ലേഖനം
ഈ ലേഖനം ആഗ്നേയന്റേതാണ്
അങ്ങനെ ലാവ്‌ലിൻ അനുബന്ധ സ്വപ്നങ്ങളും പൊലിഞ്ഞു !
അങ്ങനെ ആ ഒരു സസ്പെൻസും അവസാനിച്ചു. പ്രധാനമായും ലാവ്‌ലിൻ കേസിനെ സംബന്ധിച്ച് ചർച്ച നടത്താൻ കൂടുമെന്നു പറഞ്ഞിരുന്ന സി.പി.എം പോളിറ്റ് ബ്യൂറോ കഴിഞ്ഞു. മഹാത്ഭുതങ്ങൾ പ്രതീക്ഷിച്ച് മനപ്പായസം ഉണ്ടവർ നിരാശരായി. ഒന്നുകിൽ പിണറായി അല്ലെങ്കിൽ വി.എസ് ഈ രണ്ടുപേരിൽ ഒരാളേ ഈ പോളിറ്റ് ബ്യൂറോ കഴിഞ്ഞാൽ പാർടിയിൽ ഉണ്ടാകൂ എന്ന തരത്തിലാണ് മാർക്സിസ്റ്റു വിരുദ്ധ മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിച്ചത്. ഇപ്പോൾ ബലൂണിന്റെ കാറ്റു പോയതു പോലെയായി. ഇനി ചമ്മലു മാറ്റാൻ മറ്റെന്തെങ്കിലും ചൂടുള്ള വിഷയങ്ങൾ കിട്ടണം.
അതീവ ഗൌരവമുള്ള മറ്റെന്തെല്ലാം സംഭവങ്ങൾ ഇന്ത്യയിലും ലോകത്തും ഇതിനിടയിൽ നടന്നു. അതൊന്നും മാർക്സിസ്റ്റു വിരോധികളുടെ ശ്രദ്ധയെ ആകർഷിച്ചതേയില്ല. എല്ലാവരുടേയും ശ്രദ്ധ ലാവ്ലിൻ കേസിലായിരുന്നു. രാജ്യം നേരിടുന്ന വർഗീയ വിപത്തൊന്നും പലർക്കും ഒരു വാർത്തയേ അല്ല. വർഗീയ ഫാസിസ്റ്റുകളേയും അവരുടെ രാഷ്ട്രീയ ഫാസിസ്റ്റു പാർടികളേയുമൊക്കെ വിമർശിച്ചാൽ പത്രമാഫീസുകളുടെ കണ്ണാടിച്ചില്ലുകൾ തകർത്ത് ഫാസിസ്റ്റുകൾ കടന്നു കയറുമെന്നും അതിനുള്ളിലിരിയ്ക്കുന്നവരുടെ ജീവൻ തന്നെ അപകടത്തിലാകും എന്നും ഭയം ഉള്ളതുകൊണ്ട് അവർ എന്ത് അഴിഞ്ഞാട്ടം നടത്തിയാലും അതു തുറന്നു കാട്ടാൻ തയ്യാറല്ല. സി. പി.എമ്മിന്റെ മേൽ ആകുമ്പോൾ ആർക്കും കുതിര കയറാമല്ലോ!
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളോടു താരതമ്യപ്പെടുത്തുമ്പോൾ ആപേക്ഷികമായി കേരരളത്തിനു ചില മെച്ചങ്ങൾ ഉണ്ട്. വർഗീയതയും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അല്പം കുറവാണ്. വർഗീയത ശക്തിപ്പെടുത്താനുള്ള പ്രധാന തടസ്സം ഇവിടെ ഇടതുപക്ഷത്തിനുള്ള സ്വാധീനമാണ്. അതുകൊണ്ടുതന്നെ മുഖ്യ ഇടതുപക്ഷ കക്ഷിയായ സി.പി. എമ്മിനെ തകർത്തു മാത്രമേ വർഗീയ പ്രതിലോമ ശക്തികൾക്ക്` ഇവിടെ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയൂ. അതിനു ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകൾ മത്സരിച്ചു ശ്രമിയ്ക്കുകയാണ്.അവർക്കു ശക്തി പകരാനാണ് ഇവിടെ കുറെ മാധ്യമങ്ങൾ ശ്രമിയ്ക്കുന്നത്.
എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. പിണറായി വിജയനെ മാറ്റി നിർത്തും. നവകേരള യാത്ര മറ്റാരെങ്കിലും നയിക്കും. വി.എസ് പാർടിയിൽ പിടി മുറുക്കും. സംസ്ഥാന നേത്ര്‌ത്വം വൻ പ്രതിസന്ധിയിലാകും. ഇത്തരത്തിലായിരുന്നു ഒരു പ്രചരണം. മറ്റൊന്ന് പിണറായിയെ മാറ്റില്ല. വി.എസ് അതിൽ കുറഞ്ഞുള്ള ഒത്തുതീർപ്പുകൾക്കു നിൽക്കില്ല. പിന്നെ ഉള്ള വഴി രാജി വയ്ക്കുക. എന്നിട്ടു ഒന്നുകിൽ പുതിയ പാർടി ഉണ്ടാക്കുക. അല്ലെങ്കിൽ രാജി വയ്ക്കാതെ പാർട്ടി പിടിച്ചെടുക്കുക. അതിനാൽ പതിനാലാം തീയതിക്കുശേഷം പാർടി ഓഫീസുകൾ വി.എസ്. ഗ്രൂപ്പുകാർ പിടിച്ചെടുക്കുമെന്നു വരെ സ്വപ്നാക്ഷരങ്ങൾ നിരത്തി.
ഇപ്പോൾ കോഴി കൂകി. നേരം വെളുത്തു. എല്ലാം പാർടി വിരുദ്ധരുടേയും , പാർടി വിരുദ്ധ ദ്ര്‌ശ്യ- ശ്രവ്യ മാധ്യമങ്ങളുടേയും പാഴ്കിനാവുകളായിരുന്നുവെന്ന യാഥാർത്ഥ്യവുമായി ഇനിയും അവർ പൊരുത്തപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. മാർക്സിസ്റ്റു പാർട്ടി ഇല്ലാത്ത ഒരു ലോകത്തെ കുറിച്ചുള്ള ഇക്കൂട്ടരുടെ സ്വപ്നങ്ങൾ പക്ഷെ ഇന്നും ഇന്നലേയും തുടങ്ങിയതല്ലല്ലോ. ഇവർ ഒരു കാര്യം തുറന്നു പറഞ്ഞെങ്കിൽ നന്നായിരുന്നു.സി. പി എം തകരുമ്പോൾ തങ്ങൾക്ക് എന്തു കിട്ടും? അങ്ങനെ തകർന്നു കാണാൻ ആഗ്രഹിക്കത്തക്ക നിലയിൽ എന്തു തെറ്റാണ് ഈ പാർട്ടി ചെയ്തിട്ടുള്ളത്? സി. പി.എം തെറ്റുപറ്റാത്ത പാർടിയാണെന്നല്ല. തെറ്റു പറ്റിയെന്നു ബോദ്ധ്യമായാൽ തുറന്നു പറഞ്ഞു തിരിത്തുന്ന പാർടിയാണിത്.
മറ്റു പാർട്ടികളൊന്നും തകരണമെന്ന് ഒരാഗ്രഹവും ഇല്ല. വർഗീയ -തീവ്രവാദ -വിംധ്വംസക ശക്തികൾ പോലും അവർക്കു ഇല്ലാതായി കാണേണ്ട. സി.പി.എം മാത്രം തകരണം. അതിന് ഈ പാർടിയും ഇതിന്റെ നേതാക്കളും മാത്രം വേട്ടയാടപ്പെടണം. ഈ പാർട്ടി എന്തെങ്കിലും പ്രതിസന്ധി നേരിടുമ്പോൾ എന്തൊരുത്സാഹമാണെന്നോ, ഈ വിരുദ്ധ ശക്തികൾക്ക്! അതു പറഞ്ഞറിയിക്കാൻ പറ്റില്ല. അത്രയ്ക്കുണ്ട് അന്ധമായ മാർക്സിസ്റ്റു വിരോധം. പക്ഷെ , സി. പി. എം ഇതെത്രയോ കണ്ടിരിയ്ക്കുന്നു.ഇനി കാണാനുമിരിയ്ക്കുന്നു.
ഇനിയും ഒരു കൂട്ടർ ഉണ്ട്. പാർടിയാണെന്നു പറയും. എന്നാൽ പാർടിയിൽ സർവ്വത്ര കുഴപ്പമാണ് . പാർട്ടി തകരുന്നതിൽ ദുഖമാണെന്നു പറയും. (അവർക്ക് ഇതു നയിക്കാൻ അവസരം ലഭിയ്ക്കാത്തതിന്റെ കുഴപ്പമാണെന്നു തോന്നും പറച്ചിലു കേട്ടാൽ). എന്നിട്ടു വർഗ്ഗ ശത്രുവിനോട് ഒപ്പം നിന്ന് പാർട്ടിയെ തെരുവിൽ അലക്കും. തങ്ങളെക്കൊണ്ടു പലതുകൊണ്ടും കഴിയാത്തതു മറ്റുള്ളവർ ചെയ്യുന്നതിലുള്ള അസൂയ. അല്ലാതെന്ത്?എന്നാൽ ഈ ‘നല്ലാളന്മാർ` ക്ക് ഈ പാർട്ടിയ്ക്കു പകരം വയ്ക്കാൻ മറ്റൊന്നു ചൂണ്ടിക്കാണിയ്ക്കുവാനുണ്ടോ? അതുമില്ല. സി.പി. എം ഇല്ലാതായാൽ എല്ലാം ക്ലിയറാകും എന്ന മട്ടിലാണ് പ്രചരണം.
ഒന്നു മാത്രം പറഞ്ഞ് ഈ കുറിപ്പു തൽകാലം ചുരുക്കുന്നു. കണ്ണിരിയ്ക്കുമ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല. കാഴ്ചയുടെ വില അറിയില്ല. കേരളത്തിൽ സി.പി.എം ഉള്ളതിന്റെ വില അതില്ലാതായാൽ മാത്രമേ അറിയൂ.
No comments:
Post a Comment