ലെങ്കില്‍, മക്കളെ വര്‍ഗീയ സംഘടനകളില്‍നിന്നും മാറ്റി നിര്‍ത്തിയില്ലെങ്കില്‍ കേരളവും ആസന്ന ഭാവിയില്‍ ഒരു വര്‍ഗീയ- ഭീകര കേന്ദ്രമാകും എന്നകാര്യത്തില്‍ സംശയംമില്ല.

അതുപോലെ മക്കള്‍ കൈനിറയെ പണവും മോട്ടോര്‍ ബൈക്കും ഒക്കെ ആയിട്ട് വരുമ്പോള്‍ ഇതെല്ലാം ആര് ,എവിടെനിന്നു, എന്തിന് തരുന്നുവെന്നു ചോദിച്ചില്ലെങ്കില്‍ പിന്നീട് ഉണ്ടാകാവുന്ന അപകടങ്ങള്‍ മാതപിതാക്കള്‍ മുന്‍കൂട്ടി മനസ്സിലാക്കണം. കേസുകളില്‍ പ്രതികളാകുന്ന മക്കളുടെ കോടതി ചെലവുകള്‍ക്ക്‌ ആര് പണം നല്‍കുന്നുവെന്നും തിരക്കണം. ? വിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തുന്നതിന് ആയോധനം എന്തിന്?

മക്കള്‍ പതിവില്ലാതെ തലയില്‍ തൊപ്പിവച്ചു തുടങ്ങുമ്പോള്‍ , കാവിയുടുത്ത്‌ തുടങ്ങുമ്പോള്‍ അത് ഭക്തി മൂത്തിട്ടാണോ, അതോ മതതീവ്രവാദം തലയ്ക്കു പിടിച്ചിയ്ട്ടാണോ എന്ന് അന്വേഷിയ്ക്കണം.

നല്ല വിശ്വാസിയാകാന്‍ വീടുകളില്‍ തന്നെ സൌകര്യങ്ങള്‍ ഉള്ളപ്പോള്‍ ഭക്തിമാര്‍ഗം വിദൂരങ്ങളിലേയ്ക്കുള്ള യാത്രകള്‍ ശ്രദ്ധിയ്ക്കണം. ഇതിന് ഹിന്ദുവെന്നോ മുസല്‍മാനെന്നോ വ്യത്യാസമില്ല. മതത്തിന്റെ സംരക്ഷകരായി വേഷമിട്ടു വരുന്ന സര്‍വ സംഘടനകളും വിദേശ ബന്ധമുള്ളവരും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കിയവരും ആണ്.

തീവ്രവാദികള്‍ എന്നാല്‍ മുസ്ലീങ്ങള്‍ മാത്രമല്ലെന്നും തിരിച്ചറിയേണ്ടതുണ്ട്. മഹാരാഷ്ട്രയിലെ മലെഗാവിലും മധ്യപ്രദേശിലും ഉണ്ടായ സ്ഫോടനങ്ങള്‍ ഉദാഹരണമാണ്. പിടിയ്ക്കപ്പെട്ടത്‌ തല്‍ക്കാലം അവ മാത്രമാണെന്നെയുള്ളു. ഇനിയും പലതും നാം അറിയാത്തതായി ഉണ്ടായേക്കാം . മാത്രവുമല്ല സംഘ പരിവാരങ്ങള്‍ പല പ്രകാരത്തില്‍ രാജ്യത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നടത്തുന്ന കൊടിയ അക്രമങ്ങള്‍ ഭീകര പ്രവര്‍ത്തനം അല്ലാതെ മറ്റെന്താണ്? സ്വയം ബോംബുകളായി പൊട്ടിത്തെറിയ്ക്കുന്നത് മാത്രമല്ല ഭീകര പ്രവര്‍ത്തനം എന്നുള്ളതും എല്ലാവരും മനസ്സിലാക്കണം.


ഇതൊക്കെയാണെങ്കിലും ഈ സംഘടനകളെയൊന്നും നിരോധിയ്ക്കണമെന്നോ, നിരോധിച്ചതുകൊണ്ട് പ്രയോജനം ഉണ്ടെന്നോ മനോമനന്‍ വിശ്വസിക്കുന്നില്ല. നിരോധിച്ചാലും വിവിധ രൂപഭാവങ്ങളില്‍ അവ പിന്നെയും പിന്നെയും പൊന്തിവരും. ഇതുങ്ങളെയൊക്കെ നന്നാക്കിയെടുക്കാനുള്ള മാര്‍ഗങ്ങളാണ് ആലോച്യ്ക്കെടത്.

ഇവിടെ നടക്കുന്ന രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും വര്‍ഗീയതയില്‍ അധിഷ്ഠിതാമാണ്. എല്ലാതരത്തിലും ഉള്ള വര്‍ഗീയതകള്‍ തന്നെയും രാജ്യദ്രോഹ പ്രവര്‍ത്തനമാണ് എന്നും നാം തിരിച്ചറിയണം. ഏതായാലും സംഘടിക്കപ്പെട്ടവരല്ലേ, ലക്ഷൃത്തിലും മാര്‍ഗത്തിലും ഗുണപരമായ മാറ്റങ്ങള്‍ വരുത്തി സമൂഹ മധ്യത്തില്‍ പ്രവര്‍ത്തിക്കുന്നവരാക്കി ഈ രാജ്യ ദ്രോഹ മത വര്‍ഗീയ ഭീകര വാദികളെ മാറ്റിത്തീര്‍ക്കാന്‍ പരിശ്രമിയ്ക്കാം;

പക്ഷെ, ഭരണകൂടങ്ങള്‍ തന്നെ വര്‍ഗീയമാകുന്ന ഭീകരത മതേതര ഇന്ത്യ അനുഭവിച്ചറിയുന്നിടത്ത് ഇനിയെന്ത് പ്രതീക്ഷയാണ് ബാക്കി നില്‍ക്കുന്നത്? വര്‍ഗീയ പ്രസ്ഥാനങ്ങളോട് മനോമനനു അഭ്യര്‍ത്ഥിയ്ക്കുവാനുള്ളത് എന്തെന്നാല്‍, നിങ്ങള്‍ സ്വയം മാറുക. മനുഷ്യരാകുക. പരസ്പരം ഭയന്നിട്ടാണ് ഇതൊക്കെ ചെയ്തു കൂട്ടുന്നതെങ്കില്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്നു സംസാരിച്ചു തെററിദ്ധാരണകള്‍ പരസ്പരം മാറ്റി സൌഹാര്‍ദപ്പെടുക.

ഒരു മതേതര ഭാരതീയന് ഇതൊക്കെയല്ലാതെ എന്ത് പറയാന്‍?

ഒന്നുകൂടി ഓര്‍ത്തുവയ്ക്കുക; നിങ്ങള്‍ എന്തിന്റെ പേരിലാണോ ഈ നീചകൃത്യങ്ങള്‍ ചെയ്യുന്നത്, ആ വിശ്വാസങ്ങള്‍ പിന്‍പറ്റുന്ന ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണ നിങ്ങള്‍ക്കില്ലെന്നു മാത്രമല്ല എല്ലാ മതത്തിലും പെട്ട വിശ്വാസി സമൂഹം സ്വന്തം മതത്തിന്റെ പേരില്‍ നടക്കുന്ന ക്രൂരതകള്‍ കണ്ടു നടുങ്ങുകയും ലജ്ജിച്ചു തലതാഴ്ത്തുകയും ചെയ്യുകയാണ്. നിങ്ങളെ ശപിയ്ക്കുകയാണ്.

അഭിമാനത്തോടെ നാം പറയുന്ന നാനാത്വത്തില്‍ ഏകത്വം പുലരുന്ന നാട്!

വൈവിധ്യങ്ങളുടെ ആ സൌന്ദരൃമെങ്കിലും മനസിലാക്കുവാന്‍ കഴിയാത്ത നിര്‍ഭാഗ്യവാന്മാരായ വര്‍ഗീയ ഫാസിസ്റ്റുകളോട് എന്ത് പറഞ്ഞിട്ടാണ് കാര്യമുള്ളത്‌? അതെ, അവര്‍ നിര്‍ഭാഗ്യവാന്മാര്‍ തന്നെ; സ്നേഹത്തിന്റെയും സമാധാനത്തിന്റെയും അവാച്യമായ അനുഭൂതികള്‍ ആസ്വദിയ്ക്കുവാനുള്ള ശേഷി നഷ്ടപ്പെട്ടുപോയ നിര്‍ഭാഗ്യവാന്മാര്‍;

മാനുഷികമൂല്യങ്ങള്‍ വലിച്ചെടുക്കപ്പെട്ട് ക്ഷുദ്രീകരിയ്ക്കപ്പെട്ടുപോയവര്‍; നിഷ്ഠുരീകരിയ്ക്കപ്പെട്ടുപോയവര്‍; മാനവികത നഷ്ടപ്പെട്ട്‌ ജന്മം തന്നെ പഴായിപ്പോയവര്‍!

ഭൂമിയില്‍ ദാനമായി ലഭിയ്ക്കുന്ന ഇത്തിരിപ്പോന്ന ജീവിത സൌഭാഗ്യത്തെ സ്വയം പാഴാക്കുന്ന, അന്യന്റെ ജീവിത സൌഭാഗ്യങ്ങളെ കൊന്നു തിന്നുന്ന നീച വൃത്തികളില്‍ അഭിരമിച്ചു സായൂജ്യം കൊള്ളുന്ന.....

എങ്ങെയോക്കെയാണ് വിശേഷിപ്പിയ്ക്കേണ്ടത്?

പൊന്നു മക്കളേ.........! അരുതേ, അരുതേയെന്ന് ഏതൊക്കെയോ മാതൃ ഹൃദയങ്ങള്‍ തേങ്ങി യാചിയ്ക്കുന്നത് കാതുകളില്‍ വന്നലയ്ക്കുന്നില്ലേ?

നിറുത്തരുതോ?

No comments: