Thursday, March 19, 2009

സി.പി.എം ഓഫീസിൽ പ്രാർത്ഥനായോഗം

ഒറീസയിൽ സി.പി.എം ഓഫീസിൽ ക്രിസ്ത്യാനികളുടെ പ്രാർത്ഥനായോഗം.കമ്മ്യൂണിസ്റ്റുകാർ മതത്തിന്റെ ശത്രുക്കൾ എന്നു പ്രചരിപ്പിയ്ക്കുന്നവർ ഇക്കാര്യം ശ്രദ്ധിയ്ക്കണം. ഇവിടെ ക്രിസ്ത്യാനികളിൽ തന്നെ ഒരു വിഭാഗം മതത്തിന്റെ അന്തകരാണ് കമ്മ്യൂണിസ്റ്റുകൾ എന്നു പ്രചരിപ്പിയ്ക്കുന്നുണ്ട്‌.

ഈയിടെ കേരളത്തിലെ ഒരു കത്തോലിക്കാ സഭാമേലധ്യക്ഷൻ സൂസോപാക്യം പറഞ്ഞതും ഓർമ്മയുണ്ടാകുമല്ലോ. വിശ്വാസികളെ സി.പി.എമ്മിനെതിരെ ഇളക്കി വിടുന്ന വാചകങ്ങളാണ് അദ്ദേഹം എഴുന്നള്ളിച്ചത്. ഒന്നുമല്ലെങ്കിലും കേരളം ഒരു ഒറീസയും ഗുജറാത്തുമൊന്നും ആകാതിരിയ്ക്കുന്നതിൽ ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാരുടെ സാന്നിധ്യം ഒരനുഗ്രഹമാകുന്നുണ്ടെന്ന സത്യമെങ്കിലും മനസിലാക്കാനുള്ള വിവേകം പല മത മേലധ്യക്ഷന്മാർക്കും ഇല്ലാതെ പോയി.

ന്യൂനപക്ഷ സംരക്ഷണത്തെ ന്യൂന പക്ഷ പ്രീണനം എന്നാണ് ന്യൂനപക്ഷ വിരുദ്ധർ വിശേഷിപ്പിയ്ക്കുന്നത്‌. എന്നു വച്ചാൽ വോട്ടു കിട്ടാനുള്ള അടവെന്ന്‌. ഒറീസയിൽ ക്രിസ്ത്യാനികളെ പ്രീണിപ്പിച്ചാൽ എത്ര വോട്ടു കിട്ടും? ഒരു തെരഞ്ഞെടുപ്പ്ഫലത്തെ സ്വാധീനിയ്ക്കാൻ മാത്രം ഉള്ള ക്രിസ്ത്യാ‍നികളൊന്നും ഒറീസയിൽ ഇല്ല. സി.പി.എം അവിടെ വലിയൊരു ശക്തിയുമില്ല.

മാത്രവുമല്ല ക്രിസ്ത്യനികളെ സഹായിക്കുക വഴി അവിടുത്തെ ഭൂരിപക്ഷമായ ഹിന്ദുക്കളിൽ ഒരു പങ്കിന്റെ അപ്രീതിയ്ക്കു പാർടി പാത്രീഭവിയ്ക്കുകയും ചെയ്യും.പോരാത്തതിനു അവിടുത്തെ സ്ഥിതി വച്ച്‌ ന്യൂനപക്ഷത്തെ സംരക്ഷിയ്ക്കുന്നു എന്നു പറഞ്ഞ്‌ ഹിന്ദു വർഗീയവാദികളുടെ ആക്രമണം ഏൽക്കാനും ഇടവരാം.എന്നിട്ടും അവിടുത്തെ കൊച്ചു സി.പി.എം തങ്ങളെക്കൊണ്ട്‌ ഒക്കുന്ന പ്രതിരോധങ്ങൾ വർഗീയവാദികൾക്കെതിരെ നടത്തുന്നു എന്നുള്ളതാണ്.

പക്ഷെ ഇതൊന്നും കാണാനുള്ള കാഴ്ച ശക്തിയൊന്നും ഇവിടുത്തെ പല മതന്യൂനപക്ഷ മതമേലധ്യക്ഷന്മാർക്കും ഇല്ലാതെ പോയി. കണ്ടറിയാത്തതും കേട്ടറിയാത്തതും ഒറീസയിലെയും ഗുജറാത്തിലെയും മറ്റും മാതിരി കൊണ്ടറിയുമ്പോഴെങ്കിലും പഠിയ്ക്കുമോ ആവോ! കൊണ്ടറിയാനുള്ള സാധ്യതകൾ തള്ളിക്കളയാനും ആകില്ലല്ലോ.

ഒറീസയിൽ ക്രിസ്തീയ പ്രാർത്ഥനയ്ക്കു സി.പി.എം ഓഫീസ് വേദിയായതിനെക്കുറിച്ചുള്ള ദേശാഭിമാനി വാ‍ർത്തകൂടി ഇവിടെ കൊടുക്കുന്നു.


ക്രൈസ്തവര്‍ക്ക് പ്രാര്‍ഥനാലയം സിപിഐ എം ഓഫീസ്

എന്‍ എസ് സജിത്


ഭുവനേശ്വര്‍: സാമ്യബാദി ഭവന്‍ ഞായറാഴ്ചകളില്‍ ഉണര്‍ന്ന് സജീവമാകുന്നത് ക്രിസ്തീയ ഭക്തിഗാനങ്ങളുടെ അലയൊലിയോടെയാണ്. അസംബ്ളി ഓ മൌണ്ട് സിയോ എന്ന ക്രിസ്ത്യന്‍ പ്രാര്‍ഥനാ സംഘമാണ് പുലര്‍ച്ചെ ആഴ്ചപ്രാര്‍ഥനക്കായി ഇവിടെയെത്തുന്നത്്. ഒറീസയിലെ സിപിഐ എം സംസ്ഥാനകമ്മിറ്റി ഓഫീസാണ് സാമ്യബാദി ഭവന്‍. പാര്‍ടി സംസ്ഥാനകമ്മിറ്റിയോഗവും മറ്റ് പ്രധാന പരിപാടികളും നടക്കുന്ന കോഫറന്‍സ് ഹാളില്‍ എ കെ ജിയുടെയും ഇ എം എസിന്റെയും ഛായാപടങ്ങള്‍ക്കു കീഴെ ഗിത്താറും ഡ്രമ്മുമൊക്കെയായി ഇവര്‍ പാടുന്നു.

ഉച്ചവരെ ഇവര്‍ പാടിയും പ്രാര്‍ഥിച്ചും മടങ്ങിയാല്‍ പിന്നെ മറ്റൊരു പ്രാര്‍ഥനാ സംഘത്തിന്റെ ഊഴമാണ്. ഫുല്‍ബാനിലെ ഗവമെന്റ് കോളേജിലെ അധ്യാപകന്‍ രഞ്ജന്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള പ്രൊട്ടസ്റ്റന്റ് പ്രാര്‍ഥനാ സംഘമാണ് ഒരു മണിമുതല്‍ അഞ്ചുമണിവരെ ഈ കോഫറന്‍സ് ഹാള്‍ ഉപയോഗിക്കുക. സംഘപരിവാറിന്റെ ക്രൂരതാണ്ഡവത്തിന് ഇരയായ ഒറീസയിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷം സിപിഐ എമ്മിനെ എങ്ങനെ കാണുന്നുവെന്നതിന്റെ തെളിവാണ് പാര്‍ടി ഓഫീസിലെ പ്രാര്‍ഥനായോഗങ്ങള്‍.

കന്ദമലില്‍ രണ്ടുതവണയായുണ്ടായ അതിക്രമങ്ങള്‍ക്കുശേഷം ഒറീസയില്‍ പലയിടത്തും പ്രാര്‍ഥനായോഗങ്ങള്‍ നടത്താന്‍ ഇത്തരം ഗ്രൂപ്പുകള്‍ക്ക് ഭയമായിരുന്നു. അക്രമം ഭയന്ന് ഓഡിറ്റോറിയം ഉടമകള്‍ പെന്തക്കോസ്ത്, പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ക്ക് ഹാളുകള്‍ അനുവദിച്ചിരുന്നുമില്ല. ഏറ്റവും സുരക്ഷിതമായ ഇടമാണ് സാമ്യബാദിഭവന്‍ എന്നു മനസ്സിലാക്കിയാണ് ഈ കോഫറന്‍സ് ഹാള്‍ അനുവദിക്കണമെന്ന് സിപിഐ എം നേതാക്കളോട് അഭ്യര്‍ഥിച്ചതെന്ന് അസംബ്ളി ഓഫ് മൌണ്ട് സിയോണിന്റെ സ്ഥാപകന്‍ സന്ത് സനാതന്‍ മൊഹന്തിയും രഞ്ജന്‍ നായിക്കും പറഞ്ഞു.

കഴിഞ്ഞ ആഗസ്തില്‍ കന്ദമലിലും ഫുല്‍ബാനിയിലും ഹിന്ദു തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായി വീടുനഷ്ടപ്പെട്ട് ഭുവനേശ്വറിലും പരിസരപ്രദേശങ്ങളിലും അഭയാര്‍ഥികളായി എത്തിയവരാണ് ഈ പ്രാര്‍ഥനാസംഘങ്ങളിലുള്ളത്. ഭുവനേശ്വറിലെ ക്യാമ്പുകളില്‍ കഴിയുന്ന ഇവരില്‍ പലരുടെയും ഉറ്റവര്‍ കൊല്ലപ്പെട്ടതാണ്. മിക്കവരുടെയും വീടുകള്‍ നശിപ്പിക്കപ്പെട്ടു. എല്ലാ നഷ്ടപ്പെട്ട ഇവര്‍ അനുഭവിക്കുന്ന കഠിനമായ മാനസികവ്യഥ മനോവിഭ്രാന്തിയിലേക്ക് വഴുതാതിരിക്കാന്‍ വേണ്ടിയാണ് ് പ്രാര്‍ഥന നടത്തുന്നതെന്ന് രഞ്ജന്‍ നായിക് പറഞ്ഞു. ഇതിന് സിപിഐ എം നല്‍കുന്ന സഹായത്തെ അങ്ങേയറ്റം വിലമതിക്കുന്നു. കന്ദമല്‍ അടക്കമുള്ള വിഷയങ്ങളില്‍ സിപിഐ എം സ്വീകരിച്ച നിലപാടുകളാണ,് പാര്‍ടി നേതാക്കളെ സമീപിച്ച് ഹാള്‍ വിട്ടുതരണമെന്ന് ആവശ്യപ്പെടാന്‍ പ്രേരിപ്പിച്ചത്.

കന്ദമലിലെ ഇരകള്‍ക്ക് നീതികിട്ടാന്‍ പ്രയത്നിച്ചതും കുറ്റവാളികളെ ശിക്ഷിക്കാന്‍ ആവശ്യപ്പെടുന്നതും സിപിഐ എം ആണ്. ഒറീസയില്‍ ചെറിയ പാര്‍ടിയാണെങ്കിലും നിലപാടുകള്‍കൊണ്ട് സിപിഐ എം വേറിട്ടുനില്‍ക്കുന്നു. കോഗ്രസില്‍നിന്ന് പ്രതീക്ഷിച്ചതൊന്നും തങ്ങള്‍ക്ക് ലഭിച്ചില്ല. കേന്ദ്രത്തില്‍ അധികാരമുണ്ടായിട്ടും ഒറീസയില്‍ ക്രിസ്ത്യാനികളെ സഹായിക്കാന്‍ കോഗ്രസിന് കഴിഞ്ഞോ? അവര്‍ തങ്ങള്‍ക്ക് ഒന്നും ചെയ്തില്ല. ക്രിസ്ത്യാനികള്‍ക്ക് കോഗ്രസില്‍ വിശ്വാസം നഷ്ടപ്പെട്ടു. കൊല്ലം സ്വദേശിയായ ഭാര്യ മിനി ചാക്കോയില്‍നിന്ന് വശമാക്കിയ മലയാളത്തില്‍ നായിക് പറഞ്ഞു.

കമ്യൂണിസ്റ്റുപാര്‍ടിയുടെ ആസ്ഥാനത്ത് ഇങ്ങനെ പ്രാര്‍ഥനായോഗം നടത്തുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് ആരാഞ്ഞപ്പോള്‍ അസംബ്ളി ഓ മൌണ്ട് സിയോണിന്റെ തലവന്‍ സന്ത് സനാതന്‍ മൊഹന്തിയുടെ മറുപടി പെട്ടെന്നായിരുന്നു: "കമ്യൂണിസ്റ്റുകാര്‍ ഉള്ളിടത്ത് ക്രിസ്ത്യാനികള്‍ക്കുനേരെ കൈയോങ്ങുന്നവര്‍ രണ്ടുവട്ടം ആലോചിക്കും'' സിപിഐ എം എപ്പോഴും ന്യുനപക്ഷങ്ങള്‍ക്കുവേണ്ടിയാണ് വാദിച്ചത്. പ്രാര്‍ഥനായോഗം നടത്താന്‍ ഒരു വര്‍ഷത്തേക്ക് ഹാള്‍ ആവശ്യപ്പെട്ട ഞങ്ങളെ നേതാക്കള്‍ സ്നേഹത്തോടെ സ്വാഗതംചെയ്യുകയായിരുന്നു. ബിജെഡി-ഇടതുപക്ഷ കൂട്ടുകെട്ട് ഒറീസയ്ക്ക് ആശ്വാസമേകുമെന്നും അദ്ദേഹം പറഞ്ഞു.

3 comments:

കടത്തുകാരന്‍/kadathukaaran said...

കൃസ്ത്യാനികളും മുസ്ലീംകളുമടക്കമുള്ള ന്യൂനപക്ഷങ്ങളെ പാര്‍റ്റിയുമായി അടുപ്പിക്കാനുള്ള അടവുനയങ്ങള്‍ സ്വീകരിക്കുവാനുള്ള അവസരവാദനയം പ്രയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യം അതാത് ഘടകങ്ങള്‍ക്ക് സി പി എം കൊടുത്തിട്ടുണ്ട്. ന്യ്യൂനപക്ഷ പ്രീണനത്തിന്‍റെ ഭാഗമായി നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ മദനിയെ രാജ്യദ്രോഹ കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതു വരെ എത്തിയിരിക്കുന്നു. ന്യൂന പക്ഷങ്ങളെ ഈ വിധം പാര്‍ട്ടിയോട് അടുക്കുന്നത് വരേയും അറ്റ്ലീസ്റ്റ് സി പി എമ്മിന്‍ വോട്ട് ചെയ്യാനുള്ള അറപ്പ് തീരും വരേയും+ ഇത് തുടരുകയും അധികാരത്തില്‍ വന്നാലുടന്‍ കേരളത്തില്‍ ചെയ്തതുപോലെ ബംഗാളില്‍ ചെയ്തതു പോലെ അവരെ പീഡിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും അവരുടേ മേല്‍ കുതിരകയറുകയും ചെയ്യുക എന്ന വര്‍ഗ്ഗീയ നയവുമാണ്‍ സി പി എമ്മിനുള്ളത്. ഇതിന്‍റെയൊക്കെ ഭാഗമാണ്‍ മുസ്ലീം ലീഗ് പിഡിപ്പിയേക്കാള്‍ എ പി വിഭാഗത്തേക്കാള്‍ വര്‍ഗ്ഗീയമാകുന്നത്, അങ്ങനെ ഒരു ജ്വല്‍പനം കാരാറ്റ് നടത്തുന്നതിനു മുമ്പ് ചന്ദ്രചൂഡനോടെങ്കിലും സംശയ നിവാരണം ചെയ്യാമായിരുന്നു. കാരാറ്റ് ഇനി ഇന്ത്യയിലാകമാനം നടന്ന് കുദാശകളും മുസ്ലീമകള്‍ക്ക് വേണ്ട് സുന്നത്ത്‌കല്ല്യാണവും നടത്തിക്കൊടുക്കുന്ന കാലം അതിവിദൂരമല്ല. ഫാദര്‍ കാരാട്ടിനെ ദൈവം രക്ഷിക്കട്ടെ സിന്ധുജോയിയേയും.

മനനം മനോമനന്‍ said...

അവിടെ ആ സിന്ധു ജോയ് പ്രയോഗം മനസ്സിലായില്ലല്ലോ കടത്തേ

പിന്നെ സി.പി.എം മാത്രം ഒരു അടവുനയവും സ്വീകരിച്ചുകൂട, ആരുടെ വോട്ടും നേടിക്കൂട. അതാണല്ലോ നിയമം. ബി.ജെ.പി അബ്ദുൽഖലാമിനെ പ്രസിടന്റാക്കിയത്‌ അദ്ദേഹം മിസൈലുണ്ടാക്കിയതു കൊണ്ടാണ്. അല്ലാതെ അടവൊന്നുമല്ല. ഹഹഹ.

ഒരിയ്ക്കൽ വർഗ്ഗീയവാദിയായിരുന്നവൻ അതുപേക്ഷിയ്ക്കാൻ തയ്യാറായാലും അത്‌ അംഗീകരിയ്ക്കരുത്‌. അവൻ വർഗീയ വാദിയായി തന്നെ തുടരണം.ഓറീസയിൽ നവീൻപട്‌നായിക്ക് ബി.ജെ.പി സഖ്യം ഉപേക്ഷിയ്ക്കരുതായിരുന്നു.ഉപേക്ഷിച്ചാൽ തന്നെ സി.പി.എം അംഗീകരിയ്ക്കരുത്‌. അതാണല്ലോ നിയമം.

ആദ്യം പ്രീണിപ്പിയ്ക്കും,പിന്നെ പീഡിപ്പിയ്ക്കും എന്നാണല്ലോ കടത്തിന്റെ ആരോപണം.കണ്ണടച്ചാൽ ഇരുട്ടാകില്ലല്ലോ കടത്തുകാരാ‍. മാർക്സിസ്റ്റുപാർട്ടിക്കെതിരെ വീണുകിട്ടുന്ന ഏതെങ്കിലും ഒട്ടപ്പെട്ട തോ, വസ്തുതകളില്ലാത്തതോ ആയ ഒരു വിഷയം കിട്ടിയാൽ അത്‌ എടുത്തു മറ്റുള്ളവർ ചെയ്യുന്ന സകല ക്രൂരതകളെയും മൂടിവയ്ക്കുന്ന അടവു നയം ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ.

സുഹ്ര്‌ത്തേ പ്രീണനം പീഡനം ഇവ അവിടെ നിൽക്കട്ടെ. ആപത്തിൽ‌പ്പെട്ടവനു അഭയം അരുളുന്നതു തെറ്റോ ശരിയോ എന്നു സമ്മതിച്ചിട്ടു കാടു കയറി വിമർശിയ്ക്കുക.

ഞങ്ങൾ മാർക്സിസ്റ്റുകൾ പാവങ്ങൾ കൊള്ളരുതാത്തവർ തന്നെ.കൊള്ളാവുന്ന മോഡിമാരും, വരുൺഗാന്ധിമാരും, മന്മോഹന്മാരും തൊഗാഡിയമാരും കുഞ്ഞാലിക്കുട്ടി, ഇ.അഹമ്മദുമാരും ഉള്ളപ്പോൾ ഉൾക്കണ്ഠയ്ക്കു അവകാശം ഇല്ലല്ലോ.

ഞങ്ങൾ വല്ലവരേയുമൊക്കെ പ്രീണിപ്പിച്ചും പിന്നെ പീഡിപ്പിച്ചും ഒക്കെ ഈ ‘ഹിന്ദു രാഷ്ട്ര‘ ത്തിന്റെ ഒരു മൂലയിൽ അങ്ങു കഴ്ഞ്ഞോളാമേ.

കുഞ്ഞിക്കുട്ടന്‍ said...

http://www.mathrubhumi.com/php/newFrm.php?news_id=1217183&n_type=NE&category_id=3&Farc=&previous=

paavam alle ........


naanamillathavante evideyo ento vannal............