ലേഖനം
അബ്ദുള്ളക്കുട്ടിയെ ഇബിലീസു ബാധിച്ചിരിയ്ക്കണൂ...!
അബ്ദുള്ളാക്കുട്ടി സി.പി.എമ്മില് നിന്നും പൂറത്തായി. അതു പ്രതീക്ഷിച്ചതും തന്നെ.അദ്ദേഹം എസ്.എഫ് ഐ രംഗത്തുനിന്നും കടന്നു വന്ന ഒരാളാണ്. ഒത്തിരി ത്യാഗങ്ങളും സേവനങ്ങളും ഒക്കെ വിദ്യാര്ഥി-യുവജന സംഘടനാരംഗത്ത് ചെയ്തിട്ടുമൂണ്ട്.പാര്ടി ആ നിലയില് തന്നെ മതിയായ പരിഗണനകള് നല്കിയിട്ടുമുണ്ട്. മലബാര് ഭാഗത്ത് മറ്റാരും ഇല്ലാഞ്ഞിട്ടല്ലല്ലോ,ഒരു എം. പി.ആയി ജനങ്ങളേയും പാര്ടിയേയും സേവിക്കുവാന് അദ്ദേഹത്തിന് അവസരം നല്കിയത്! പക്ഷെ ഒന്നുരണ്ടുവട്ടം എം.പി യൊക്കെ ആയപ്പോള് അദ്ദേഹത്തിനു ചില ഏനക്കേടൂകള് തുടങ്ങി. പാര്ടിയാണോ അബ്ദുള്ളക്കുട്ടിയാണോ വലുതെന്നൊക്കെ ഒരു സംശയം. പാര്ടി പറയുന്നതിനെക്കാള് നന്നായി തനിക്കു കാര്യങ്ങള് പറ്യാന് കഴിയുമെന്നൊരു തോന്നല്.ചില കോമ്പ്ലെക്സുകള്..
ഇതിനു മുന്പും പാര്ടിയില്നിന്ന് ഒരു കര പിടിച്ച ശേഷം പാര്ടി അത്ര വലിയ കാര്യമൊന്നുമല്ലെന്നു തോന്നി പിച്ചും പേയും പുലമ്പി പുറത്തുപോയവരുണ്ട്.പലരുടേയും പിന്നില് ലക്ഷം ലക്ഷം പിന്നാലെ യെന്നുപറഞ്ഞു കൂടെ വരുമെന്നു വീമ്പു പറഞ്ഞിട്ടു തിരിഞ്ഞുനോക്കുമ്പോള് ലക്ഷത്തിനു ഏതാനും പൂജ്യങ്ങളുടെ കുറവുതോന്നുമ്പോള് നേരെ ചെന്നു ചേരുന്നതു പിന്നെ വര്ഗ്ഗശത്രുവെന്നു തലേന്നുവരെ പറഞ്ഞവരുടെ പാളയത്തില്. ഇതൊന്നും ഒരു പുത്തരിയല്ല.അബ്ദുള്ളക്കുട്ടിയുടെ കൂടെ ലക്ഷം ലക്ഷം ചെല്ലുമെന്നൊന്നും പറഞ്ഞിട്ടില്ല . അങ്ങനെ പറയാനുള്ള പ്രായമൊന്നും അദ്ദേഹത്തിനായിട്ടുമില്ല. പിന്നെ ഏതുനേരത്താണ് അബ്ദുള്ളക്കുട്ടിയുടെ മനസ്സില് ചില വേണ്ടാതീനങ്ങള് തോന്നിയതെന്നൊന്നും അറിയില്ല.
ഒരു പക്ഷെ ഇത്തവണ സീറ്റു കിട്ടാന് സാധ്യതയില്ലെന്ന വെളിപാടു കിട്ടിയിട്ടാകാം. പലര്ക്കും അങ്ങനെയാണ്.അങ്ങനെ തോന്നിയാല് പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിയ്ക്കും. പരയുന്നത് ആരാണ്, ആരെക്കുറിച്ചാണ് , എന്താണ് എന്നൊന്നും നിശ്‌ചയമില്ലാതെ എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞെന്നുമിരിയ്ക്കും. ഒരിയ്ക്കല് എം.പി.യും, എം.എല്.എയും ഒക്കെ ആയാല് ചിലര്ക്ക് പിന്നെ അതൊന്നുമല്ലാതെ ജീവിയ്ക്കുന്നതിനെക്കുറിച്ച് ചിന്തിയ്ക്കാനേ കഴിയില്ല. എല്ലാ പാര്ടിയിലുമുണ്ട് ഇങ്ങനെ ചിലര്.അബ്ദുള്ളക്കുട്ടിയും അങ്ങനെ വല്ലതും ആയിപ്പോയോ എന്നറിയില്ല.
നരേന്ദ്ര മോഡിയെ പുകഴ്ത്തിയതാണല്ലോ, ഇപ്പോള് പാര്ടിയില്നിന്നും പുറത്താകാന് കാരണം. അതൊരു നിമിത്തമായെന്നേയുള്ളു. അല്ലെങ്കിലും താമസം വിനാ പുറത്തായേനെ.കാരണം അദ്ദേഹത്തിനു പാര്ടിയില്നിന്നും പുറത്താകാന് സധ്യതയുള്ള ചില ഏനക്കേടുകള് അല്പം നേരത്തേതന്നെ കുട്ടിസഖാവ് പ്രെകടിപ്പിച്ചു തുടങ്ങിയിരുന്നു. ഇവിടെ ഇപ്പോള് ഉന്നയിക്കപ്പെടുന്ന ചോദ്യം നരേന്ദ്ര മോഡി ഇനിയെത്ര ക്രൂരനാണെങ്കിലും അദ്ദേഹത്തിന്റെ ഏതെങ്കിലും ഗുണം ഉയര്ത്തികാണിയ്ക്കുന്നതില് തെറ്റുണ്ടോ എന്നുള്ളതാണ്.ഇനിയെത്ര നല്ലതു ചെയ്താലും നരേന്ദ്ര മോഡിയ്ക്ക് ചരിത്രത്തില് ഒരു നരാധമന് എന്ന പേരു വീണു പോയി. ഏതു വിശുദ്ധ ജലത്തില് മുങ്ങി നിവര്ന്നാലും അതു മാറില്ല. കുടല് മാല പുറത്തുചാടി മരിച്ച ഗര്ഭിണിയുടേതടക്കമുള്ള ആത്മാക്കള് ഇവിടെ അലഞ്ഞു തിരിയുന്നിടത്തോളം ജനനമരണചക്രങ്ങളില് നിന്ന് മോചിതനായി മോക്ഷപ്രാപ്തിയില് എത്താന് മോഡിയ്ക്കു കഴിയില്ല. അങ്ങനെയുള്ള മോഡിയെ പ്രശംസിയ്ക്കേണ്ടുന്ന യാതൊരാവശ്യവും അബ്ദുള്ളക്കുട്ടിയ്ക്കില്ല.
പല പാര്ട്ടികളിലും പലതരം ക്വാളിറ്റികള് ഉള്ള നേതാക്കള് ഉണ്ടാകും . അവരെ പ്രശംസിയ്ക്കുന്നതിന് ചില സാഹചര്യങ്ങള് ഒക്കെ ഉണ്ട്.എന്നാല് ചോദിയ്ക്കും ആളുകള്ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേയെന്ന്.ഉണ്ട്. പക്ഷെ, ഒരു പാര്ടിയില് നില്ക്കുമ്പോള് ആ പാര്ടിയുടെ പെരുമാറ്റ ചട്ടങ്ങള്ക്ക് വിധേയമായി നില്ക്കണം. പ്രത്യേകിച്ച് സി.പി. എം പോലെ ഒരു കേഡര് പാര്ടിയില്. പാര്ട്ടി ഭരണഘടനയ്ക്കും പരിപാടിയ്ക്കും വിധേയമായും പാര്ടി അച്ചടക്കം പാലിച്ചും പ്രവര്ത്തിച്ചുകൊള്ളാമെന്നു പ്രതിജ്ഞ ചെയ്തുകൊണ്ടാണ് അതിന്റെ മെമ്പെര്ഷിപ്പില് വരുന്നതുതന്നെ.
പാര്ടിയിലെന്നല്ല,ഏതൊരു സംഘടനയിലുംനാം അംഗമായാല് അതിന്റെ നിയമാവലികള് പാലിച്ചേ മതിയാകൂ. അല്ലെങ്കില് പിന്നെ ഒരു പാര്ട്ടിയിലും സംഘടനയിലും അംഗമാകാതെ സ ര് വ്വ തന്ത്ര സ് വതന്ത്രരായിരിയ്ക്കുക. അപ്പൊപ്പിന്നെ ഒരു കുഴപ്പവുമില്ല. പാര്ടിയിലും മറ്റു സംഘടനകളിലും ഒക്കെ പ്രവര്തിയ്ക്കുന്നത് വാളണ്ടറിയായിട്ടാണ്; അല്ലാതെ നിര്ബന്ധമൊന്നുമല്ല. വേണമെങ്കില് പ്രവര്ത്തിച്ചാല് മതി. ഇനിയിപ്പോ അബ്ദുള്ളക്കുട്ടിയ്ക്ക് ലീഗോ മറ്റോ ഒരു സീറ്റു നല്കിയെന്നിരുന്നാല് ബി.ജെ.പി യുടെ കൂടി പിന്തുണ അബ്ദുള്ളക്കുട്ടിയ്ക്ക് ഉറപ്പിയ്ക്കാം.ഉത്തരേന്ത്യന് സംസ്ഥാനങ്ങളിലൊന്നും ഇന്ന് മുസ്ലിം-ക്രിസ്ത്യന് നാമധാരികള്ക്കും വേഷധാരികല്ക്കും ചെല്ലാന് കഴിയാത്ത സ്ഥിതിവിശേഷമുണ്ട്. അബ്ദുള്ളക്കുട്ടിയ്ക്ക് ഇനി ഭയക്കേണ്ട. മോഡിയെ പൊക്കിപ്പറഞ്ഞതുകൊണ്ട് ഇനി ഇന്ത്യയില് എവിടെയും കുട്ടിയ്ക്ക് കറങ്ങി നടക്കാം. ഞങ്ങളും ഒക്കെ ഒരു കാലത്തു എസ്.എഫ്.ഐ.പ്രവര്തകരായിരുന്നു. ഒരു പക്ഷെ നമ്മളൊന്നും എം. പി ആയിട്ടില്ലാത്തതുകൊണ്ടായിരിയ്ക്കാം പാര്ടിയെ തള്ളിപ്പറയാനും മറ്റും തോന്നാത്തത്!
പിന്നെ വികസനം എന്നു പറഞ്ഞാല് വെറും കുറെ സ്ഥലം ഏറ്റെടുത്തു വ്യവസായം തുടങ്ങല് മാത്രമല്ല. ഗുജറാത്തിലൊക്കെ ഹെക്റ്ററു കണക്കിനു ഭൂമി കണ്ടെത്താനും പ്രയാസമില്ല. പക്ഷെ കേരളം പോലെ ചെറിയൊരു കീറു സ്ഥലത്ത് പല പരിമിതികളും ഉണ്ട്.ഇനി ഈ വികസനം വന്നു വന്നു എന്നു പറയുന്ന സംസ്ഥാനങ്ങളിലെ ജനജീവിതം ഒന്നു കണ്ടു നോക്കണം.പള്ളിക്കൂടമേ കണ്ടിട്ടില്ലാത്ത നിരക്ഷര കുക്ഷികളാണ് മിക്ക സംസ്ഥാനത്തും കൂടുതലായി നമുക്കു കാണാണ് കഴിയുക.രാജ്യത്തു എന്തു നടക്കുന്നുവെന്നൊന്നും അവർക്ക് അറിയുകയുമില്ല.വിദ്യാഭ്യാസപരമായും, സാംസ്കാരികമായും ഒരു ജനതയെ മോചിപ്പിയ്ക്കാതെ എന്തു വികസനം?
അടിത്തട്ടില്നിന്നാണു വികസനം തുടങ്ങേണ്ടതു.അടിസ്ഥാന ജനവിഭാഗങ്ങള് വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും പുരോഗമിച്ചാല് പിന്നെ ഭൂരിപക്ഷ- ന്യൂനപക്ഷ വര്ഗീയതയൊന്നും ഇന്നത്തെപ്പോലെ ക്ലച്ചു പിടിയ്ക്കില്ല. അതുകൊണ്ട് അത്തരം വികസനമൊന്നും വരാനും പോകുന്നില്ല. വന് വ്യവസായങ്ങള് വന്നാലല്ലേ പാര്ടികള്ക്കും നേതാക്കള്ക്കും പ്രയോജനമുള്ളു. പിന്നൊന്നു ഈ മോഡിയുടെ വികസിപ്പിയ്ക്കലിനെ പറ്റി പറയുന്നതു കേട്ടാല് തോന്നുക ഇതിനു മുന്പൊന്നും ഒരു സംസ്ഥാനത്തും ഒരു വികസനവും നടന്നിട്ടില്ലെന്ന്.ഒരു വ്യവസായവും വന്നിട്ടില്ലെന്ന്.
ഇതു നരേന്ദ്ര മോഡിയെ വികസനത്തിന്റെ അപ്പോസ്തലനായി ഉയര്ത്തിക്കാട്ടി ബി. ജെ. പിയുടെ ഭാവി പ്രധാന മ്ന്ത്രിയായി അവതരിപ്പിയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. പോരാത്തതിനു മോഡിയ്ക്ക് തന്റെ മ്ര്ഗയാ വിനോദങ്ങളിലൂടെ ലഭിച്ച ഹിറ്റ്ല്കര് ഇമേജില് നിന്ന് അദ്ദേഹത്തെ രക്ഷിച്ചെടുക്കുകയും വേണം. അബ്ദുള്ളക്കുട്ടിയ്ക്ക് പോയതു ഒരു വാക്കാണ്. ആ ഒരു പാഴ്വാക്കുകാരണം പലരാലും ഈ നരാധമന് മഹത്വവല്ക്കരിയ്ക്കപ്പെടും.അതുകോണ്ട് അബ്ദുള്ളാക്കുട്ടീ ഇബിലീസു കയറി കൂടുകൂട്ടിയ മനസിന്റെ ആ മച്ചില് പുറമൊക്കെ ഒന്നു തട്ടി വെളിവാക്കി, പുനര് വിചിന്തനം ചെയ്ത് ഇപ്പോഴത്തെ സസ്പെൻഷന് ഒരു അനുഭവപാഠമാക്കി പാര്ടിയില് തിരിച്ചു കയറാന് നോക്ക്..
No comments:
Post a Comment