Wednesday, December 23, 2009

മദനിയ്ക്ക് തീവ്രവാദി എന്ന നിലയ്ക്കല്ലാതെ ജീവിയ്ക്കാൻ അവകാശമില്ലേ?

മദനിയ്ക്ക് തീവ്രവാദി എന്ന നിലയ്ക്കല്ലാതെ ജീവിയ്ക്കാൻ അവകാശമില്ലേ?

സൂഫിയയ്ക്കു ഉപാധികളോടെ ജാമ്യം. അതിൽ പലർക്കുമുണ്ട് നീരസം. നിയമത്തിന്റെ പരിരക്ഷ സൂഫിയ എന്ന മുസ്ലീം സ്ത്രീയ്ക്കു മാത്രമായി നിഷേധിയ്ക്കണമെന്ന നിഗൂഢമായ ആഗ്രഹം പലരുടെയും വാക്കുകൾക്കിടയിലൂടെ വായിച്ചെടുക്കാം. നിരവധി കൊടും ഭീകര കേസുകൾ നിലവിലിരിയ്ക്കെ അക്കൂട്ടത്തിൽ താരതമ്യേന ചെറുതെന്നു വേണമെങ്കിൽ വാദത്തിനു സമ്മതിയ്ക്കാവുന്ന ഒരു ബസു കത്തിയ്ക്കൽ കേസിൽ പത്താം പ്രതി മാത്രമാണ് സൂഫിയ. അതും ഗൂഢാലോചന കേസാണ് ചാർജു ചെയ്തിരിയ്ക്കുന്നത്. ഇതിലും പ്രമാദമായ പല കേസുകളിലും ബന്ധപ്പെട്ട പ്രതികൾക്ക് ജാമ്യം ലഭിക്കാറുണ്ടെന്നിരിയ്ക്കെ ഈ കേസിൽ സൂഫിയാ മദനിയ്ക്ക് ജാമ്യം ലഭിച്ചതിൽ എന്തെങ്കിലും ഒരു അസ്വാഭാവികതയുണ്ടെന്നു തോന്നുന്നില്ല. ഏതൊരു കേസിലും നിയമത്തിന്റേതായ വഴികളുണ്ട്. നിയമത്തിന്റെ ഈ വഴിയിൽ ഏതൊരു കേസിലും നിരപരാധിത്വം തെളിയിച്ച് ശിക്ഷയിൽ നിന്നു രക്ഷപ്പെടാൻ ഏതൊരു പ്രതിയും തങ്ങളെക്കൊണ്ടാകുന്നതു ചെയ്യാൻ ശ്രമിയ്ക്കും. അത് ഒരു പ്രതിയുടെ അവകാശമാണ്. കേസിൽ വിധി പറയേണ്ടത് നീതി പീഠമാണ്. ഓരോരുത്തരും അവരവർ ആഗ്രഹിയ്ക്കുന്ന രീതിയിൽ കേസും വിധികളും മുന്നോട്ടു പോകണമെന്നു വിചാരിയ്ക്കുന്നത് നീതി ബോധത്തിനു നിരക്കുന്നതല്ല. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിയ്ക്കപ്പെടരുതെന്ന ചൊല്ല് എല്ലാവരും ഓർക്കേണ്ടതാണ്.

ഇപ്പോൾ മാനസാന്തരമുണ്ടായി എന്നുള്ളതുകൊണ്ടും നിലപാടുകളും മാർഗ്ഗവും തിരുത്തിയെന്നതുകൊണ്ടും അതിനു മുൻപ് നടന്നിട്ടുള്ള കേസുകൾ വിചാരണ ചെയ്യപ്പെടരുതെന്നോ ബന്ധപ്പെട്ട കേസുകളിലെ പ്രതികൾ ശിക്ഷിയ്ക്കപ്പെടരുതെന്നോ ഇല്ല. അത് മദനിയായാലും സൂഫിയ ആയാലും മറ്റാരായാലും. പക്ഷെ മുൻ വിധികളോടെ കേസുകളെ കാണുന്നത് ഉചിതമല്ല. കുറ്റം തെളിയിക്കപ്പെട്ടാലേ ഒരാൾക്കു ശിക്ഷനൽകാൻ കഴിയൂ, അഥവാ അങ്ങനെയേ സംഭവിയ്ക്കാവൂ. എന്തായാലും ഇപ്പോൾ ഈ സൂഫിയാ കേസ് ഉൾപ്പെടെ ഭീകര വിരുദ്ധ കേസുകളിൽ എന്തൊക്കെയോ ദുരൂഹതകൾ ഉള്ളതായ തോന്നൽ ഉണ്ടാകുന്നുണ്ട്. ഈ വിവാദങ്ങൾക്കും ദുരൂഹതകൾക്കും ഇടയിൽ യഥാർത്ഥ ഭീകരവാദികൾ പലരുംരക്ഷപ്പെട്ടു പോകുമോ എന്നും സംശയിക്കേണ്ടിയിരിയ്ക്കുന്നു. കേസിനു പിന്നിൽ ദുരൂഹതകൾ ഉണ്ടെന്ന ആരോപണം മദനി പറയുന്നതുകൊണ്ടു മാത്രം തള്ളിക്കളയാൻ സാധിയ്ക്കുമോ? എന്തൊക്കെയോ അവ്യക്തതകൾ നിലനിൽക്കുന്നില്ലേ? യഥാർത്ഥ സത്യങ്ങൾ എന്നെങ്കിലും പുറത്തു വരുമെന്ന പ്രതീക്ഷയുമായി നമുക്കു കാത്തിരിയ്ക്കാം.

ജയിൽ മോചിതനായ അബ്ദുൽ നാസർ മദനി തന്റെ മുൻ നിലപാടുകളെ തള്ളിപ്പറയുകയും ആ നിലപാടുകളിൽ ഊന്നി നിന്ന് നടത്തിയ പ്രവർത്തികളിൽ പച്ഛാത്തപിയ്ക്കുകയും ചെയ്ത ആളാണ്. മദനിയിൽ കാലം വരുത്തിയ മാറ്റത്തെ അവിശ്വസിയ്ക്കേണ്ട കാര്യം എന്താണ്? മദനിയോടും അദ്ദേഹത്തിന്റെ പാർട്ടിയോടും ഇപ്പോഴും ചിലർ പുലർത്തുന്ന സമീപനവും അഭിപ്രായങ്ങളും നിരീക്ഷിയ്ക്കുമ്പോൾ മനസിലാകുന്നത് മദനി എന്ന മനുഷ്യനിൽ നന്മകൾ ഉണ്ടാകാതിരിയ്ക്കേണ്ടത് ആരുടെയോ ആവശ്യമാണെന്നാണ്. മറ്റു രാഷ്ട്രീയ നേതാക്കളിൽനിന്നും മദനിയ്ക്കുള്ള വ്യത്യാസം അദ്ദേഹം ഒരു മത പണ്ഡിതൻ കൂടുയാണ് എന്നതാണ്. ഒരു മതപണ്ഡിതൻ എന്ന നിലയിലുള്ള പ്രവർത്തനങ്ങളുടെ വഴിയിലൂടെ തന്നെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ എത്തിപ്പെട്ടതും. സ്വാഭാവികമായും മദനിയുടെ പാർട്ടി ഒരു മുസ്ലീം മതകക്ഷി എന്ന നിലയ്ക്കുള്ളതല്ലെങ്കിലും അദ്ദേഹത്തിന്റെ അനുയായികളിൽ കൂടുതലും മുസ്ലിം സമുദായത്തി പെട്ടവരാണ്. മദനി ഒരു മതപണ്ഡിതൻ കൂടിയായതിനാൽ രാഷ്ട്രീയമായി പി.ഡി.പി ക്കാരല്ലാത്ത നല്ലൊരു വിഭാഗംമുസ്ലിങ്ങൾക്കും മദനിയോട് സ്നേഹബഹുമാനങ്ങൾ പണ്ടത്തെ പോലെ ഇപ്പോഴുമുണ്ട്. മദനിയുടെ ആഹ്വാനങ്ങൾ ചെവിക്കൊള്ളുന്നവർ പി.ഡി.പിക്കാരായ മുസ്ലീങ്ങൾ മാത്രമല്ല. അല്ലാത്തവരും അദ്ദേഹത്തിന്റെ വാക്കുകൾക്ക് വിലകല്പിച്ചെന്നിരിയ്ക്കാം. അതൊക്കെ മനസിലാക്കിയിട്ടു തന്നെയാണ് ഒരു വിഭാഗം ആളുകൾ മദനിയെ നല്ലൊരു ഇമേജിൽ കാണുവാൻ ആഗ്രഹിയ്ക്കാത്തത്.

അബ്ദുൽ നാസർ മദനി വെറുക്കപ്പെടുന്നവനും രാജ്യദ്രോഹിയുമായി എന്നും ജീവിച്ചു കൊള്ളണമെന്ന് ശാഠ്യം പിടിക്കുന്നവരുടെ മൻസിലിരിപ്പ് പലതാണ്. അതിൽ പ്രധാനം മദനിയെ പോലുള്ളവർ തീവ്രവാദവും ഭീകരപ്രവർത്തനങ്ങളും നടത്തിയാലെ ഒരു സമുദായത്തെ മൊത്തമായും ഭീകരവാദികളായും രാജ്യദ്രോഹികളായും ചിത്രീകരിയ്ക്കാൻ കഴിയൂ. അതിനു ചില മതേതര കക്ഷികളും സഹായിക്കുന്നു എന്നത് കൂടുതൽ ദൌർഭാഗ്യകരം തന്നെ. എന്നാൽ ഇനി മദനിയെ അതിനൊന്നും കിട്ടില്ലെന്ന് ജയിൽ മോചിതനായ മദനിയുടെ ഓരോ വാക്കിൽനിന്നും പ്രവൃത്തിയിൽനിന്നും ആർക്കും മനസിലാക്കാവുന്നതാണ്. അതില്പിന്നെ ഇതുവരെ അതിനു വിരുദ്ധമായ ഒരു സമീപനം പ്രകടമാകുന്ന അഭിപ്രായങ്ങളോ പ്രവൃത്തനങ്ങളോ മദനിയുടെയോ പി.ഡി.പിയുടെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പക്ഷെ മദനിയെയും പി.ഡി.പിയെയും സമാധാനത്തിലും മതേതത്വത്തിലും അധിഷ്ഠിതമായി ജീവിയ്ക്കാൻ അനുവദിയ്ക്കില്ലെന്നുവച്ചാലോ? എന്തു കൊണ്ട് മദനിയുടെ വാക്കുകൾ വിശ്വാസത്തിലെടുത്തു കൂട? കാത്തിരുന്നു കാണാൻ എന്തുകൊണ്ട് അല്പം ക്ഷമ കാണിച്ചുകൂട?

എന്താ, തീഷ്ണമായ അനുഭവങ്ങളിൽ നിന്നും സ്ഫുടം ചെയ്തെടുക്കപ്പെട്ട അബ്ദുൽ നാസർ മദനി എന്ന മനുഷ്യൻ ഈ ഇന്ത്യാ മഹാരാജ്യത്ത് ഒരു മതമൌലികവാദിയും തീവ്രവാദിയും എന്ന നിലയ്ക്കല്ലാതെ ജീവിയ്ക്കുവാൻ അവകാശമില്ലെന്നുണ്ടോ? ഒരു തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനെയും ഇടതുമുന്നണിയെയും പിന്തുണച്ചതിലുള്ള നീരസം മനസ്സിൽ വച്ച് മാനസാന്തരപ്പെട്ട ഒരു മനുഷ്യനെ ഇമ്മാതിരി ആവർത്തിച്ചു പീഡിപ്പിച്ചു പീഡിപ്പിച്ച് വീണ്ടുമൊരു തീവ്രവാദിയാക്കുമോ? കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ മദനിയും പി.ഡി.പിയും യു.ഡി.എഫിനെ പിന്തുണച്ചിരുന്നെങ്കിൽ മദനിയും തന്റെ പാർട്ടിയും ഇത്തരത്തിൽ വേട്ടയാടപ്പെടുമായിരുന്നോ? എന്തിന് ബി.ജെ.പികാർ പോലും ഇത്രയ്ക്ക് ശത്രുതാപരമായ ഒരു നിലപാട്‌ മദനിയോടും സൂഫിയയോടും പി.ഡി.പിയോടും സ്വീകരിയ്ക്കുമായിരുന്നോ? മദനി തീവ്രവാദി ആയിത്തന്നെ ജീവിച്ചുകൊള്ളണമെന്നത് ആരുടെ ദുശാഠ്യമാണ്? അത് ആരുടെ, ആരുടെയൊക്കെ ആവശ്യമാണ്? അതിനുള്ള ഉത്തരങ്ങൾ ഇതിനകം വ്യക്തമല്ലേ? കണ്ണടച്ചിരുട്ടാക്കുന്നവർക്ക് അതൊന്നും വ്യക്തമാകില്ല!

1 comment:

കാട്ടിപ്പരുത്തി said...

നിങ്ങളിലൊരാൾ മാനസാന്തരം വന്ന് ഈ ശിശുവിനെപ്പോലെ ആയിതീരും വരെ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല-
യേശുകൃസ്തു,