Sunday, March 8, 2009

അബ്ദുള്ളക്കുട്ടിയെ സി.പി.എമ്മിൽ നിന്നു പുറത്താക്കി

അബ്ദുള്ളക്കുട്ടിയെ സി.പി.എമ്മിൽ നിന്നു പുറത്താക്കി. പുറത്താക്കപ്പെടാൻ വേണ്ടി കാത്തിരിക്കുകയായിരുന്നല്ലോ, അബ്ദുള്ളക്കുട്ടി.

ചിലർക്ക്‌ അങ്ങനെയാണ് പാർടിയിൽ നിന്ന്‌ എന്തെങ്കിലും ഒക്കെ നേടി കഴിയുമ്പോൾ പാർടിയെക്കാൾ വലുതായ എന്തോ ഒന്നു തന്നിൽ ഉണ്ടെന്നു തോന്നിപ്പോകും. അതാണു അബ്ദുള്ളക്കുട്ടിയ്ക്കും സംഭവിച്ചത്‌.

എന്തുകൊണ്ടാണ് മനോമനൻ വീണ്ടും അബ്ദുള്ളയ്ക്കിട്ടു താങ്ങുന്നതെന്നു ചോദിച്ചാൽ അബ്ദുള്ളക്കുട്ടിയും ഞാനും തമ്മിൽ വിരോധമൊന്നുമുണ്ടായിട്ടല്ല.ഈയുള്ളവൻ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയിൽ ഉള്ളപ്പോൾ അബ്ദുള്ളക്കുട്ടി സംസ്ഥാന നേത്ര്‌ത്വനിരയിൽ ആയിരുന്നു.പിന്നീട്‌ അദ്ദേഹം സംസ്ഥാന ഭാരവാഹിയും പിന്നെ എം.പിയും ഒക്കെ ആയി.

വിദ്യാർഥി സമരങ്ങളുടെ തീച്ചൂളകളിൽ മനോമനനും ഒക്കെ ഉണ്ടായിരുന്നു.പക്ഷെ മനോമനൻ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും ഒന്നും ആയില്ല. എം.പിയും, എം.എൽ.എയും ആയില്ല.ഒരു പഞ്ച്ചായത്തു മെംബെർ പോലും ആയില്ല. പാർട്ടിയിൽ ആകെയായതു ഒരു എൽ.സി മെംബെർ.അതുകൊണ്ടാകാം മനോമനൻ ഇന്നും പാർട്ടിയിൽ തന്നെ. ങാ, അതു പോട്ടെ.

അബ്ദുള്ളക്കുട്ടി സംഘടനയ്ക്കു വേണ്ടി പല ത്യാഗങ്ങളും ചെയ്തിട്ടുണ്ട്‌.എന്തിനു ലീഗുകാരിൽ നിന്നുതന്നെ ക്രൂരമായ മർദ്ദനങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട്‌.ഒക്കെ ശരിതന്നെ.പക്ഷെ, അതിന്റേതായതും അതിൽകൂടുതലായതുമായ അംഗീകാരവും അദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്‌. പാർട്ടി ഭാഷയിൽ പറഞ്ഞാൽ കഴിവിനെ പ്രയോജനപെടുത്താൻ കഴിയുന്ന ചുമതലകൾ ഒക്കെ നൽകി.

മാത്രവുമല്ല മലപ്പുറത്തെ ലീഗു കോട്ടകളിൽനിന്നു മുസ്ലീം സമുദായത്തിൽനിന്നു സി.പി.എമ്മിലേയ്ക്കു കടന്നുവരുന്ന ചെറുപ്പക്കാരെ പാർട്ടി പൊന്നു പോലെ നോക്കും.അന്നും ഇന്നും. അവർക്കു പ്രത്യേക പരിലാളനങ്ങൾ ലഭിയ്ക്കും.അതു അദുള്ളക്കുട്ടിയ്ക്കും ആഷിക്കിനും ഒക്കെ ലഭിച്ചിട്ടുണ്ട്.

അതുകൊണ്ടാണ് അബ്ദുള്ളക്കുട്ടി എം.പി വരെ ആയതു.പാർട്ടി ഒരാളെ എം.പിയോ എം.എ; എയോ ഒക്കെ ആയി മത്സരിപ്പിയ്ക്കാൻ തീരുമാനിയ്ക്കുന്നതിനു പല മാനദണ്ഡങ്ങളും ഉണ്ട്‌.ഒന്ന്‌, ജനപ്രതിനിധിയായാൽ പാർട്ടി പറ്യുന്ന രീതിയിലും പാർട്ടി പ്രതീക്ഷിയ്ക്കുന്ന ഗൌരവത്തിലും ആ രംഗത്തുനിന്ന്‌ ജനങ്ങളെ സേവിയ്ക്കാൻ കഴിയുമോ എന്നുള്ളതാണ്.

രണ്ട്‌,ആ സഖാവിന്റെ ജയ സാദ്ധ്യതാ മാനദണ്ഡം.അവിടെ അയാൾ ജയിക്കാനുള്ള സാഹചര്യങ്ങളും മറ്റുമാണ് നോക്കുന്നത്‌ മൂന്നു ആ സഖാവിനു ആ സാഹചര്യത്തിൽ ലഭിയ്ക്കുന്ന പ്രത്യേക പരിഗണന.അല്ലാതെ കഴിവുള്ള മറ്റാരും ഇല്ലാഞ്ഞിട്ടൊന്നുമല്ല ഒരാൾക്കു ഒരു നിയോഗം ലഭിയ്ക്കിന്നത്‌.

മേൽ സൂചിപ്പിച്ച മാന ദണ്ഡങ്ങളൊക്കെ വച്ച്‌ സ്ഥാനാർഥിയാക്കപ്പെട്ടു വിജയിച്ച്‌ ജന പ്രതിനിധി ഒക്കെ ആകുമ്പോൾ ലഭിയ്ക്കുന്ന സ്ഥാനത്തിന്റെ വലിപ്പമനുസരിച്ചു കുറച്ചേറെ സുഖസൌകര്യങ്ങളും ലഭിയ്ക്കും.ആ സുഖ സൌകര്യങ്ങൾ അനുഭവിക്കുന്നതിനു പാർട്ടി വിലക്കു കല്പിയ്ക്കുന്നുമില്ല. പണ്ടൊക്കെ ചെറിയ നിരീക്ഷണങ്ങൾ ഒക്കെ ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെ നിയന്ത്രണങ്ങൾ ഒന്നുമില്ല. പക്ഷെ നേരെ ചൊവ്വെ അല്ലെങ്കിൽ പിന്നീടു പാർട്ടിയ്ക്കു പുറത്താകുമെന്നു മാത്രം.

അപ്പോൾ ഞാൻ പറഞ്ഞ ആ സുഖ ഭോഗങ്ങൾ:അതു ഒരിയ്ക്കൽ അനുഭവിച്ചു കഴിഞ്ഞാൽ പിന്നെ ചിലർക്കു തൊണ്ണൂറാൻ പക്കത്തിലും അതില്ലാതെ പറ്റില്ല. അബ്ദുള്ള ക്കുട്ടിയ്ക്ക് ഈ അസുഖം ചെറുപ്പത്തിലേ വന്നൂ എന്നേയുള്ളൂ.പിന്നെ അബ്ദുള്ളക്കുട്ടിയുടെ സ്വതന്ത്രമായ അഭിപ്രായങ്ങൾ -മോഡി പുലിയാണെന്നും മറ്റും ഉള്ളവ- സംബന്ധിച്ചുള്ളതാ‍ണ്.

ഒരു പ്രസ്ഥാനത്തിൽ നിൽക്കുമ്പോൾ അതിനുള്ളിൽ നിന്ന്‌ സ്വാഭിപ്രായങ്ങൾ പറയാം.പക്ഷെ അതുതന്നെ പ്രസ്ഥാനത്തിന്റെ അഭിപ്രായമായി അംഗീകരിക്കപ്പെട്ടു കിട്ടണമെന്നില്ല.നാം ഏവരും ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാകുമ്പോൾ നമ്മൾ നമ്മെതന്നെ സമർപ്പിയ്ക്കുകയാണ്. അപ്പോൾ പിന്നെ നമുക്കു മാത്രമായി ഒരു തീരുമനമില്ല. നമുക്ക്‌ യോജിയ്ക്കാൻ പറ്റാത്തവയാണെങ്കിലും പൊതു തീരുമാനം നാം അംഗീകരിച്ചേ മതിയാകൂ. പാർടിയിലും അങ്ങനെ തന്നെ.

അതു പറ്റാത്തവർ പാർട്ടിയിൽ എന്നല്ല, മറ്റൊരു സംഘടനയിലും ചേരരുത്‌. സ്വന്തം നിലയിൽ എന്തെങ്കിലും ഒക്കെ ചെയ്യാൻ സാധിയ്ക്കുമോ എന്നു നോക്കണം. അല്ലാതെ ഒരു പ്രസ്ഥാനത്തിൽ നിന്ന്‌ സർവമാന സുഖ ഭോഗങ്ങളും പേരും പ്രശസ്തിയും ആർജ്ജിച്ച ശേഷം പ്രസ്ഥാനത്തെ തള്ളിപ്പറയുമ്മത്‌ ജനാധിപത്യ സ്വാതന്ത്ര്യമാണെങ്കിലും തികഞ്ഞ വഞ്ചനയാണ്.പ്രത്യേകിച്ചും ഒന്നുംനേടാതെ പ്രസ്ഥാനത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസക്ഷികൾ ഉള്ള, ആ രക്തസാക്ഷികളുടെ വീരസ്മരണകളിൽ അവേശം കൊള്ളുന്ന ഒരു പാർട്ടിയിൽ നിന്ന്‌ ധാരാളം ഭൌതിക നേട്ടങ്ങൾ കൂടി ഉണ്ടാക്കിയിട്ടു പാർട്ടിയെ തള്ളിപ്പറയുന്ന പ്രവണത തീരെ ശരിയല്ല. പക്ഷെ അബ്ദുള്ളക്കുട്ടിയും അതു ചെയ്തു.

ഇനിയിപ്പോൾ അബ്ദുള്ളക്കുട്ടിയ്ക്കു പലവഴികളാണ്.മലപ്പുറം ഭാഗം ആയതുകൊണ്ട്‌ ലീഗിൽ ചേരാം.അതല്ല മോഡിയുടെ വീരാരാധകൻ എന്ന നിലയിൽബി.ജെ.പിയിൽ ചേർന്നാൽ അവർ രാജ്യം മുഴുവൻ കൊണ്ടു നടക്കും: ഇതാ ഒരു മുസൽമാനും ബി.ജെ.പിയിൽ ഉണ്ട് എന്നു പറഞ്ഞ്‌! പോരാത്തതിനു സി,പി.എം ഉപേക്ഷിച്ച്‌ എത്തുന്നവർ ആകുമ്പോൾ പ്രത്യേക പരിഗണന ലഭിയ്ക്കും.ദേശീയ നേതാവിന്റെ പരിവേഷവും കിട്ടും.

എന്തിനധികം ഇനി നീട്ടുന്നു.ഒന്നു കൂടി പറയാം. ചിലരെ സംബന്ധിച്ച് അവനവനു സ്ഥാനമാനങ്ങൾ ഉള്ളപ്പോൾ പാർട്ടി കൊള്ളാം.അവനു അവ നഷ്ടപ്പെടുമ്പോൾ പിന്നെ പർട്ടി മഹാമോശം.

ഇവിടെ ഒരു എം.പിയോ എം.എൽ.എയോ ഒക്കെ ആയാൽ അതു ഒരു ദിവസത്തേയ്ക്കു മാത്രം ലഭിയ്ക്കുന്ന അവസരം ആയാൽ പോലും പിന്നീട് ഒരിയ്ക്കലും അതൊന്നും ആയില്ലെങ്കിലും പഴയ എം.പിയോ എം.എൽ എയോ എന്ന നിലയി ആയുഷ്കാലം മുഴുവനുംതന്നെ സർവ്വ പ്രതാപിയായി ജീവിയ്ക്കാം എന്നിരിയ്ക്കെയാണ് പലകുറി ഉയർന്ന അവസരങ്ങൾ ലഭിച്ചാലും ചിലർ ആ ആവസരങ്ങൾ താൽക്കാലികമായെങ്കിലും നഷ്ടപ്പെടുമ്പോൾ ഹാലിളക്കം സംഭവിച്ച്‌ വേണ്ടാതീനങ്ങൾ പറഞ്ഞും പ്രവർത്തിച്ചും ഒടുവിൽ പാർടിയിൽനിന്നു തന്നെ പുറത്താക്കപ്പെടുന്നത്‌.

ഇത്തരത്തിലുള്ള അസുഖം പാര്‍ട്ടിയില്‍ വ്യാപകമാകുന്നുണ്ട്‌. തങ്ങള്‍ പ്രതീക്ഷിക്കുന്നത് കിട്ടിയില്ലെന്കില്‍ പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കുന്നവര്‍. ഇതിന് പുതി‌യ ചികിത്സാവിധികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. മോഹങ്ങള്‍ മനുഷ്യ സഹജമാണ്. പക്ഷെ വിചാരിക്കുന്നതു കിട്ടാതെ വരുമ്പോള്‍ സമനില തെറ്റുന്നതിനും ഒരു പരിധിയുണ്ട്. ഒന്നും നേടാതെ താഴെ കിടയില്‍ നിന്നു അയ്ഷ്കാലം പ്രവര്ത്തിക്കുന്ന സഖാക്കള്‍ക്ക് ഇതൊന്നും സഹിക്കാവുന്നതല്ല.

കൂട്ടത്തിൽ ഇതും കൂടിയൊക്കെ അങ്ങു പറഞ്ഞു പോയി എന്നു മാത്രം.

2 comments:

മനനം മനോമനന്‍ said...

ചിലർക്ക്‌ അങ്ങനെയാണ് പാർടിയിൽ നിന്ന്‌ എന്തെങ്കിലും ഒക്കെ നേടി കഴിയുമ്പോൾ പാർടിയെക്കാൾ വലുതായ എന്തോ ഒന്നു തന്നിൽ ഉണ്ടെന്നു തോന്നിപ്പോകും. അതാണു അബ്ദുള്ളക്കുട്ടിയ്ക്കും സംഭവിച്ചത്‌.

ആഗ്നേയന്‍ said...

ഇതിനെയൊക്കെ വളർത്തി വലുതാക്കിക്കൊണ്ടുവരുന്ന പാർട്ടിയ്ക്ക്‌ ഒടുവിൽ ഇവർ പ്രയോജനപ്പെടാതെ പോകുന്നല്ലോ എന്നോർക്കുമ്പോഴാ സങ്കടം. പാർട്ടിയുടെ തലയ്ക്കുമീതെ വളരും മുൻപേ കലിപ്പുണ്ടാക്കി പോയതും ഒരുകണക്കിനു നല്ലതുതന്നെ!